അനു റ്റിജി

പരീക്ഷകള്‍ എല്ലാം അവസാനിച്ചപ്പോള്‍ അവധിക്കാലമിങ്ങെത്തി. എനിക്ക് സന്തോഷമായിരുന്നു. അതിനൊരു കാരണം അച്ഛന്റെ വീട്ടില്‍ എന്നെയും ചേച്ചിയേയും കുറച്ചു ദിവസം ചിലവഴിക്കാമെന്ന് അച്ഛന്‍ നേരത്തെ വാക്ക് നന്നിരുന്നു. അങ്ങനെ ഞങ്ങള്‍ അച്ഛന്റെ വീടായ കട്ടപ്പനയിലേക്ക് യാത്ര തിരിച്ചു. എനിക്കങ്ങോട്ട് പോകാന്‍ സ്‌ന്തോഷമാണ് കാരണം തിരുവല്ലയില്‍ നിന്നും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് കട്ടപ്പനയിലേത്. മലനിരകളും പച്ചപ്പും നിറഞ്ഞ ഒരു ഗ്രാമത്തിലായിരുന്നു അച്ഛന്റെ വീട്. പോകുന്ന വഴിയിലുള്ള കാഴ്ച്ചകള്‍ തന്നെ വളരെ മനോഹരമാണ്. വളഞ്ഞ് പുളഞ്ഞ് കീടക്കുന്ന വഴിക്ക് ഇരുവശവും മനോഹരമായി കാട്ടുപൂക്കളാല്‍ സമൃദ്ധമായിരിക്കും. ഞങ്ങള്‍ കാര്‍ നിര്‍ത്തി ഒരു തേയിലത്തോട്ടം കാണാനിറങ്ങി. കണ്ണെത്താ ദൂരത്തോളം കുന്നുകള്‍ നിറയെ തേയിലത്തോട്ടം നില്‍ക്കുന്നു. കുന്നുകള്‍ എല്ലാം ഒരു പച്ച പുതപ്പ് കൊണ്ട് മൂടിയതുപോലെ. ഒരറ്റത്തില്‍ നിന്നും മറ്റൊരു അറ്റത്തേക്ക് ഉരുണ്ട് കളിക്കാന്‍ തോന്നി.

ഞാനോരു തേയില ചെടിയുടെ ഇല നുള്ളിയെടുത്ത് അതിന്റെ ഗന്ധം ആസ്വദിക്കാന്‍ ശ്രമിച്ചു. പക്ഷേ അതിന് തേയിലപ്പൊടിയുടെ മണമൊന്നും ഇല്ലായിരുന്നു. തേയില നുള്ളിയെടുത്ത് ഉണങ്ങി ഫാക്ടറിയില്‍ തേയില പൊടിയായി മാറുന്ന പ്രക്രിയ പാഠപുസ്‌കത്തില്‍ പഠിച്ചത് ഓര്‍ത്തു.

യാത്രയില്‍ ഒരുവേള നല്ല കട്ടിയുള്ള മഞ്ഞ് ഞങ്ങളുടെ പാതയിലേക്ക് അരിച്ചെത്തി. മഞ്ഞും തണുപ്പും ഞങ്ങളുടെ യാത്രയെ രസമുള്ളതാക്കി.

അച്ഛന്റ വീട്ടില്‍ മുറ്റത്തും പറമ്പിലും ഓടിക്കളിക്കുന്നതായിരുന്നു ഞങ്ങളുടെ വിനോദം. കുരുമുളകും കാപ്പിയും ഗ്രാമ്പുവും പിന്നെ ജാതിമരങ്ങളുമായിരുന്നു അവിടത്തെ പ്രധാന കൃഷിരീതികള്‍. ഇടയ്ക്ക് കൊക്കോയും ഉണ്ടായിരുന്നു. കൊക്കോ മിക്കതും അണ്മാന്‍ തുളച്ച് ഉപയോഗശൂന്യമായിരുന്നു. നല്ലൊരു കൊക്കോ പറിച്ച് അതിന്റെ പുറത്തെ മധുരമുള്ള ഭാഗം ഞങ്ങള്‍ കഴിച്ചു.

ഏലകൃഷിയിടത്തിലൂടെ നടക്കാന്‍ നല്ല രസമാണ്, വന്‍മരങ്ങള്‍ക്കിടയിലാണ് ഏലകൃഷി. ഞാന്‍ ഇതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത വന്‍കാട്ടുമരങ്ങള്‍. മരങ്ങളിലൊക്കെ പുതിയതരെ പക്ഷികളെയും ഞാന്‍ കണ്ടു. മൈനയാണ് എനിക്കതില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. കാണാന്‍ നല്ല ചന്തവും ഒപ്പം തന്നെ സ്വരത്തിന്റെ പ്രത്യേകതയും, പിന്നെ ഒത്തിരി മാടതത്തകളും ഉണ്ടായിരുന്നു. പല മരങ്ങളും നൂറ് വര്‍ഷത്തിന് മേല്‍ പഴക്കമുള്ളതാണ് എന്ന് കേട്ട ഞാന്‍ ഞെട്ടി. നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് ഈ മരങ്ങള്‍ ഇവിടെയുണ്ടെന്ന വസ്തുത എന്നെ അദ്ഭുതപ്പെടുത്തി. പറമ്പിന് അതിര് ചേര്‍ന്ന് പ്രത്യേകതരം ചെടികൊണ്ട് വേലി കെട്ടിയിരുന്നു. അതിലും നിറയെ പൂക്കള്‍.

ഒരു ദിവസം ഞങ്ങള്‍ നടക്കാന്‍ പോയി. ആ വഴി ചെന്നെത്തുക അഞ്ചുരുളി എന്ന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കാണെന്ന് അച്ഛന്‍ പറഞ്ഞു. പോകുന്ന വഴി നല്ലൊരു അരുവി കണ്ട് ഞങ്ങള്‍ ഇറങ്ങി. നിറയെ ഉരുളന്‍ കല്ലുകളും പാറകളും നിറഞ്ഞ ഒരു തോടാണ്. നല്ല തെളിഞ്ഞ വെള്ളം. വെള്ളം ഒഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം അവിടെ ഏറെ നേരം നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചു. പാറകളിലൊക്കെ കല്ലൊരഞ്ഞുണ്ടാകുന്ന ചെറിയ കുഴികള്‍. ചെറിയ ചെറിയ പേരറിയാത്ത കുഞ്ഞു മീനുകളെയും ഞങ്ങള്‍ കണ്ടു. നല്ല തെളിനീരില്‍ മുഖം കഴുകി അന്നത്തെ യാത്ര മതിയാക്കി.

ഇടയ്ക്ക് പുതിയ തരം വിഭവങ്ങള്‍ കഴിക്കാനും സാധിച്ചു. അതിലേറ്റവും കൂടുതല്‍ ഇഷ്ടമായത് ചക്കപ്പഴമായിരുന്നു. ചക്ക ചകിണി കളഞ്ഞ് ചുളയൊരുക്കാന്‍ ഞാനും ചേച്ചിയും സഹായിച്ചു.

എന്റെ മനസില്‍ ഏറ്റഴും ഇഷ്ടപ്പെട്ട സംഭവം ചേച്ചിയും ഞാനും കൂടിയുള്ള കളികളായിരുന്നു. ഒരു പാളയിലിരുത്തി ചേച്ചി എന്നെ വലിച്ചുകൊണ്ട് നടക്കുന്നതായിരുന്നു ഏറ്റവും ഇഷ്ടമായ കളി. ഇടയ്ക്ക് മറിഞ്ഞ് വീണ് കാല് മുറിഞ്ഞെങ്കിലും അടുത്ത അവധിക്കാലത്ത് ഈ കളികളെല്ലാം കളിക്കാന്‍ ഞങ്ങള്‍ ഇവിടേയ്ക്ക് വരുമെന്ന് തിരിച്ച് പോകുമ്പോള്‍ ഞാന്‍ മനസില്‍ പറഞ്ഞുകൊണ്ടേയിരുന്നു.

…………………………………………………………………………………………………………………………………………………….

അനു റ്റിജി തിരുവല്ല ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ 8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. റേഡിയോ മാക്ഫാസ്റ്റ് നടത്തിയ ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തില്‍ അനു റ്റിജിയുടെ ‘മലനിരകളുടെ നാട്ടില്‍ ഒരു അനധിക്കാലം’ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.