പാരീസ്: ഫ്രാൻസിൽ ഇന്നലെ ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരാക്രമണമുണ്ടായി.
ഫ്രാൻസിലെ നീസിൽ മൂന്ന് പേരെ കൊന്നൊടുക്കിയത് അതിക്രൂരമായി. ഒരു സ്ത്രീയെ അക്രമി കഴുത്തറുത്ത് കൊലപ്പെടുത്തിയപ്പോൾ മറ്റ് രണ്ടുപേരെ കുത്തിക്കൊല്ലുകയായിരുന്നു. നോത്രദാം ബസലിക്ക പള്ളിയുടെ സമീപത്തും അകത്തുംവെച്ചാണ് കത്തിയാക്രമണം നടന്നത്. സംഭവം ഭീകരാക്രമണമാണെന്ന് നീസ് മേയർ ക്രിസ്ത്യൻ എസ്ത്രോസി പറഞ്ഞു. ഫ്രാൻസിലെ ഭീകരവിരുദ്ധ പ്രോസിക്യൂട്ടർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സി.എൻ.എൻ. റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീയെ കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട പുരുഷന് ശരീരമാസകലം കുത്തേറ്റിരുന്നു. പള്ളിക്ക് അകത്തുവെച്ച് കുത്തേറ്റ മറ്റൊരു സ്ത്രീ പുറത്തേക്ക് ഓടിയെങ്കിലും തൊട്ടടുത്ത കഫേയിൽവെച്ച് മരിച്ചുവീണെന്നും സി.എൻ.എൻ. റിപ്പോർട്ട് ചെയ്യുന്നു.

അക്രമിയെ പോലീസ് വെടിവെച്ചാണ് കീഴ്പ്പെടുത്തിയത്. ഇയാൾ കൊല്ലപ്പെട്ടിട്ടില്ലെന്നും ജീവനോടെ കസ്റ്റഡിയിലുണ്ടെന്നും മേയർ അറിയിച്ചു. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചാൽ ഭീകരാക്രമണത്തിലേക്കാണ് വിരൽചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്രമം നടന്നയുടൻ നഗരത്തിലെ സുരക്ഷ സംവിധാനം ഉപയോഗിച്ച് ദൃക്സാക്ഷികൾ അപായസൂചന നൽകിയിരുന്നു. ഇതോടെ പോലീസ് നഗരം വളഞ്ഞു. ആളുകളുടെ ബഹളം കേട്ടാണ് താൻ പുറത്തേക്ക് നോക്കിയതെന്ന് പള്ളിയുടെ സമീപത്ത് താമസിക്കുന്ന ക്ലോ എന്നയാൾ ബി.ബി.സിയോട് പറഞ്ഞു. ‘ജനലിലൂടെ നോക്കിയപ്പോൾ നിരവധിപേരെ അവിടെ കണ്ടു. ഒട്ടേറെ പോലീസുകാരുമുണ്ടായിരുന്നു. പിന്നെ വെടിയൊച്ചകളും’- ക്ലോ വിശദീകരിച്ചു. അക്രമണം നടന്നതിന് പിന്നാലെ ആളുകൾ കൂട്ടത്തോടെ കരയുന്ന കാഴ്ചയാണ് തെരുവിൽ കണ്ടതെന്ന് വിദ്യാർഥിയായ ടോം വാനിയർ പ്രതികരിച്ചു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ വ്യക്തിയായിരുന്നു ഇദ്ദേഹം.

നാല് വർഷം മുമ്പും സമാനമായരംഗങ്ങൾക്ക് നീസ് സാക്ഷ്യംവഹിച്ചിരുന്നു. 2016 ജൂലായ് 14-ന് നടന്ന ഭീകരാക്രമണത്തിൽ 86 പേരാണ് കൊല്ലപ്പെട്ടത്.ട്യൂണീഷ്യൻ പൗരൻ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയാണ് അന്ന് ആക്രമണം നടത്തിയത്.