മിനി സുരേഷ്

മഴ ഇടമുറിയാതെ പെയ്തു തകർക്കുകയാണ്. രണ്ടു ദിവസമായി ദുരിതപ്പെയ്ത്തു തുടങ്ങിയിട്ട്. തോടിനെ കലക്കി മറിച്ചു മലവെള്ളം വരാൻ തുടങ്ങി.ഇങ്ങനാണേൽ ഇന്നു ഡാം തുറന്നേക്കും. പിന്നെ റോഡും, തോടുമെല്ലാം ഇണ ചേർന്ന് ഒന്നാകാൻ അധികസമയമെടുക്കില്ല.

“പത്തുമണിക്ക് ഷിബു അണ്ണന്റെ പെട്ടി ഓട്ടോ വരും.ഒന്നു വേഗമാകട്ടെന്റെ വിമലേ”

കാൽ പെട്ടിപ്പുറത്തേക്ക് കയറ്റി വച്ച് ശശിധരൻപറഞ്ഞു കൊണ്ടേയിരുന്നു. ചുമരിനോട് ചേർത്തുള്ള തടിപ്പാളിയിൽ വയ്ക്കാവുന്നത്ര സാധനങ്ങൾ പെറുക്കി വയ്ക്കുകയായിരുന്നവിമലയ്ക്ക അതു കേട്ട് കലി വന്നു.

“നിങ്ങളാ ടി.വി ഒന്നെടുത്ത് അലമാരേടെ മുകളിൽ കേറ്റി വയ്ക്ക മനുഷ്യാ..

അവൾപറഞ്ഞതു കേൾക്കാതെ ശശി ടി.വിയുടെ ശബ്ദം ഒന്നു കൂടെ കൂട്ടി. ടി.വി കണ്ടു തകർക്കുകയാണ് അപ്പനും,മക്കളും വാശി പിടിച്ച്,ഒരു കണക്കിന് പൂതി തീർക്കട്ടെ അവിടെ ചെന്നാലിതു പോലെ സ്വാതന്ത്യം
ഇല്ലല്ലോ,ഓരോരുത്തരുടെ ‘മുഞ്ഞീം ,മോറും’ നോക്കി വേണ്ടേ..’ഓരോന്നു ചെയ്യാൻ.

എടുക്കാവുന്ന സാധനങ്ങളത്രയും പൊതിഞ്ഞെടുത്തു വച്ചിട്ടുണ്ട്.കഴിഞ്ഞ വർഷത്തെപ്പോലെയല്ല കൊറോണ കാരണം ബസ്സുകളിലൊന്നും കെട്ടും,ദാണ്ഡവുമായി കയറാൻ പറ്റില്ല. സാധനങ്ങളൊക്കെ കോട്ടയത്ത് എത്തിച്ചു തരാമെന്നു പറഞ്ഞതു തന്നെ ഷിബു അണ്ണന്റെ വലിയ മനസ്സ്. വെള്ളംകേറിയാൽ ബസ്സ് സർവ്വീസും നാളെ തന്നെ നിലയ്ക്കും.

ഓട്ടോ വീടുവരെ വരില്ല ,ഇടവഴിയിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.

“ചെക്കാ നെൻറെ കളിപ്പാട്ടം എന്തേലുമൊക്കെ എടുത്തു വയ്ക്ക,അവടെ ചെന്ന് ഓരുടെ പുള്ളേരുമായി ശണ്ഠ കൂടാതെ”

തറയിൽ മലന്നു കിടന്നു കറുമുറാ മുറുക്കും കടിച്ച് കിടക്കുന്ന മകന്റെ ചന്തിക്കിട്ട് ഒന്നു കൊടുത്ത്
വിമല ദേഷ്യം തീർത്തു.

ചുമടുകളും താങ്ങി മുട്ടൊപ്പം വെള്ളം കയറിയ വഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ അവളൊന്നു
തിരിഞ്ഞു നോക്കി.’ഈശ്വരാ..കാത്തോളണേ, തിരിച്ചു വരുമ്പോൾ ഈ കൂരഇവിടെ കാണണേ..
വെള്ളക്കുഴി ആണേലും അന്തിയുറങ്ങാനൊരിടം ഉള്ളതാ,

ക്യാമ്പിൽ പോയി നിൽക്കാമെന്നു വച്ചാൽ ശശിക്ക് ഇഷ്ടമില്ല. കു:ടുംബ വീടാണേൽ കൂടി മറ്റൊരു വീട്ടിൽ നിൽക്കുന്നതിൽ പരം ദുരിതമൊന്നും ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. പ്രകടമായ ഇഷ്ടക്കേട് നേരെ കാണിക്കും അനുജന്റെ ഭാര്യ.

വയനാട്ടിലുമൊക്കെ കെട്ടിടങ്ങളും,മലകളും വേരോടെ പിഴുതെറിയുന്ന കാഴ്ച കണ്ട് നെഞ്ച് പൊള്ളിയിരിക്കുമ്പോഴായിരിക്കും കുത്തു വർത്തമാനം പറയുന്നത്.

” ഇപ്പോൾ ക്യാമ്പിലൊക്കെ നല്ല സുഖാന്നാ അറിയണത്, ബിരിയാണീം,പലഹാരോം ഒക്കെ വിതരണം ചെയ്യാൻ ആൾക്കാര് മൽസരിക്കുകയാണത്രേ..”

അതു കേൾക്കുമ്പോൾ ശശിക്ക് തരിച്ചു കയറും.
പിന്നെ വഴക്കും,ബഹളവും തുടങ്ങും.

” നിനക്കത് പറയാനെന്താടീ അവകാശം,ഞാൻ ജനിച്ചു വളർന്ന വീടാണ്, നക്കാപിച്ച തന്ന് എന്റെ
ഭാഗം കൂടി നെന്റെ കെട്ടിയോൻ വാങ്ങിയെന്നും വച്ച് ..
പിന്നെ ഒന്നും,രണ്ടും പറഞ്ഞ് ശണ്ഠ തുടങ്ങുകയായി. അതിനിടയിൽ കളിപ്പാട്ടത്തെ ചൊല്ലി പിള്ളേരുടെ കലഹം,ഭക്ഷണം തരുന്നതിൽ പോലും കാണാം വേറുകൃത്യം,
കുളിമുറിയിലെ സോപ്പു മാറ്റി വില കുറഞ്ഞ ഏതോ സോപ്പു വച്ചതിനാണ് കഴിഞ്ഞ കുറി ശശി കലഹത്തിനു തുടക്കമിട്ടത്.

ഇത്തവണഅങ്ങനെയുള്ളആളിപ്പടരുകൾക്കൊന്നും തിരികൊളുത്താതെ എല്ലാംകരുതിയിട്ടുണ്ട്. സോപ്പ്, പലവ്യഞ്ജനങ്ങൾഅങ്ങനെ എല്ലാം കരുതിയിട്ടുണ്ട്.ശശി പണിയില്ലാതെ രണ്ടു മാസമായിരിക്കുന്നു.
അയൽക്കൂട്ടത്തിന്റെ ഓണക്കുറി കൊണ്ടാണ് എല്ലാമൊന്നു തരപ്പെടുത്തിയത്, എന്നാലും പരാതികൾ കാണും ഒരു പാട്,..കുട്ടികൾ സോഫ വൃത്തികേടാക്കി ,ശശി ബാത് റൂമിൽ കയറിയാൽ വെള്ളമൊഴിക്കില്ല,.. അങ്ങനെ..അങ്ങനെ…ആട്ടും,തുപ്പും കേട്ട് സഹിച്ച് മഴ മാറുന്നതും നോക്കികാത്തിരിക്കുന്ന ഗതികേട്. മഴ മാറി തിരിച്ചെത്തിയാലോ .പകുതി സാധനങ്ങൾ വെളളം കേറി നശിച്ചിട്ടുണ്ടാവും. എല്ലാം തേച്ചു കഴുകി എടുക്കാനുള്ള പാടു വേറെ. മഹാമാരി വന്നെല്ലാം കാർന്നു തിന്നതിനാൽ ഇക്കുറി സർക്കാർ സഹായ
മൊന്നും പ്രതീക്ഷിക്കേണ്ടന്നാണ് കേട്ടത്.

ഈശ്വരാ..അടുത്ത ജന്മത്തിലെങ്കിലും ഇതു പോലെയുള്ള ദുരിതങ്ങളൊന്നും തരരുതേ.അവളറിയാതെ കണ്ണു തുടച്ചു.

ബസ്സിൽ തീരെ ആൾക്കാരുണ്ടായിരുന്നില്ല. മുഖം മൂടി വച്ച് നിശ്ചലരായിരിക്കുന്ന രണ്ടു മൂന്നു പേർ മാത്രം. കണ്ണുകളിൽ വറ്റിയ പ്രതീക്ഷകളുടെ നിഴൽപ്പാടുകൾ തെളിഞ്ഞു നിൽക്കുന്നു.

ദാരിദ്രത്തിന്റെ അമ്മ വിളയാട്ടങ്ങളുടെ വടുക്കൾ നാട്ടിലെങ്ങും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
ഇരുവശത്തുമുള്ള പാടങ്ങളുടെ നടുവിലൂടെ പകുത്തുണ്ടാക്കിയ റോഡിലെ വിജനതയിലൂടെ
ഒറ്റപ്പെട്ടവന്റെ ദുഃഖവും പേറി ബസ്സിഴഞ്ഞു നീങ്ങുന്നുണ്ടായിരുന്നു.

കഴിഞ്ഞവർഷംഎന്തുസഞ്ചാരികളായിരുന്നു’മലരിക്കലെ’ ആമ്പൽപ്പാടം കാണാനിതു വഴി വന്നത്.
ഈ വർഷം അടച്ചു പൂട്ടലിന്റെ താഴിട്ട് എല്ലാംനിശ്ചലമായികിടക്കുകയാണ്.

രണ്ടു മഴ അടുപ്പിച്ചു പെയ്താൽ വെള്ളക്കെട്ടിനടിയിലാവുന്ന കുമരകത്തെ സാധാരണക്കാരുടെ വ്യസനം വിനോദ സഞ്ചാരികളൊന്നും അറിയുന്നതു പോലുമില്ലല്ലോ.

സാധനങ്ങൾ കൊണ്ടു വന്ന ഓട്ടോ തടഞ്ഞു കൊണ്ട് അനുജൻ പടിക്കൽ തന്നെ ഉണ്ടായിരുന്നു.
” അല്ല,നിങ്ങളെന്തു ഭാവിച്ചാ ഇപ്രാവശ്യം കെട്ടും കെട്ടി ഇങ്ങോട്ടു പോന്നത്. അത്യാവശ്യത്തിനല്ലാതെ
പുറത്തിറങ്ങരുതെന്ന് നാഴികക്കു നാൽപതു വട്ടം നാടെങ്ങും കൊട്ടിഘോഷിക്കുവാ. വരുന്നേനു മുൻപ്
ഒന്നു വിളിച്ചു ചോദിക്കാർന്നല്ലോ…ഞാൻ പറയാതെ തന്നെ കേൾക്കായിരുന്നു ഫോണിലൂടെ വീടിനു വെളിയിലിറങ്ങിയാലുള്ള ഭവിഷ്യത്ത്. അയൽപക്ക കാരോടും കൂടി സമാധാനം പറയണം. കുമരകം
ഭാഗത്തൊക്കെ അസുഖമുള്ളതാ..യാതൊരു ബോധവുമില്ലാതെ ..ഛെ”

വിമല ശശിയുടെ മുഖത്തേക്ക് നോക്കി. എന്തു പറയണമെന്നറിയാതെ അയാളും കുഴങ്ങി നിൽക്കുകയാണ്. ശരിയാണ് എല്ലാവരും തങ്ങളെ മാത്രമേ കുറ്റം പറയൂ.ഇനിയിപ്പോൾ എവിടെപ്പോകും. പിള്ളേരും തളർന്ന മട്ടാണ്.

“ശശിച്ചേട്ടാ എനിക്കു പോയിട്ട് തിരക്കുണ്ട്‌” ഷിബു അണ്ണൻ തിരക്കുകൂട്ടി.

” അല്ല രവീ, ഞങ്ങളാ പുറകിലത്തെ വരാന്തയിൽ കഴിഞ്ഞോളാം.യാതൊരു ശല്യവും വരാതെ ഞാൻ
നോക്കിക്കോളാം,കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ.വെളിയിലൊരു അടുപ്പു കൂട്ടി ഭക്ഷണവും
വച്ച് കഴിച്ചോളാം. “. വിമല കെഞ്ചി.

“നടക്കത്തില്ലെന്നു പറഞ്ഞാൽ അത്ര തന്നെ .. നടക്കത്തില്ല”രവി ഗേറ്റിനകത്തു കയറി ഒരു നിമിഷം കൊണ്ട് പൂട്ടിക്കഴിഞ്ഞു.

ഗേറ്റിൽ തട്ടി വിളിക്കാനൊരുങ്ങിയ ശശിധരനെ ഷിബു തടഞ്ഞു.” വേണ്ട ചേട്ടാ വിളിക്കണ്ട.വെള്ളം
കയറാത്ത ഒരു കൊച്ചു വീട് അധികം ദൂരത്തല്ലാതെ എനിക്കുമുണ്ട്,വേനൽ വരുമ്പോൾ ചിലപ്പോൾ കിണറ്റിൽ വെള്ളം കുറയാറുണ്ട്. പക്ഷേ മഴ തന്ന് അപ്പോളേക്കും ദൈവം കനിവു കാട്ടാറുണ്ട്. നിങ്ങൾക്ക് സമ്മതമാണേൽ ഇപ്രാവശ്യം അങ്ങോട്ടു പോകാം.ഈ കൊച്ചു പിള്ളേരേം കൊണ്ട് അലയണ്ട.”

” നന്ദിയുണ്ട് ഷിബുവണ്ണാ .ഇനിയിപ്പോൾ തിരിച്ചു ക്യാമ്പിലോട്ടു പോകാമെന്നു വച്ചാലും റോഡിലെല്ലാം
വെള്ളമായിക്കാണും.അത്രക്കു മലവെള്ളം വരുന്നുണ്ടായിരുന്നു. കൊറോണ വന്നിട്ടും ചിലരുടെ
മനസ്സിലൊന്നുംവെളിച്ചംവീശിയിട്ടില്ല. മനുഷ്യരിനിയും ഒരുപാട് പഠിക്കാനുണ്ട്. ഷിബുവിന്റെ കൈ ചേർത്തു പിടിച്ചു കൊണ്ട് ശശി മെല്ലെപറഞ്ഞു.

 

മിനി സുരേഷ്

കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ
പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.