കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തെ വിഴുങ്ങി പുക ശൈല്യം. വൈറ്റില, ചമ്പക്കര മേഖലയിലാണ് പുക രൂക്ഷമായി ബാധിക്കുന്നത്. കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് പുക വ്യാപിക്കാന്‍ തുടങ്ങിയതോടെ ഇത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്നലെയുണ്ടായ തീപിടിത്തമാണ് പുക ഉയരാന്‍ കാരണം. പ്ലാന്റിലെ പ്ലാസ്റ്റിക് സംസ്‌കരിക്കുന്ന മേഖലയിലാണ് ഇന്നലെ തീപിടുത്തം ഉണ്ടായത്. ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വൈകിട്ട് നാല് മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്. അഗ്നിശമന സേന, ബി.പി.സി.എല്‍ എന്നിവയുടേതടക്കം 15 ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. കഴിഞ്ഞ മാസം രണ്ട് തവണ ഇവിടെ തീ പിടുത്തമുണ്ടായിരുന്നു.

പ്ലാന്റിലെ തീ പൂര്‍ണമായും അണക്കാന്‍ സാധിക്കാത്തതിനാല്‍ പുകശൈല്യത്തിന് എപ്പോള്‍ ശമനമുണ്ടാകും എന്നത് വ്യക്തമല്ല. എംജി റോഡിലും മരടിലും കുണ്ടന്നൂരിലും പുക ജനജീവിതത്തെ കാര്യമായി ബാധിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പരിസരമാകെ കറുത്ത പുകയും,ദുര്‍ഗന്ധവും വമിക്കുകയാണ്.

അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടുത്തതില്‍ അട്ടിമറി സംശയിക്കുന്നതായി മേയര്‍ സൗമിനി ജെയിന്‍. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും, പൊലീസിനും കോര്‍പ്പറേഷന്‍ പരാതി നല്‍കും. അതേസമയം തീപ്പിടുത്തം ഇനിയും ആവര്‍ത്തിച്ചാല്‍ ബ്രഹ്മപുരത്തെ മാലിന്യശേഖരണം തടയുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തില്‍ അസ്വാഭാവികതയുണ്ടെന്നാണ് കോര്‍പ്പറേഷന്റെ നിലപാട്. സുരക്ഷ ഉറപ്പാക്കാതെ ഇനി മാലിന്യ നിക്ഷേപം അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാരും പ്ലാന്റ് സ്ഥിതി ചെയ്യുന്ന വടവുകോട് പഞ്ചായത്തും. തീപിടിച്ചു വളരെ പെട്ടന്ന് തന്നെ പരിസരമാകെ പടര്‍ന്നതില്‍ ദുരൂഹതയുണ്ടെന്ന് അഗ്‌നിശമന സേനയും പറഞ്ഞു.