നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ‍ഡവലപ്മെന്റിൽ (നബാർഡ്) ഡവലപ്മെന്റ് അസിസ്റ്റന്റ്, ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികകളിൽ അവസരം. 91 ഒഴിവുകളാണുള്ളത്. ഓൺലൈൻ മുഖേന അപേക്ഷിക്കണം.

സംസ്ഥാനാടിസ്ഥാനത്തിലാണ്  ഒഴിവുകൾ. കേരളത്തിൽ ഡവലപ്മെന്റ് അസിസ്റ്റന്റ് തസ്തികയിൽ ഒരൊഴിവ് (ജനറൽ) മാത്രമാണുള്ളത്.  ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്തികയിൽ കേരളത്തിൽ ഒഴിവില്ല. ഏതെങ്കിലും ഒരു തസ്തികയിലേക്ക് മാത്രം അപേക്ഷിക്കണം. ഏതെങ്കിലും  ഒരു സംസ്ഥാനത്തെ ഒഴിവുകളിലേയ്ക്കു മാത്രം അപേക്ഷിക്കുക.

ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/ പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) ഉണ്ടായിരിക്കണം.

ശമ്പളം: 13150 –34990 രൂപ

യോഗ്യത (2019 സെപ്റ്റംബർ ഒന്നിന്): 

ഡവലപ്മെന്റ് അസിസ്റ്റന്റ്: കുറഞ്ഞത് മൊത്തം 50 % മാർക്കോടെ (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി) ഏതെങ്കിലും വിഷയത്തിൽ ബിരുദം.

ഡവലപ്മെന്റ് അസിസ്റ്റന്റ് (ഹിന്ദി): ഹിന്ദിയും ഇംഗ്ലിഷും കംപൽസറി/ ഇലക്ടീവ് വിഷയമായി പഠിച്ചു കുറഞ്ഞത് മൊത്തം 50 % മാർക്കോടെ  ഇംഗ്ലിഷ്/ ഹിന്ദി മീഡിയത്തിലുള്ള ബിരുദം (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി)

അല്ലെങ്കിൽ

ഹിന്ദിയും ഇംഗ്ലിഷും മെയിൻ വിഷയമായി കുറഞ്ഞത് മൊത്തം 50 % മാർക്കോടെ ബിരുദം (പട്ടികവിഭാഗം. വികലാംഗർ, വിമുക്തഭടൻമാർക്കു പാസ് മാർക്ക് മതി)

അപേക്ഷകർക്ക് ഇംഗ്ലിഷിൽ നിന്ന് ഹിന്ദിയിലേക്കും തിരിച്ചും ട്രാൻസ്‌ലേറ്റ് ചെയ്യാനുള്ള പരിജ്ഞാനം വേണം.

പ്രായം: 2019 സെപ്റ്റംബർ ഒന്നിന് 18 നും 35 നും മധ്യേ.  ഉയർന്ന പ്രായത്തിൽ പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിയ്‌ക്കു മൂന്നും വികലാംഗർക്കു 10 വർഷവും ഇളവ് ലഭിക്കും. വിമുക്തഭടൻമാർക്ക് ഉൾപ്പെടെയുള്ള മറ്റിളവുകൾ ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള ഓൺലൈൻ എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.  പ്രാഥമിക എഴുത്തുപരീക്ഷ ഒക്ടോബർ 20നു നടത്തും.

പരീക്ഷാ കേന്ദ്രം, സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.

അപേക്ഷാഫീസ്: ഇന്റിമേഷൻ ചാർജ് ഉൾപ്പെടെ 450 രൂപ.പട്ടികവിഭാഗം/വികലാംഗർ/ വിമുക്തഭടൻമാർക്കു ഇന്റിമേഷൻ ചാർജായ 50 രൂപ മാത്രം മതി. ഡെബിറ്റ് കാർഡ് (വിസ, മാസ്റ്റർ, റുപേ, മാസ്ട്രോ), ക്രെഡിറ്റ് കാർഡ്,  ഇന്റർനെറ്റ് ബാങ്കിങ്, ഐഎംപിഎസ്, കാഷ് കാർഡ്, മൊബീൽ വാലറ്റ് എന്നിവയുപയോഗിച്ച് ഓൺലൈനിലൂടെ ഫീസ് അടയ്‌ക്കാം. ഓൺലൈൻ അപേക്ഷാഫോം പേയ്‌മെന്റ് ഗേറ്റ്‌വേയുമായി ചേർത്തിരിക്കും. ഫീസ് അടയ്‌ക്കുന്നതിനുള്ള നിർദേശങ്ങളും സ്‌ക്രീനിൽ ലഭിക്കും. ഫീസ് അടയ്‌ക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ളതു കാണുക.

അപേക്ഷിക്കേണ്ട വിധം: www.nabard.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ അയയ്‌ക്കുക.

അപേക്ഷകർക്ക് ഇ–മെയിൽ വിലാസം ഉണ്ടായിരിക്കണം.അപേക്ഷിക്കുന്നതിനുള്ള നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.