യെമനിൽ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് സൗദി അറേബ്യ 500 ലധികം വ്യോമാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നു ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തി. സൗദി സകല നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ട് നടത്തി എന്നാരോപിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനെ കഴിഞ്ഞ ആഴ്ച യു.കെ ന്യായീകരിച്ചത്. സൗദി അറേബ്യക്ക് യുകെ ആയുധ വിൽപ്പന പുനരാരംഭിച്ചതിനെക്കുറിച്ചുള്ള കോമൺസിൽ നിന്നും ഉയര്‍ന്ന അടിയന്തിര ചോദ്യത്തിന് വാണിജ്യ മന്ത്രി ഗ്രെഗ് ഹാൻഡ്സ് മറുപടി നല്‍കിയതോടെയാണ് സൗദിയുടെ അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയത്. എന്നാല്‍ കൂടുതല്‍ ആയുധങ്ങള്‍ വില്‍ക്കാന്‍ സന്നദ്ധമാകുമ്പോഴും സൗദി നടത്തിയിട്ടുള്ള എത്ര ബോംബാക്രമണങ്ങള്‍ യു.കെ അവലോകനം ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.

സൗദി നടത്തിയ ഓരോ ആക്രമണങ്ങളെ കുറിച്ചും യുകെ സർക്കാർ റിപ്പോർട്ടുകളൊന്നും പ്രസിദ്ധീകരിക്കില്ലെന്നും ഗ്രെഗ് ഹാൻഡ്സ് വ്യക്തമാക്കി. വിവരങ്ങളുടെ രഹസ്യ സ്വഭാവം പരിഗണിച്ച് അങ്ങിനെ പരസ്യപ്പെടുത്താന് അദ്ദേഹത്തിന് സ്വാതന്ത്ര്യമില്ല എന്നാണ് പറഞ്ഞത്. 2015 മുതൽ യെമനിൽ സൗദി നേതൃത്വത്തിലുള്ള സഖ്യം ഏത്ര അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന ലേബർ എംപി സറാ സുൽത്താനയുടെ രേഖാമൂലമുള്ള ചോദ്യത്തെത്തുടർന്നാണ് സര്‍ക്കാര്‍ മറുപടി പറയാന്‍ നിര്‍ബന്ധിതമായാത്. ‘ജൂലൈ 4 വരെ, യെമനിൽ അന്താരാഷ്ട്ര മാനുഷിക നിയമം (ഐഎച്ച്എൽ) ലംഘിച്ചതായി ആരോപിക്കപ്പെടുന്ന സംഭവങ്ങളുടെ എണ്ണം പ്രതിരോധ മന്ത്രാലയം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് 535 ആണ്’ എന്നാണ് പ്രതിരോധ മന്ത്രി ജെയിംസ് ഹീപ്പി നല്‍കിയ മറുപടി.

യുകെ സർക്കാർ 2017 ഡിസംബറില്‍ അവസാനമായി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ 318 അന്താരാഷ്‌ട്ര നിയമ ലംഘനങ്ങള്‍ സൗദിയുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നാണ് പറഞ്ഞിരുന്നത്. രണ്ടര വർഷത്തിനിടെ 200 സംഭവങ്ങളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.