ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : മറ്റേണിറ്റി യൂണിറ്റുകൾ സുരക്ഷിതമാണെന്ന അവകാശവാദം ഉന്നയിച്ച ആശുപത്രികൾക്ക് വൻ തിരിച്ചടി. വാദം വ്യാജമാണെന്ന് കണ്ടെത്തിയതോടെ ലക്ഷകണക്കിന് പൗണ്ട് തിരിച്ചടയ്ക്കാൻ ആശുപത്രികൾ നിർബന്ധിതരായി. 115 എൻ‌എച്ച്‌എസ് ട്രസ്റ്റുകളാണ് ഏറ്റവും പുതിയ 10 സുരക്ഷാ നടപടികളും പാലിക്കുന്നതായി അവകാശവാദം ഉന്നയിച്ചത്. എന്നാൽ 14 ആശുപത്രികൾക്ക് അത് തെളിയിക്കുന്നതിന് സാധിച്ചില്ല. പ്രസവ സേവന യൂണിറ്റുകൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ ഏഴ് ആശുപത്രികൾ 8.5 മില്യൺ പൗണ്ട് തിരിച്ചടയ്ക്കേണ്ടി വരും. ആശുപത്രികളിലെ സുരക്ഷാ പ്രശ്നം മൂലം കുഞ്ഞുങ്ങൾ മരിച്ചതായി പല കുടുംബങ്ങളും പറഞ്ഞു.

പ്രസവസമയത്തും തുടർന്നും സുരക്ഷ ഉറപ്പാക്കുന്നതിനായി 10 പ്രധാന സുരക്ഷാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന തീരുമാനത്തോടെ 2018 ലാണ് എൻഎച്ച്എസ് റെസല്യൂഷൻ, മറ്റേണിറ്റി ഇൻസെന്റീവ് സ്‌കീം ആരംഭിച്ചത്. 2018-19 ൽ എൻ‌എച്ച്‌എസിനെതിരെ ഏകദേശം 5 ബില്യൺ പൗണ്ടിന്റെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതിൽ 60 ശതമാനം പ്രസവ സേവനങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്നു. പദ്ധതിയുടെ ആദ്യ രണ്ട് വർഷങ്ങളിൽ പണം തിരികെ നൽകാൻ നിർബന്ധിതരായ ട്രസ്റ്റുകളിൽ ഷ്രൂസ്ബറി, ടെൽഫോർഡ് ഹോസ്പിറ്റൽ ട്രസ്റ്റ് എന്നിവ ഉൾപ്പെടുന്നു. അവർ 953,000 പൗണ്ട് തിരികെ നൽകി. എൻ‌എച്ച്‌എസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രസവ അഴിമതികളിലൊന്നിൽ മോശം പരിചരണത്തിന്റെ ഫലമായി 12ഓളം സ്ത്രീകളും 40 ലധികം കുഞ്ഞുങ്ങളും മരിച്ചുവെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

ശിശു മരണത്തെക്കുറിച്ച് അന്വേഷണവും കെയർ ക്വാളിറ്റി കമ്മീഷൻ ക്രിമിനൽ പ്രോസിക്യൂഷനും നേരിടുന്ന ഈസ്റ്റ് കെന്റ് ഹോസ്പിറ്റൽസ് യൂണിവേഴ്സിറ്റി ട്രസ്റ്റ് രണ്ട് വർഷത്തിനിടെ 2.1 മില്യൺ പൗണ്ട് തിരിച്ചടവാണ് നേരിടുന്നത്. നോട്ടിംഗ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് ട്രസ്റ്റും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. കെയർ ക്വാളിറ്റി കമ്മീഷൻ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചതിന് ശേഷം പണം തിരിച്ചടയ്ക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് മൂന്ന് ട്രസ്റ്റുകളിൽ നോർത്ത് വെസ്റ്റ് ആംഗ്ലിയ ഫൗണ്ടേഷൻ ട്രസ്റ്റ്, വെസ്റ്റ് സഫോക്ക് ഫൗണ്ടേഷൻ ട്രസ്റ്റ്, നോർത്തേൺ ഡെവോൺ ഹെൽത്ത് കെയർ ട്രസ്റ്റ് എന്നിവയും ഉൾപ്പെടുന്നു.