അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടുപടിക്കൽ മൂത്രമൊഴിച്ചെന്ന് ആരോപണം നേരിട്ട എ.ബി.വി.പി ദേശീയ പ്രസിഡന്റ് ഡോ.ഷണ്‍മുഖം സുബ്ബയ്യയെ എയിംസ് ബോര്‍ഡ് അംഗമാക്കി നിയമിച്ചതായി റിപ്പോര്‍ട്ട്. മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്.

പ്രതിപക്ഷ എംപിമാരുടെ അടക്കം എതിർപ്പ് അവഗണിച്ചാണ് തീരുമാനം. ചെന്നൈയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നിലനിൽക്കുന്നുണ്ട്. വീട്ടുപടിയ്ക്കല്‍ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ചിക്കന്‍ വേസ്റ്റ് കഷണങ്ങള്‍ വലിച്ചെറിയുന്നു തുടങ്ങിയ പരാതികളും സ്ത്രീ സുബ്ബയ്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു.
ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ജൂലായ് 11-ന് ആദംപാക്കം പൊലീസ് സ്റ്റേഷനിലാണ് 63-കാരിയായ വിധവ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു.