ലണ്ടനിലെ ക്രോയിഡണിൽനിന്നും 2014ൽ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മലയാളി നഴ്സ് ബ്രിസ്ബെയ്നിൽ ക്യാൻസർ ബാധിച്ച് മരിച്ചു. കോട്ടയം ജില്ലയിലെ ഉഴവൂർ മഠത്തിൽ വീട്ടിൽ അമ്പിളി ഗിരീഷാണ് (38) മരിച്ചത്. സംസ്കാരം പിന്നീട്. ക്രോയിഡണിലെ എൻഎച്ച്എസ് ആശുപത്രിയിൽ 2008 മുതൽ 2014 വരെ നഴ്സായിരുന്ന അമ്പിളിക്ക് ബ്രിട്ടനിൽ നിരവധി സൃഹൃത്തുക്കളുണ്ട്.

ജീവന്റെ ജീവനായ രണ്ട് കൊച്ചുപെണ്‍കുട്ടികളെയും ഭര്‍ത്താവിനെയും തനിച്ചാക്കിയാണ് അമ്പിളി വെറും മുപ്പത്തിയെട്ടാം വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞിരിക്കുന്നത്.

ഉഴവൂര്‍ മഠത്തില്‍ ഗിരീഷിന്റെ ഭാര്യയാണ് പരേത. ബ്രിസ്ബന്‍ പിഎ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അമ്പിളിയും കുടുംബവും യുകെയിലെ ക്രോയിഡോണില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതാണ്. ഏതാനും മാസം മുന്‍പ് കാന്‍സര്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അമ്പിളി.

റിപ്ലി സ്റ്റേറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി, മാളു എന്നിവര്‍ മക്കളാണ്. ഉഴവൂര്‍ ശങ്കരശേരില്‍ രാജപ്പന്‍ നായരുടെയും വത്സലകുമാരിയുടെയും പുത്രിയാണ് അമ്പിളി . അനുരാജ് സഹോദരനാണ്. മൃതദേഹം ഉഴവൂരിലേക്കു കൊണ്ട് പോകുന്നതിനു സുഹൃത്തുക്കള്‍ ശ്രമം നടത്തി വരികയാണെന്ന് മലയാളി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരിക്കുന്നത്.

അമ്പിളി ഗിരീഷിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.