റോഡിൽ പ്രതിഷേധക്കാരെ ഒാടിക്കാന്‍ ജലപീരങ്കി പ്രയോഗിക്കുന്നത് കണ്ടിട്ടുണ്ടെങ്കിലും വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചാല്‍ ഇങ്ങനൊരു മറുപണി ഒരിക്കലും പ്രതിഷിച്ചിരിക്കില്ല. അതും തണുത്തു മരവിച്ചു പുറത്താക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. പുറപ്പെടാൻ വൈകിയ വിമാനത്തിനുള്ളിൽ ഭക്ഷണവും വെള്ളവും ലഭിക്കാതെ ഒന്നര മണിക്കൂർ കഴിയേണ്ടിവന്ന യാത്രക്കാര്‍ പ്രതിഷേധിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

കൊൽക്കത്തയിൽനിന്നു ബഗ്ദോഗ്രയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലാണു സംഭവം. വിമാനത്തിലെ എസി പൂർണതോതിൽ പ്രവർത്തിപ്പിച്ചു യാത്രക്കാരെ പുറത്തുചാടിക്കാന്‍ പൈലറ്റ് ശ്രമിച്ചു. ഇതോടെ രംഗം കയ്യാങ്കളിലേക്ക് കടന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി.

രാവിലെ ഒൻപതിനു പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയതിനെ തുടർന്ന് ഭക്ഷണവും വെള്ളവും ലഭിക്കാതെ യാത്രക്കാർക്ക് ഒന്നര മണിക്കൂറാണ് വിമാനത്തിനുള്ളിൽ കഴിയേണ്ടിവന്നത്. ഒന്നര മണിക്കൂറിനുശേഷം യാത്രക്കാരോട് പുറത്തിറങ്ങാൻ പൈലറ്റ് ആവശ്യപ്പെട്ടു. മഴ കാരണം പുറത്തിറങ്ങാൻ വിസമ്മതിച്ച യാത്രക്കാരെ പുറത്തിറക്കാൻ പൈലറ്റ് എയർ കണ്ടീഷണർ പൂർണതോതിൽ പ്രവർത്തിപ്പിച്ചു.

ഇതോടെ വിമാനത്തിനുള്ളിൽ പുക നിറഞ്ഞു. ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിലവിളിക്കുകയും ചിലർ ഛർദ്ദിക്കുകയും ചെയ്തു. തുടർന്ന്, എസി പ്രവർത്തിപ്പിക്കുന്നതു നിർത്താൻ ആവശ്യപ്പെട്ടു യാത്രക്കാർ വിമാനത്തിലെ ജീവനക്കാരും തമ്മില്‍ വാക്കുതർക്കത്തിലായി. സംഭവം പുറത്തറിഞ്ഞതോടെ, സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകിയെന്നും യാത്രക്കാർക്കു നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും കാട്ടി എയർഏഷ്യ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ്.