അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ 14 ദിനങ്ങൾ പിന്നിടുമ്പോൾ രാജ്യമൊട്ടാകെ 20,051 കോവിഡ് കേസുകൾ സ്ഥിതീകരിച്ചു. കഴിഞ്ഞദിവസം 21,363 പേർക്കായിരുന്നു രോഗം ബാധിച്ചിട്ടുണ്ടായിരുന്നത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ വന്നിട്ടുള്ള നേരിയ കുറവ് ആശ്വാസ ജനകമാണെന്ന് ആരോഗ്യ വിദഗ്ധർ കരുതുന്നു. എന്നാൽ മരണ സംഖ്യയുടെ എണ്ണത്തിൽ 12.4 ശതമാനം കൂടുതലാണ് ഉണ്ടായിരിക്കുന്നത്. ഒരാഴ്ച്ച മുൻപുള്ള സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോഴുള്ള കണക്കുകളാണ് ഇത്. ഇന്നലെ യുകെയിൽ 598 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതുവരെ യുകെയിൽ ഗവൺമെൻറ് കണക്കുകൾ പ്രകാരം 52,745 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. എങ്കിലും അനൗദ്യോഗിക കണക്കുകൾ പ്രകാരം 68,000 കൂടുതൽ മരണങ്ങൾക്ക് കോവിഡ്-19 കാരണമായിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്.

നാഷണൽ സ്റ്റാറ്റസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 ശതമാനം വർദ്ധനവാണ് ഇംഗ്ലണ്ടിലും വെയിൽസിലും കോവിഡ് മരണങ്ങളിൽ നവംബർ ആദ്യവാരത്തിൽ ഉണ്ടായിരിക്കുന്നത്. അതായത് ഓരോ ആറ് മരണങ്ങളിൽ ഒന്ന് കോവിഡ് ബാധയുടെ പരിണിതഫലമാണ് എന്നാണ് കരുതപ്പെടുന്നത്. ലോക്ക്ഡൗൺ അവസാനിച്ചാലും കർശന നിയന്ത്രണങ്ങൾ നിലനിർത്തിയുള്ള 4 ടയർ സിസ്റ്റം ഇംഗ്ലണ്ടിൽ തുടരാൻ മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം ഗവൺമെൻറ് നിർബന്ധിതരായേക്കാം എന്ന് കരുതപ്പെടുന്നു. കർശന നിയന്ത്രണങ്ങൾ തുടരുന്നത് ക്രിസ്മസ് ആഘോഷങ്ങളെയും ആളുകളുടെ ഒത്തുചേരലുകളെയും പുനസമാഗമങ്ങളെയും പ്രതികൂലമായി ബാധിക്കും എന്ന ആശങ്കയിലാണ് ജനങ്ങൾ.

കെയർ ഹോമുകളിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവരെ ക്രിസ്മസ് കാലത്ത് കാണാനുള്ള അവസരമൊരുക്കണമെന്ന് യുകെയിലുടനീളം ആവശ്യങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്. ഇതിനായി വരുംനാളുകളിൽ വ്യാപകമായി കെയർ ഹോമുകളിലെ അന്തേവാസികൾക്കും സന്ദർശനം ആഗ്രഹിക്കുന്ന ബന്ധുക്കൾക്കും കോവിഡ് ടെസ്റ്റ് നടത്തി രോഗ ബാധിതരല്ല എന്ന് ഉറപ്പാക്കേണ്ടതായി വരും. ഡിസംബർ രണ്ടിന് ദേശീയ നിയന്ത്രണങ്ങൾ നീക്കിയാലും പ്രാദേശിക നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുവാനുള്ള സാധ്യതയെക്കുറിച്ച് ഹൗസിംഗ് സെക്രട്ടറി റോബർട്ട് ജനറിക് സൂചന നൽകി. രോഗബാധയുടെ തോത് അനുസരിച്ച് ചില സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം കൊണ്ടുവരുന്നതിന് പകരം ഒരു പ്രദേശത്തെ മൊത്തം ഉൾപ്പെടുത്തി രോഗത്തെ വരുതിയിലാക്കാനാവും ലോക്ക്ഡൗണിന് ശേഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ ഉടനെ എത്തിയാലും എത്രമാത്രം ജനങ്ങൾക്ക് അതെ വിതരണം ചെയ്യാനാവും തുടങ്ങിയ കാര്യങ്ങളിൽ അനിശ്ചിതത്വം തുടരുകയാണ്. ഫൈസർ വാക്സിൻ 30 ദശലക്ഷവും മോഡേണ വാക്‌സിൻ 5 ദശലക്ഷം ഡോസും ലഭിക്കാനായി യുകെ കരാർ ഒപ്പിട്ടിരുന്നു. വാക്‌സിൻ എത്തിയാലും ജീവൻെറ വിലയുള്ള ജാഗ്രതയാണ് ജനങ്ങൾ പുലർത്തേണ്ടത് എന്ന് ആരോഗ്യപ്രവർത്തകർ ഓർമിപ്പിക്കുന്നു.