ജ്ഞാനപീഠ ജേതാവ് അക്കിത്തത്തിനെതിരെ കിസ് ഓഫ് ലവ് ഫെയിം രശ്മി നായര്‍. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവല്‍ ആണോ എന്നാണ് രശ്മി പരിഹസിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ജ്ഞാനപീഠം ബഹുമതി നേടിയ ശ്രീ അക്കിത്തം അച്യുതന്‍ നമ്ബൂതിരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ എന്നാണു ഒരാളുടെ കമന്റ്. രശ്മി നായരെ പൊങ്കാലയിടുകയാണ് സോഷ്യൽമീഡിയ.

മലയാള കവിതയില്‍ ദാര്‍ശനികതയുടെ മണിമുത്തുകള്‍ കൊരുത്ത, ഈടുറ്റ പാരമ്പര്യത്തിന്റെ നീരുറവകള്‍ തീര്‍ത്ത ജ്ഞാനപീഠ ജേതാവ് അക്കിക്കത്തെയാണ് പരിഹസിച്ച് കൊണ്ട് തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ചുംബന സമര നായികയുടെ പരിഹാസം . അതേസമയം പതിനൊന്ന് ലക്ഷം രൂപയും സരസ്വതി ശില്‍പവും അടങ്ങുന്ന രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തം. 55-ാമത് ജ്ഞാനപീഠ പുരസ്‌ക്കാരത്തിന് ഐകകണ്ഠ്യേനയാണ് 93കാരനായ അക്കിത്തത്തെ തെരഞ്ഞെടുത്തത്. 2017ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം മഹാകവിയെ ആദരിച്ചിരുന്നു. കഴിഞ്ഞ ജൂലൈയില്‍ തൃശൂരില്‍ നടന്ന ലജന്‍ഡ്‌സ് ഓഫ് കേരള അവാര്‍ഡ് ദാന ചടങ്ങില്‍ മഹാപ്രതിഭാ പുരസ്‌കാരം നല്‍കി അക്കിത്തത്തെ ജന്മഭൂമി ആദരിച്ചു.

‘വെളിച്ചം ദുഃഖമാണുണ്ണീ; തമസ്സല്ലോ സുഖപ്രദം’ എന്ന് മലയാളത്തെ പഠിപ്പിച്ച അക്കിത്തം സര്‍വ്വാചരാചരങ്ങളിലും സ്‌നേഹത്തിന്റെ നിറവ് കണ്ടറിഞ്ഞ ദാര്‍ശനികനാണ്. മനുഷ്യത്വത്തിന്റെ ആഘോഷമാണ് അദ്ദേഹത്തിന്റെ കവിതകളില്‍. ദേശീയ പ്രസ്ഥാനങ്ങളുടെ സഹയാത്രികനായ മഹാകവി ഇപ്പോള്‍ തപസ്യ കലാ സാഹിത്യ വേദിയുടെ രക്ഷാധികാരിയാണ്. ദീര്‍ഘകാലം അധ്യക്ഷനായിരുന്നു.

1926 മാര്‍ച്ച് 18 ന് പാലക്കാട് കുമരനല്ലൂര്‍ അക്കിത്തം മനയില്‍, അക്കിത്തം വാസുദേവന്‍ നമ്പൂതിരിയുടേയും ചേകൂര്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി ജനനം. എട്ടാം വയസില്‍ കവിതാ രചന തുടങ്ങി. ഇടശ്ശേരി , ബാലാമണിയമ്മ, നാലപ്പാടന്‍, കുട്ടികൃഷ്ണമാരാര്‍, വി.ടി, എംആര്‍ബി എന്നിവര്‍ക്കൊപ്പമുള്ള സഹവാസം അക്കിത്തത്തിലെ കവിയെ ഉണര്‍ത്തി. 1946 മുതല്‍ 49 വരെ ഉണ്ണി നമ്പൂതിരി മാസികയുടെ പ്രസാധകനായിരുന്നു.

യോഗക്ഷേമം ആഴ്ചപ്പതിപ്പ്, മംഗളോദയം മാസിക എന്നിവയുടെ ഡെപ്യൂട്ടി എഡിറ്ററുമായിരുന്നു. 1956 മുതല്‍ 1985 വരെ ആകാശവാണിയുടെ കോഴിക്കോട്, തൃശൂര്‍ നിലയങ്ങളില്‍ പ്രവര്‍ത്തിച്ചു. 85ല്‍ എഡിറ്ററായി വിരമിച്ചു. ഇടിഞ്ഞുപൊളിഞ്ഞ ലോകം, കടമ്പിന്‍പൂക്കള്‍, സ്പര്‍ശമണികള്‍, കളിക്കൊട്ടിലില്‍, അക്കിത്തത്തിന്റെ കുട്ടിക്കവിതകള്‍ (കവിതാസമാഹാരങ്ങള്‍), ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം എന്നിവയടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ശ്രീമഹാഭാഗവതം വിവര്‍ത്തനമാണ് ഏറ്റവും ഒടുവില്‍ രചന നിര്‍വഹിച്ചത്.

കേരളസാഹിത്യഅക്കാദമി അവാര്‍ഡ്, കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് , ഓടക്കുഴല്‍ അവാര്‍ഡ് ജ്ഞാനപീഠം ട്രസ്റ്റിന്റെ മൂര്‍ത്തീദേവി പുരസ്‌കാരം വയലാര്‍ അവാര്‍ഡ് എന്നിവയടക്കം അനവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1949 ല്‍ 23-ാം വയസ്സില്‍ പട്ടാമ്പി ആലമ്പിള്ളി മനയിലെ ശ്രീദേവി അന്തര്‍ജനത്തെ വിവാഹം ചെയ്തു. 2019 മെയില്‍ ഇവര്‍ അന്തരിച്ചു. പാര്‍വ്വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍ എന്നിവരാണ് മക്കള്‍. പ്രശസ്ത ചിത്രകാരനും ശില്‍പിയുമായ അക്കിത്തം നാരായണന്‍ സഹോദരനാണ്.