‘രണ്ടു തെറിച്ച മുലകളും കാലുകൾക്കിടയിലൊരു തുരങ്കവും’ പിഞ്ചു ബാലിക ക്രൂര പീഡനത്തിന് ഇടയായി കൊല്ലപ്പെട്ട സംഭവം, ജലീഷ ഉസ്മാന്റെ വരികൾ വൈറൽ ആകുന്നു

by News Desk 6 | October 1, 2017 7:37 am

ഏഴു വയസുള്ള കുട്ടി ക്രൂരമായി  പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ട സംഭവത്തില്‍ രോഷം പ്രകടിപ്പിച്ച് ജലിഷ ഉസ്മാന്‍ എഴുതിയ കവിത സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. ”രണ്ട് തെറിച്ച മുലകളും കാലുകള്‍ക്കിടയിലൊരു തുരങ്കവുമുണ്ടായിട്ടും ഇത്രയും കാലം ഭൂമിയില്‍ ജീവന്‍ അനുവദിച്ചതിന് എത്ര പേരോടാണ് ഓരോ പെണ്ണും നന്ദി പറയേണ്ടത്? എന്നു തുടങ്ങുന്ന കവിത സമൂഹത്തില്‍ സ്ത്രീ നേരിടുന്ന അരക്ഷിതാവസ്ഥയുടെ ഭീകരത ഓര്‍മപ്പെടുത്തുന്നു.
കൊല്ലം ജില്ലയില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട പെണ്‍കുഞ്ഞാണ് തന്റെ വരികള്‍ക്ക് പ്രചോദനമായെതെന്ന് ജലിഷ പറയുന്നു.

വയനാട് സ്വദേശിനിയായ ജലിഷ ഇപ്പോള്‍ ജര്‍മ്മനിയില്‍ ക്വാണ്ടിറ്റേറ്റീവ് ബയോളജിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേഴ്‌സിറ്റിയില്‍ ഗസ്റ്റ് ലക്ചററായും ജോലി ചെയ്തിട്ടുണ്ട്. വിവാഹിതയായ അവര്‍ കടിഞ്ഞൂല്‍ കണ്‍മണിയുടെ വരവും കാത്തിരിക്കുകയാണ്. അതുകൊണ്ടുന്നെ ഒരമ്മയുടെ ആശങ്കകള്‍ കൂടിയാണ് വിമ്മിഷ്ടം എന്ന തലക്കെട്ടോടുകൂടിജലിഷ പങ്കുവയ്ക്കുന്നത്.

കടപ്പാട് : ജലീഷ ഉസ്മാൻ 

വിമ്മിഷ്ടം……

രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇത്രയും കാലം ഭൂമിയിൽ
ജീവൻ അനുവദിച്ചു തന്നതിന്
എത്ര പേരോടാണ്
ഓരോ പെണ്ണും
നന്ദി പറയേണ്ടത്!

മുലഞെട്ട് തിരഞ്ഞ
ഇളം ചുണ്ടിലേക്ക് വച്ചുതന്ന
കൊഴുത്ത ലിംഗം
അണ്ണാക്കിലേക്ക്
ആഴ്ത്താതിരുന്നതിന്..

അടിവസ്ത്രമില്ലാതിരുന്ന
നാലാംമാസം
കാലിടുക്കിൽ മുഖമുരസി
ഇക്കിളിയാക്കുന്നതിനിടയിൽ
തുളച്ചു
കയറാതിരുന്നതിന്..

തൊട്ടാവാടിയുടെ
ഞെട്ടറ്റിച്ചു
കുമിളകളുണ്ടാക്കുന്ന
വിദ്യ പഠിപ്പിക്കുന്നതിനിടയിൽ
പെറ്റിക്കോട്ടിനടിയിലെ
രണ്ടു കടുകുമണി തടഞ്ഞിട്ടും
ഓടയിലെ
അഴുക്കുവെള്ളത്തിലൊരു
ബബ്ൾ ഗപ്പി
പൊങ്ങാതിരുന്നതിന്..

പലഹാരവുമായി വന്ന്
മടിയിൽ വച്ചു ലാളിക്കുമ്പോൾ
വീർത്തുവീർത്തുവന്ന
ഇറച്ചിക്കഷണം
തുപ്പലു കൂട്ടി
വഴുപ്പിച്ചു
തുടയിടുക്കിൽ മാത്രം ചലിപ്പിച്ച്
നിർവൃതി പൂണ്ടതിന്..

സ്കൂളിലേക്ക് പോകും വഴി
തത്തമ്മകൾ മുട്ടയിട്ട
റബ്ബർ തോട്ടങ്ങൾ
എത്രയോ തവണ
കാണേണ്ടി വന്നിട്ടും
ആരോടും പറയരുതെന്ന
ഭീഷണിക്കപ്പുറം
കൊരവള്ളിയിലൊരു പിടിത്തം
മുറുക്കാതിരുന്നതിന്..

മുല മുളച്ചു തുടങ്ങിയിട്ടില്ലാത്ത
ചേച്ചിയെ
അമ്മയുടെ സാരിത്തുമ്പിൽ
കെട്ടിത്തൂക്കിയതിന്റെ
ഏക ദൃസാക്ഷിക്ക് നേരെ
മറ്റേത്തുമ്പ്
നീട്ടാതിരുന്നതിന്..

വയറ്റിലുള്ള കുഞ്ഞ്
അനുചൻ തന്നെ ആണെന്ന്
അമ്മയോട് പറയാതിരിക്കാൻ
അടുക്കളയിലെ ഗ്യാസ് സിലിണ്ടർ
പൊട്ടിത്തെറിക്കാതിരുന്നതിന്..

ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാൻ അനുവധിച്ചതിന്..

ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്..

ബസ്സിലെ പിൻ സീറ്റിൽ
തലയോട്ടി തകർക്കപ്പെടാതിരുന്നതിന്..

മരപ്പൊത്തിലെ
ചത്ത കിളിയാക്കാതിരുന്നതിന്..

ചവറുകൾക്കടിയിൽ കുഴിച്ചു മൂടപ്പെടാതിരുന്നതിന്..

പൊന്തക്കാട്ടിലോ
വിറകു പുരകളിലോ
ചത്തു പുഴുക്കാതിരുന്നതിന്..

എത്ര പേരോടാണ്,
എത്ര സന്ദർഭങ്ങളോടാണ്,
രണ്ടു തെറിച്ച മുലകളും
കാലുകൾക്കിടയിലൊരു
തുരങ്കവുമുണ്ടായിട്ടും
ഇപ്പോഴും ജീവിച്ചിരിക്കുന്ന
ഓരോ പെണ്ണും
നന്ദി പറയേണ്ടത്……..!

Endnotes:
  1. എടത്വാ വേഴപ്രയിൽ കല്ലറയിലെ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ ബാലിക മരിച്ചു: https://malayalamuk.com/a-fire-broke-out-of-the-candle-when-she-came-to-pray-in-her-grandfathers-tomb/
  2. സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പീഡനത്തിന് ഇരയായത് 34 പെണ്‍കുട്ടികള്‍, മയക്ക് മരുന്ന് നല്‍കിയും അല്ലാതെയും പീഡനത്തിന് ഇരയാക്കിയത് ഏഴു മുതല്‍ പതിനെട്ട് വരെ പ്രായമുള്ള കുട്ടികളെ: https://malayalamuk.com/cruelty-to-orphan-girls/
  3. രക്തം കട്ടപിടിപ്പിക്കുന്ന കൊടും ക്രൂരതയുടെ കഥകൾ കേട്ട് നടുങ്ങി കേരളം…! വാ പൊത്തിപ്പിടിച്ചു തല്ലും, സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും; കുട്ടികളെ വിളിച്ചിരുന്നത് റാസ്‌ക്കലെന്ന്…..: https://malayalamuk.com/thodupuzha-child-attack-case-follow-up/
  4. വിവാഹമോചനത്തിൽ എന്തുകൊണ്ട് സ്ത്രീകൾ മാത്രം മോശക്കാരികളാകുന്നത്? കൂടെ കിടക്കുന്നവർക്കേ രാപ്പനി അറിയൂ; രൂക്ഷവിമർശനവുമായി നടി സാധിക വേണുഗോപാൽ: https://malayalamuk.com/sadhika-venugopal-facebook-post-on-divorce/
  5. ലണ്ടൻ ബ്രിഡ്ജ് ആക്രമണം : കൊല്ലപ്പെട്ടവർക്കായി സൗത്ത്വാർക്ക് കത്തീഡ്രലിൽ പ്രത്യേക പ്രാർത്ഥന. 74 ഓളം തീവ്രവാദികളെ ജയിലിൽ നിന്ന് നേരത്തെ വിട്ടയച്ചതായി ബോറിസ് ജോൺസൻ.: https://malayalamuk.com/boris-johnson-says-74-terror-prisoners-released-early/
  6. ക്രൂരപീഡനത്തെതുടര്‍ന്ന് മുഖത്തിന്റെ ഒരു വശം തളർന്നുപോയി ലണ്ടനിൽ പീഡനത്തിന് ഇരയായ യുവതി; കൗണ്ടി ക്രിക്കറ്റർ അലക്സ് ഹെപ്ബേൺ ക്രൂര പീഡനകഥകൾ പുറത്ത്: https://malayalamuk.com/the-victim-of-cricketer-alex-hepburn-who-was-raped-while-lying-in-his-team-mates-bed-has-spoken-out-on-the-horrific-ordeal/

Source URL: https://malayalamuk.com/7-year-old-raped-and-killed-teenage-girl-poem-varal/