നിര്‍മ്മാതാവ് ജോബി ജോര്‍ജും നടന്‍ ഷെയ്ന്‍ നിഗവും തമ്മിലുളള പ്രശ്‌നങ്ങള്‍ മഞ്ഞുരുകിയില്ലെന്ന് സൂചന. വിവാദങ്ങള്‍ പറഞ്ഞുതീര്‍ത്തെങ്കിലും നടന്‍ ഷെയ്ന്‍ നിഗം സിനിമയുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് സംവിധായകന്‍ ശരത് മേനോന്‍ രംഗത്തെത്തി.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടന അമ്മയും ഇടപെട്ട് ഇരുവരും തമ്മിലുളള പ്രശ്‌നം പരിഹരിക്കുകയും ചിത്രീകരണം തുടങ്ങിയ വെയില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും ഷെയ്ന്‍ നിഗം ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഷെയ്ന്‍ സിനിമയില്‍ നിസ്സഹകരണം കാണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നല്‍കിയിരിക്കുകയാണ്.ഇതേത്തുടര്‍ന്ന് ചിത്രീകരണവും നിര്‍ത്തിവച്ചിരിക്കുകയാണ്.

ഷെയ്ന്‍ സെറ്റിലെത്തിയ കൂടുതല്‍ സമയവും കാരവാനില്‍ വിശ്രമിക്കുകയും തുടര്‍ന്ന് സൈക്കിളെടുത്ത് സെറ്റില്‍ നിന്നും പോയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഷെയ്‌നിനെ അന്വേഷിച്ച സംവിധായകന്‍ ശരത്തിന് ഷെയ്ന്‍ അയച്ചുനല്‍കിയ വോയിസ് മെസേജ് പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെയാണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെയെന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോള്‍ അനുഭവിക്കും എന്നും ഷെയ്ന്‍ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.

ഷെയ്‌നിനെ മലയാള സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയ അറിയിച്ചു. അങ്ങനെയെങ്കില്‍ ഷെയ്‌നിന് വിലക്ക് വരാനുളള സാധ്യതയുമുണ്ട്.

എന്നാൽ  സംവിധായകന്‍ ശരത് മേനോനെതിരെ നടൻ ഷെയ്ന്‍ നിഗം രംഗത്ത്. ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി , എന്ന ആമുഖത്തോടെയാണ് ഷെയ്ൻ ഫേസ്‌ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ഷെയ്ന്‍ നിഗം ഫേസ്‌ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക്‌ ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്. കൊണ്ടുവന്ന തിരകഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനിൽ വെച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു.

എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹ്റുത്തിന് ഞാൻ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്ക്ലബ്ബിൽ പ്രെസ് മീറ്റിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാൻ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്നം നിർമാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാനിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.

നിർമാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു. ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.

നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജർ സതീഷ്‌ ഷൂട്ടിംഗ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ്‌ തുടങ്ങുന്നത്. കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കുർ വരെ ആണ് ഈ സിനിമക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലു
കാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട്‌ ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.

എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സംഗീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു.

ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. “സത്യമേവ ജയതേ”

ജോബി ജോര്‍ജില്‍ നിന്നും വധഭീഷണിയുണ്ടെന്ന് ആരോപിച്ച് ഷെയ്ന്‍ സോഷ്യല്‍മീഡിയ വഴി പുറത്തുവിട്ട വിഡിയോ ആയിരുന്നു വിവാദമായത്. കുര്‍ബാനി സിനിമയ്ക്കായി പിന്നിലെ മുടി വെട്ടിയതിന് പിന്നാലെയായിരുന്നു ഭീഷണി മുഴക്കിയതെന്നും ഷെയ്ന്‍ ആരോപിച്ചു. വിഡിയോ വൈറലായതോടെ ജോബി ജോര്‍ജ് ആരോപണം നിഷേധിച്ച് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിരുന്നു. പിന്നാലെയാണ് അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഇടപൈട്ട് പ്രശ്‌നം പരിഹരിച്ചത്.