താരസംഘടനായ എഎംഎംഎയില്‍ വിവാദങ്ങൾക്ക് തിരികൊളുത്തി നടൻ ജഗദീഷ് രംഗത്തെത്തിയിരിക്കുകയാണ്. ഡബ്ല്യുസിസിയെ തള്ളിപ്പറഞ്ഞു കൊണ്ടും രാജിവെച്ച നടിമാരെ താരസംഘടനയില്‍ തിരിച്ചെടുക്കില്ലെന്നും വ്യക്തമാക്കി നടന്‍ സിദ്ധിഖും നടി കെപിഎസി ലളിതയും നടത്തിയ വാര്‍ത്താസമ്മേളനത്തെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ജഗദീഷ് പ്രതികരണം അറിയിച്ചത്.

അമ്മയുടെ ഔദ്യോഗിക വക്താവ് താന്‍ തന്നെയാണെന്നും നടികള്‍ക്കെതിരെ കെപിഎസി ലളിത നടത്തിയത് സ്ത്രീവിരുദ്ധ പരാമര്‍ശമാണെന്നും സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് അമ്മയുടെ നിലപാട് അല്ലെന്നും ജഗദീഷ് തുറന്നടിച്ചു. ചട്ടങ്ങള്‍ക്കപ്പുറം ധാര്‍മ്മികതയിലൂന്നിയ നിലപാടായിരിക്കും അമ്മ സ്വീകരിക്കുക എന്നും ജഗദീഷ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പിന്നാലെ സമാന നിലപാടുമായി ബാബുരാജും എത്തിയതോടെ താരസംഘടനയില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്.

ഇരുവരും എഎംഎംഎയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട ശബ്ദസന്ദേശം ലീക്കായി മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കുറ്റാരോപിതനായ നടന്‍ ദിലീപ് അഭിനയിക്കുന്ന ചിത്രത്തിന്റെ സെറ്റില്‍വച്ച്‌ പത്രസമ്മേളനം വിളിച്ചുചേര്‍ത്തതിലെ ഉദ്ദേശ്യശുദ്ധിയെ ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാന്‍ സാധിക്കില്ലെന്ന് ജഗദീഷ് തുറന്നടിച്ചു. സിദ്ധിഖും കെപിഎസി ലളിതയും വാര്‍ത്താസമ്മേളനം വിളിച്ചത് സിനിമയുടെ സെറ്റില്‍ വച്ചാണ്. അത് തന്നെ അസ്വഭാവികമാണെന്ന് ജഗദീഷ് ചൂണ്ടിക്കാട്ടി. അത് സംഭവത്തില്‍ ദുരൂഹത വളര്‍ത്തുന്നതാണെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.

അതേസമയം, സിദ്ദിഖിനെ തള്ളി കൊണ്ട് സംഘടനയുടെ വക്താവ് ജഗദീഷ് ആണെന്ന് അമ്മ സംഘടനയും പറഞ്ഞിരുന്നു. എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയത് സംഘടന അറിയാതെയെന്നും സിദ്ദിഖിന്റെ നടപടി പൊതു സമൂഹത്തില്‍ അമ്മയുടെ മുഖച്ഛായ ഇല്ലാതാക്കിയെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ 19ന് അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് യോഗം നടത്തുമെന്നമാണ് അമ്മ അറിയിച്ചത്. ജഗദീഷ് അമ്മ സംഘടയുടെ വക്താവല്ലെന്നും ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അമ്മയുടെ തീരുമാനമല്ലെന്നും സിദ്ദിഖ് പറഞ്ഞിരുന്നു.