ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ 8 ദശലക്ഷം ജനങ്ങൾ താമസിക്കുന്നത് സമീപപ്രദേശങ്ങളിൽ ഒരു കോവിഡ് കേസ് പോലും ഇല്ലാതെയാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളാലും യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് നൽകിയും ആണ് കൊറോണവൈറസ് വ്യാപനവും മരണനിരക്കും പിടിച്ചുനിർത്താൻ രാജ്യത്തിന് സാധ്യമായത്. ആരോഗ്യ വകുപ്പിൻറെ കണക്കുകൾ പ്രകാരം 6792 അയൽ പ്രദേശങ്ങളിൽ 1065 പ്രദേശങ്ങളിലും അതായത് 15 ശതമാനം സ്ഥലങ്ങളിലും മൂന്നിൽ താഴെ കോവിഡ് കേസുകളെ രേഖപ്പെടുത്തിയിട്ടുള്ളൂ. ഫെബ്രുവരി 24 വരെയുള്ള കണക്കുകൾ പ്രകാരം ആണ് ഇത്. കോവിഡ് കേസുകൾ താരതമ്യേന കുറയുന്നതിൻെറ പശ്ചാത്തലത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇളവ് ചെയ്യണമെന്ന ആവശ്യം എംപിമാർ ഉന്നയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിന് പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്ന സമയപരിധി ജൂൺ 21 ആണ്.

ഇതിനിടെ തുടർച്ചയായി ബ്രിട്ടനിലെ കോവിഡ് കേസുകൾ ഇന്നലെയും കുറഞ്ഞതിൻെറ സന്തോഷത്തിലാണ് രാജ്യം. ഇന്നലെ 343 കോവിഡ് മരണങ്ങളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. പുതിയതായി 6391 പേർക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ആരോഗ്യ വകുപ്പിൻറെ കണക്കുകൾപ്രകാരം വൈറസ് ബാധ ആഴ്ചയിൽ നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. അതേസമയം മരണനിരക്കിൽ രേഖപ്പെടുത്തിയിരിക്കുന്ന കുറവ് 37 ശതമാനമാണ്. ജനങ്ങൾക്ക് വൈറസിൽ നിന്ന് സ്വാതന്ത്ര്യം ലഭ്യമാകുന്ന കാലം അടുത്തു തന്നെ ഉണ്ടാകുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. കൊറോണ വൈറസിനെ നിയന്ത്രണത്തിലാക്കാനുള്ള എല്ലാ നടപടികളുമായി മുന്നോട്ടു പോകാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

എന്നാൽ വൈറസിനെതിരെ രാജ്യം ഗണ്യമായ നേട്ടം കൈവരിച്ചെങ്കിലും ജാഗ്രതപാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അഭിപ്രായപ്പെട്ടു. ജനിതകമാറ്റം വന്ന കൂടുതൽ അപകടകാരിയായ വൈറസുകളുടെ വ്യാപനത്തെ മുൻനിർത്തിയാണ് ഈ മുന്നറിയിപ്പ്. ജനിതകമാറ്റം വന്ന ബ്രസീലിയൻ കൊറോണ വൈറസിൻെറ 6 കേസുകൾ ഇംഗ്ലണ്ടിലും സ്കോട്ട്‌ലൻഡിലും കണ്ടെത്തിയ വാർത്ത രാജ്യത്ത് ആശങ്ക പടർത്തിയിരുന്നു