ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയിലേക്ക് കൂടുമാറി. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധി നഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് അനില്‍ ബാജ്പേയ്. ഇദ്ദേഹം പാര്‍ട്ടി വിടാനുള്ള കാരണങ്ങള്‍ വ്യക്തമല്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഒരു എം.എല്‍.എ പാര്‍ട്ടി വിടുന്നത് ആം.ആദ്.മിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. അമിത് ഷായുടെ കുതിരക്കച്ചവട തന്ത്രത്തിന്റെ ഭാഗമാണ് അനില്‍ ബാജ്പേയ് പാര്‍ട്ടി വിട്ടതെന്നാണ് ആം.ആദ്.മി മുതിര്‍ന്ന നേതാക്കളുടെ ആരോപണം.

ഇത്തവണ ഈസ്റ്റ് ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിക്കുമെന്നാണ് ആം.ആദ്.മി പ്രതീക്ഷിക്കുന്നത്. ഇവിടെ ക്രിക്കറ്റ് താരം ഗൗതം ഗംഭീറാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മെയ് 12നാണ് ഡല്‍ഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ അവകാശപ്പെട്ടിരുന്നു. ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുകയെന്നത് ബി.ജെ.പിക്ക് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ നേരത്തെ പ്രതികരിച്ചത്.

അനില്‍ ബാജ്പേയുടെ കൂറുമാറ്റത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.പശ്ചിമ ബംഗാളിലെ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെട്ടിരുന്നു. ‘ദീദി, മെയ് 23 ന് ഫലപ്രഖ്യാപനം വരുമ്പോള്‍ എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എംഎല്‍എമാര്‍ നിങ്ങളില്‍ നിന്ന് അകലും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു’. മോഡി പറഞ്ഞു.