തമിഴ് നടൻ വിജയ് വോട്ട് ചെയ്യാനായി സൈക്കിളിൽ എത്തിയ സംഭവം വലിയ ചർച്ചയാകുന്നതിനിടെ അദ്ദേഹം സൈക്കിളിൽ എത്തിയതിന് പിന്നിൽ മറ്റു ലക്ഷ്യങ്ങളില്ലെന്ന് വിശദീകരണം. വിജയ്‌യുടെ പിആർ മാനേജർ റിയാസ് കെ അഹമ്മദാണ് ട്വിറ്ററിലൂടെ ഇത്തരത്തിൽ പ്രതികരിച്ചത്.

വിജയ്‌യുടെ വീട് അടുത്ത് ആയതിനാലാണ് സൈക്കിളിൽ വന്നത്, കാറിൽ വന്നാൽ പാർക്ക് ചെയ്യാന് സ്ഥലമുണ്ടാവില്ലെന്നും മറ്റു ലക്ഷ്യങ്ങൾ ഇല്ലെന്നുമാണ് റിയാസ് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

അതേസമയം, വിഷയത്തിൽ വിജയ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ വിജയ് സൈക്കിളിൽ എത്തിയത് അണ്ണാഡിഎംകെ-ബിജെപി മുന്നണിക്കും എതിരായ സന്ദേശം നൽകാനാണെന്നും പെട്രോൾ വില വർധനവിനെതിരെയുള്ള പ്രതിഷേധമാണെന്നും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

എന്നാൽ മാധ്യമങ്ങളുടെ വിഷയത്തിന്മേലുള്ള ചോദ്യത്തിന് വിജയ് പ്രതികരിച്ചിരുന്നില്ല. എങ്കിലും ദേശീയ തലത്തിലടക്കം വിജയ്‌യുടെ സൈക്കിൾ യാത്ര ട്രെന്റിംഗ് ആയിരിക്കുകയാണ്. ട്വിറ്ററിൽ പെട്രോൾഡീസൽ പ്രൈസ് ഹൈക്ക് എന്ന ടാഗ് ഹിറ്റാവുകയും ചെയ്തിരുന്നു.

കേരളത്തോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിൽ രാവിലെ മുതൽ തന്നെ വിവിധ താരങ്ങൾ വോട്ട് രേഖപ്പെടുത്താനായി എത്തിയിരുന്നു. സിനിമാ താരങ്ങളായ അജിത്, രജനീകാന്ത്, സൂര്യ, കമൽഹാസൻ, ശിവകാർത്തികേയൻ എന്നിവർ കുടുംബസമേതം അതിരാവിലെ വന്ന് വോട്ട് രേഖപ്പെടുത്തി.