റോയ് പാനികുളം

കൊച്ചി : മലയാള സിനിമ നടനും , അധ്യാപകനും , നാടക നടനുമായ ആന്റണി പാലയ്ക്കന്‍ ( ആന്‍സന്‍-72 ) അന്തരിച്ചു . സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് ഓച്ചന്തുരുത്ത് കുരിശിങ്കല്‍ പളളിയില്‍ വച്ച് നടക്കുന്നതായിരിക്കും . ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ജൂഡ് പാലിക്കന്റെയും , സിനി ജൂഡിന്റയും സഹോദരനാണ് ആന്റണി പാലയ്ക്കന്‍. കുറച്ചു നാളുകളായി രോഗബാധിതനായിരുന്നു പരേതന്‍ . ഓച്ചന്തുരുത്ത് വൈഎഫ്എ , കൊച്ചിന്‍ നാടക വേദി , കൊച്ചിന്‍ നീലിമ തുടങ്ങിയ നാടക സംഘങ്ങളില്‍ സജീവമായിരുന്നു ആന്റണി പാലയ്ക്കന്‍.


മഹാരാജാസ് കോളജ് ആര്‍ട്ട്സ് ക്ലബ് സെക്രട്ടറിയായിരിക്കെ , സഹപാഠിയായിരുന്ന നടന്‍ മമ്മൂട്ടിയുമായി ആരംഭിച്ച ചങ്ങാത്തം അവസാന നാള്‍വരെ തുടര്‍ന്നു . അസുഖ ബാധിതനായ പാലയ്ക്കനെ കാണാന്‍ മമ്മൂട്ടി ഓച്ചന്തുരുത്തിലെ സിസി കോട്ടേജില്‍ എത്തിയിരുന്നു. ലേലം സിനിമയില്‍ ക്രൂഷ്ചേവ് കുഞ്ഞച്ചനായി വേഷമിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു . ലേലം കൂടാതെ ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ആന്റണി പാലയ്ക്കന്‍ തിളങ്ങിയിട്ടുണ്ട്.


മഹാരാജസിലെ പഠന കാലത്ത് വൈഎഫ്എ അവതരിപ്പിച്ച പിഎന്‍ പ്രസന്നന്റെ സബര്‍മതി എന്ന നാടകം സംവിധാനം ചെയ്തത് ആന്റണി പാലയ്ക്കനായിരുന്നു. കലക്ടറായിരുന്ന കെ ആര്‍ വിശ്വംഭരനും പാലയ്ക്കനൊപ്പം വൈഎഫ്എ നാടകങ്ങളില്‍ സജീവമായിരുന്നു. ഓച്ചന്തുരുത്ത് സെന്റ് പീറ്റേഴ്സ് എല്‍പി സ്‌കൂളിലെ മുന്‍ അറബി അധ്യാപകനായിരുന്നു ആന്റണി പാലയ്ക്കന്‍ . ഭാര്യ റീറ്റ. മക്കള്‍ : ആര്‍തര്‍ , ആല്‍ഡ്രസ് , അനീറ്റ. മരുമക്കള്‍ : ടിറ്റി, റിങ്കു, ജോവിന്‍.