ക്രിപ്‌റ്റോകറന്‍സികള്‍ വളരെ വേഗത്തില്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ അവ സുരക്ഷിതമായി നിക്ഷേപിക്കാന്‍ കണ്ടെത്തിയിരിക്കുന്നത് റിയല്‍ എസ്‌റ്റേറ്റിലാണെന്നതാണ് വാസ്തവം. ഭൂരിപക്ഷം ക്രിപ്‌റ്റോകറന്‍സികളും അണ്‍റെഗുലേറ്റഡ് ആണെന്നതിനാല്‍ വസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് അതില്‍ താല്‍പര്യം വര്‍ദ്ധിച്ചു വരികയുമാണ്. അടുത്തിടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വലിയ തോതില്‍ ഉയര്‍ന്നതോടെ നിരവധി പേരാണ് ലക്ഷപ്രഭുക്കളായത്.

ഇത്തരത്തില്‍ ലഭിച്ച പണം നിക്ഷേപിക്കാന്‍ മൂല്യം കുറയാത്ത നിക്ഷേപം എന്ന നിലയിലാണ് പലരും റിയല്‍ എസ്റ്റേറ്റിനെ സമീപിക്കുന്നത്. ലോസാന്‍ജലസ് സ്വദേശിയായ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ടോണി ജിയോര്‍ദാനോ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റിലേക്ക് മാറ്റുന്നതില്‍ മാര്‍ഗദര്‍ശനം നല്‍കുന്നു. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളെക്കുറിച്ച് മറ്റുള്ള ഏജന്റുമാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പാഠങ്ങളും നല്‍കി വരികയാണ് ഇയാള്‍. ഒട്ടേറെ വീടുകളും വസ്തുക്കളും ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെ താന്‍ ചെയ്തു കഴിഞ്ഞതായി ജിയോര്‍ദാനോ പറഞ്ഞു.

ഹൈ എന്‍ഡ് റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങുന്നവര്‍ പലരും നികുതികളെയാണ് ഭയക്കുന്നത്. ഇത്തരം ഇടപാടുകാര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുകയാണ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നാണ് ജിയോര്‍ദാനോ പറയുന്നത്. ഈ സാധ്യതകള്‍ ബയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇടപാടുകാര്‍ക്കായി അഞ്ച് ടിപ്പുകളും ജിയോര്‍ദാനോ നല്‍കുന്നു.

$ റിസര്‍ച്ച്: ക്രിപ്‌റ്റോകറന്‍സികളേക്കുറിച്ചുള്ള ജ്ഞാനം പ്രധാനമാണ്. ഇത് ഏതു വിധത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് മനസിലാക്കാന്‍ യൂട്യൂബ് വീഡിയോകളും മറ്റും ലഭ്യമാണ്.

$ മനസിലാക്കല്‍: ക്രിപ്‌റ്റോകറന്‍സികളിലുള്ള നിക്ഷേപേത്തേക്കുറിച്ച് ആദ്യം ചിന്തിക്കാതിരിക്കുക. സാധാരണ കറന്‍സികളേപ്പോലെ തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു കറന്‍സി തന്നെയാണ് ഇതെന്ന് മനസിലാക്കുക.

$ വിദഗ്ദ്ധനെ സമീപിക്കുക: തങ്ങളുടെ ക്രിപ്‌റ്റോകറന്‍സിയില്‍ വാങ്ങാന്‍ സമീപിക്കുന്നയാള്‍ ഈ മേഖലയില്‍ പരിചയമുള്ളയാളാണെന്ന് മനസിലാക്കാന്‍ വിദഗ്ദ്ധരുടെ സഹായം സ്വീകരിക്കാം.

$ പരിശീലനം: കോയിന്‍ബേസ് പോലെയുള്ള ക്രിപ്‌റ്റോകറന്‍സി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് പരിശീലിക്കുക. 20 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി വാങ്ങി അത് എക്‌സ്‌ചേഞ്ചിലൂടെ പണമാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് മനസിലാക്കാവുന്നതാണ്.

$ ഓരോ ചലനവും മനസിലാക്കുക: ക്രിപ്‌റ്റോകറന്‍സി രംഗത്തെ ഓരോ ചലനവും മനസിലാക്കുക. ബിറ്റ്‌കോയിന്‍ മാത്രമല്ല, പ്രധാന കറന്‍സികളായ ബിറ്റ്‌കോയിന്‍ ക്യാഷ്, എതീറിയം, ക്രിപ്റ്റോ കാര്‍ബണ്‍, ലൈറ്റ് കോയിന്‍, റിപ്പിള്‍ എന്നിവയേക്കുറിച്ചുമുള്ള അറിവുകള്‍ സമ്പാദിക്കുക.