അഭിനന്ദനെ പരിഹസിച്ച് പാക്ക് ചാനലിന്റെ ലോകകപ്പ് പരസ്യം; പരസ്യത്തിൽ വംശീയ അധിക്ഷേപ സൂചനകളും .അഭിനന്ദനെ അപമാനിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം

by News Desk | June 11, 2019 4:17 pm

മുംബൈ ∙ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ച പാക്ക് പോർവിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച് പാക്ക് ടിവി പരസ്യം. ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ജൂൺ 16ന് മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – പാക്കിസ്ഥാൻ മൽസരത്തിനു മുന്നോടിയായി നൽകിയ പരസ്യത്തിലാണ് ഇന്ത്യയുടെ അഭിമാനമായി മാറിയ അഭിനന്ദനെ പരിഹസിക്കുന്നത്. ഇന്ത്യ–പാക്ക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വിഡിയോകൾ ചാനലുകളിൽ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് വിമർശനം.

പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിലായ അഭിനന്ദൻ വർധമാന്റെ വിഡിയോ രാജ്യാന്തര സമ്മർദ്ദത്തെ തുടർന്ന് പാക്ക് സർക്കാർ പുറത്തുവിട്ടിരുന്നു. ചോദ്യം ചെയ്യുന്ന പാക്ക് സൈനികർക്കൊപ്പം അഭിനന്ദൻ ചായ കുടിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. ഇതിന്റെ വികലമായ അനുകരണമാണ് പരസ്യം.

പാക്കിസ്ഥാൻ സൈന്യം അഭിനന്ദനെ ചോദ്യം ചെയ്തെങ്കിലും ഔദ്യോഗിക രഹസ്യങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായിരുന്നില്ല. ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്നാണ് പല ചോദ്യങ്ങൾക്കും അദ്ദേഹം ഉത്തരം നൽകിയത്. ഈ മറുപടി സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു.

ഇത് അനുകരിച്ചാണ് പാക്ക് ചാനലിന്റെ പരസ്യം. അഭിനന്ദൻ വർധമാനെപ്പോലെ തോന്നിക്കുന്ന (അഭിനന്ദന്റെ പ്രശസ്തമായ മീശ ഉൾപ്പെടെ അനുകരിച്ച്) ഒരാളാണ് ദൃശ്യത്തിൽ. ഇയാളോട് ഇന്ത്യയുടെ പ്ലേയിങ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ദൃശ്യത്തിലില്ലാത്ത ഒരാൾ ചോദിക്കുന്നു. എല്ലാ ചോദ്യങ്ങൾക്കും ‘ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോടു വെളിപ്പെടുത്താൻ എനിക്കാകില്ല’ എന്ന അഭിനന്ദന്റെ പ്രശസ്തമായ മറുപടിയാണ് ഇയാൾ നൽകുന്നത്.

  വേദനകൊണ്ടു പിടഞ്ഞപ്പോളും ‘ചേച്ചി കുത്തേറ്റു ഹാളില്‍ കിടക്കുന്നു’ ദേവശ്രീ വിളിച്ചുപറഞ്ഞു; ജീവിതമാര്‍ഗമായ കട കത്തിയമര്‍ന്നതിന്റെ നടുക്കംമാറാതെ നില്‍ക്കവെ മൂത്തമകളുടെ അതിദാരുണ വിയോഗവും....

ഒടുവിൽ, ചായ എങ്ങനെയുണ്ടെന്ന ചോദ്യവുമുണ്ട്. കൊള്ളം എന്ന മറുപടിക്കു പിന്നാലെ ഇയാളെ പോകാൻ അനുവദിക്കുന്നു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ പുറത്തേക്കു നീങ്ങുന്ന ഇയാളെ പിടിച്ചുനിർത്തി ചായക്കപ്പ് തിരികെ വാങ്ങുന്നു. തൊട്ടുപിന്നാലെ, കപ്പ് നമുക്കു നേടാം എന്ന അർഥത്തിൽ ‘LetsBringTheCupHome എന്ന ഹാഷ്ടാഗോടെ പരസ്യം പൂർണമാകുന്നു. ഇന്ത്യ–പാക്കിസ്ഥാൻ മൽസരം ജാസ് ടിവിയിൽ കാണാം എന്ന അറിയിപ്പുമുണ്ട്.
ഇന്ത്യൻ ജനത രാജ്യത്തിന്റെ അഭിമാനമായി കാണുന്ന അഭിനന്ദനെ അപമാനിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം ശക്തമാണ്. യഥാർഥ സംഭവത്തിന്റെ വിഡിയോയിൽ അഭിനന്ദൻ നെഞ്ചുറപ്പോടെയാണ് ചോദ്യങ്ങളെ നേരിടുന്നതെങ്കിൽ, പരസ്യത്തിൽ വിരണ്ടുനിൽക്കുന്ന ആളാണ്. അഭിനന്ദന്റെ ഇരുണ്ട നിറത്തെ സൂചിപ്പിക്കാൻ, പരസ്യത്തിലുള്ള വ്യക്തിയെ കറുത്ത ചായം പൂശിയത് വംശീയ അധിക്ഷേപമാണെന്നും വിലയിരുത്തപ്പെടുന്നു.

Source URL: https://malayalamuk.com/abhinandans-varthaman-capture-mocked-in-pakistans-ad/