മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, പിഷാരടി, ധര്‍മ്മജന്‍, അനുശ്രീ, മിയ, ജുവല്‍ മേരി, ആര്യ, അര്‍ച്ചന, പാര്‍വതി തുടംഗി മലയാള സിനിമയിലെ വന്‍ താരനിര ഒന്നടങ്കം യുകെയില്‍ എത്തിക്കഴിഞ്ഞു. യുകെയിലെ പ്രമുഖ മലയാളം ചാനലായ ആനന്ദ് ടിവി സംഘടിപ്പിക്കുന്ന താരനിശയിലും അവാര്‍ഡ് നൈറ്റിലും പങ്കെടുക്കാനാണ് മലയാള സിനിമാ ലോകം ഒന്നടങ്കം യുകെയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് ബര്‍മിംഗ്ഹാമില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമേ ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രഗത്ഭ നടന്മാര്‍ കുടുംബസമേതം ആണ് അവാര്‍ഡ് നൈറ്റിന് എത്തിയിരിക്കുന്നത്. കൂടാതെഏറ്റവും മികച്ച ലൈറ്റ് സൗകര്യം ദുബായില്‍ നിന്നും എത്തിച്ച് ഗംഭീരമായ കലാവിരുന്നാണ് അവാര്‍ഡ് നൈറ്റിനൊപ്പം ഒരുക്കുന്നത്. മലയാളത്തിലെ ഒട്ടേറെ മികച്ച നടിമാര്‍ ഒന്നിച്ച് അണിനിരക്കുന്ന നൃത്ത നൃത്ത്യങ്ങളാണ് മറ്റൊരു പ്രധാന സവിശേഷത.

മോഹന്‍ലാലും ഭാര്യ സുചിത്രയും, ബിജു മേനോനും സംയുക്താ വര്‍മ്മയും, സുരാജ് വെഞ്ഞാറമൂടും ഭാര്യ സുപ്രിയയും ആണ് അവാര്‍ഡ് നൈറ്റിലേക്ക് ഇരട്ടി മധുരവുമായി എത്തുന്നത്. എ ആര്‍ റഹ്മാന്‍ ഷോ ഉള്‍പ്പടെയുള്ള ഷോകള്‍ക്ക് ലൈറ്റിംഗ് നല്‍കുന്ന ഹാരോള്‍ഡ് ആണ് ലൈറ്റ് കൈകാര്യം ചെയ്യുന്നതിനായി ദുബായില്‍ നിന്ന് എത്തുന്നത്. താരങ്ങള്‍ എല്ലാം കഴിഞ്ഞ ദിവസങ്ങളിലായി യുകെയില്‍ എത്തിക്കഴിഞ്ഞു.

താരങ്ങളും ടെക്നീഷ്യന്‍മാരും ഉള്‍പ്പടെ 50 അംഗ ടീം ആണ് നാട്ടില്‍ നിന്ന് എത്തിയിരിക്കുന്നത്.  ബുധനാഴ്ചയോടെ എത്തിച്ചേര്‍ന്ന നടിമാരുടെ സംഘം നൃത്ത പരിശീലനം തുടങ്ങി കഴിഞ്ഞു.  പിഷാരടിയും, ധര്‍മ്മജനും, സുരാജും ഒന്നിക്കുന്ന ലൈവ് സ്കിറ്റുകള്‍ ഷോയുടെ ഹൈലൈറ്റ് ആയി മാറും.

ബിര്‍മിങ്ഹാമിലെ ഹിപ്പോഡ്രോം ഓഡിറ്റോറിയത്തില്‍ അടുത്ത ശനിയാഴ്ച നടക്കുന്ന താരനിശയില്‍ മോഹന്‍ലാല്‍, ബിജു മേനോന്‍, സുരാജ വെഞ്ഞാറമൂട്, മനോജ് കെ ജയന്‍, വിജയ് യേശുദാസ്, കീ ബോര്‍ഡിലെ മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി, ബിജിപാല്‍, ദിലീഷ് പോത്തന്‍, പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജി, അനുശ്രീ, മിയാ ജോര്‍ജ്ജ്, നിമിഷ സജയന്‍, ആര്യ, ഗായിക സിത്താര ഉള്‍പ്പടെ 50തില്‍പരം സിനിമ താരങ്ങളാണ് താര വിസ്മയം തീര്‍ക്കാന്‍ എത്തുക. ബര്‍മിങ്ഹാമിലേക്കുള്ള താരനിരയുടെ വരവ് കാത്തിരിക്കുന്ന കേരളീയ സമൂഹം ഇതിനോടകം തന്നെ സീറ്റുകള്‍ ഭൂരിഭാഗവും കയ്യടക്കി കഴിഞ്ഞു.

ആനന്ദ് ടിവിയുടെ മൂന്നാമത്തെ മെഗാഷോയില്‍ മോഹന്‍ലാലിനെ കാണുവാന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ പാട്ടുകേള്‍ക്കാനുള്ള അവസരം കൂടി യുകെ മലയാളികള്‍ക്കു ലഭിക്കും. പ്രശസ്ത യുവ ഗായകന്‍ വിജയ് യേശുദാസാണ് ഗാനമേളയ്ക്ക് നേതൃത്വം നല്‍കുക. മോഹന്‍ലാലിനൊപ്പം താരങ്ങളായ മനോജ് കെ ജയനും ബിജു മേനോനും മലയാളികളുടെ ഇഷ്ടഗാനങ്ങളുമായി സ്റ്റേജിലെത്തുമ്പോള്‍ അത് ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരവും യുകെ മലയാളികള്‍ക്ക് കൈവരും. ഒപ്പം കേരളത്തില്‍ ഇപ്പോള്‍ ഹാസ്യ രാജാക്കന്മാരായി വാഴുന്ന സുരാജ് വെഞ്ഞാറമൂടും പിഷാരടിയും ധര്‍മ്മജനും, പാഷാണം ഷാജിയും ഉള്‍പ്പെടെയുള്ള സംഘത്തിലെ വെടിക്കെട്ട് ഐറ്റങ്ങളും ഉണ്ടാകും.

ഇങ്ങനെ താരങ്ങളുടെ നൃത്തം, പാട്ട്, കോമഡി സ്‌കിറ്റുകള്‍ ഒപ്പം വമ്പന്‍ ഡാന്‍സ് ഗ്രൂപ്പുകളുടെ ചടുലമായ നൃത്തചുവടുകളും ഒക്കെ ചേരുമ്പോള്‍ മലയാളം ഇതുവരെ കണ്ടിട്ടില്ലാത്ത തകര്‍പ്പന്‍ ആഘോഷരാവായി മൂന്നാമത്തെ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് മാറും. ജ്യുവല്‍ മേരിയാണ് പരിപാടിയുടെ അവതാരകയായി എത്തുക. മഴവില്‍ മനോരമ ടിവി ഷോകളുടേയും ഏഷ്യാനെറ്റ് അവാര്‍ഡ് നിശയിലൂടെയും ജ്യൂവല്‍ മേരി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംപിടിച്ചിരുന്നു. മലയാളത്തനിമ നിറഞ്ഞ സ്വതസിദ്ധമായ ശൈലിയിലൂടെ യുകെ മലയാളി മനസ്സുകളേയും പ്രോഗ്രാമിലുടനീളം ജ്യുവല്‍ മേരി കൈയിലെടുക്കും.

ബിര്‍മിങാമിലെ ന്യൂ സ്ട്രീറ്റ് സ്റ്റേഷനില്‍ നിന്നും 5 മിനിറ്റ് നടപ്പുദൂരം മാത്രമാണ് ഹിപ്പോഡ്രോം ഓഡിറ്റോറിയത്തിലേക്കുള്ളത്. അതുപോലെ, മൂര്‍ സ്ട്രീറ്റ് സ്റ്റേഷനില്‍ ഇറങ്ങുന്നവര്‍ക്ക് 15 മിനിറ്റ് നടപ്പുദൂരത്തിലും ഓഡിറ്റോറിയത്തിലെത്താം. 20 മിനിറ്റ് വാഹന യാത്രാ അകലത്തിലാണ് ബിര്‍മിങാം എയര്‍പോര്‍ട്ട്. എം6 – എം5 മോട്ടോര്‍ വേകളും ഓഡിറ്റോറിയത്തിനു സമീപംകൂടി കടന്നുപോകുന്നു. ഓഡിറ്റോറിയത്തിനു സമീപം വിപുലമായ പാര്‍ക്കിങ്ങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുമ്പ് അറിയിച്ചതിനേക്കാള്‍ കൂടുതല്‍ താരങ്ങള്‍ എത്തുമ്പോള്‍ യുകെയിലെ ഏക മലയാളം ഫിലിം അവാര്‍ഡ് കാണുവാന്‍ എല്ലാവര്‍ക്കും സീറ്റ് നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നതാണ് ആനന്ദ് ടിവി പ്രവര്‍ത്തകരെ വിഷമിപ്പിക്കുന്നത്. കാരണം ഇവിടെ 2000 പേര്‍ക്ക് മാത്രമാണ് സീറ്റ്.

100 പൗണ്ടുമുതല്‍ 20 പൗണ്ടുവരെ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. നാലംഗങ്ങള്‍ക്കായുള്ള ഫാമിലി ടിക്കറ്റുകള്‍ സ്‌പെഷല്‍ ഡിസ്‌കൗണ്ട് നിരക്കിലും ലഭിക്കും. സാധാരണ യുകെയില്‍ നടക്കുന്ന മറ്റു ഷോകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ടിക്കറ്റ് വില്‍പന എന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് കൌണ്ടറില്‍ ടിക്കറ്റ് ലഭ്യമാക്കാനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. നാല് മണി മുതല്‍ ഹാളിനുള്ളിലേക്ക് ആളുകളെ പ്രവേശിപ്പിച്ച് തുടങ്ങും. അഞ്ച് മണി മുതലാണ്‌ താരനിശ അരങ്ങേറുന്നത്.

കാല്‍ നൂറ്റാണ്ടിലേറെയായി മലയാളികളുടെ വിശ്വാസ്യത നേടിയെടുത്ത ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്ടറും ആനന്ദ് മീഡിയ എംഡിയും ആനന്ദ് ട്രാവല്‍സിന്റെ ഉടമ കൂടിയായ ശ്രീകുമാര്‍ സദാനന്ദന്‍ നേതൃത്വം നല്‍കുന്ന ആനന്ദ് ടിവി പ്രവര്‍ത്തകര്‍ ബര്‍മിംഗ്ഹാം ഷോയുടെ അവസാനഘട്ട ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സാങ്കേതിക മികവാര്‍ന്ന ദൃശ്യ അനുഭവം സമ്മാനിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മലയാളി സമൂഹം ഇതുവരെ നല്‍കികൊണ്ടിരിയ്ക്കുന്ന പ്രോത്സാഹനം ആണ് ഇത്രയും വമ്പന്‍ താരനിരയെ തന്നെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അവാര്‍ഡ് നിശ സംഘടിപ്പിക്കുന്നതെന്ന് ശ്രീകുമാര്‍ സദാനന്ദന്‍ പറഞ്ഞു.

മുന്‍കൂട്ടിയുള്ള ബുക്കിംഗ് അവസാനിച്ചതിനാല്‍ ഇനി ഹിപ്പോഡ്രോമിലെ ആനന്ദ് ടിവി കൗണ്ടര്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭ്യമാവുകയുള്ളൂ. നാല് മണി മുതലാണ്‌ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പരിമിതമായ ടിക്കറ്റുകള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നും ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കും ടിക്കറ്റുകള്‍ നല്‍കുന്നത് എന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.

ഹാളിന്റെ വിലാസം

Birmingham Hippodrome
Hurst St, Southside B5 4TB