ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യയിൽ നിന്നുള്ള വാക്സീൻ കയറ്റുമതിയിൽ വിലക്ക് ഏർപ്പെടുത്തിയതോടെ യുകെയിലെ വാക്സിനേഷൻ പദ്ധതി കൂടുതൽ ആശങ്കയിലേയ്ക്ക്. ഹൗസ് ഓഫ് കോമൺസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, പ്രധാനമന്ത്രി ആംഗ്ലോ-ഇന്ത്യൻ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി അടുത്ത മാസം ഞാൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. വാക്സിൻ കയറ്റുമതിയിൽ നിലനിൽക്കുന്ന ആശയകുഴപ്പം പരിഹരിക്കാനായി ഇന്ത്യയുമായി രഹസ്യ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്‌. ഇന്ത്യയിൽ നിർമിച്ച അസ്ട്രാസെനക്കാ വാക്സീന്റെ അഞ്ചു മില്യൺ ഡോസുകളുടെ കയറ്റുമതി വൈകുന്നത് അടുത്ത മാസത്തെ വാക്സിനേഷന്റെ വേഗത കുറയ്ക്കും. വാക്സിനേഷൻ കയറ്റുമതി തടയാനുള്ള മോദി സർക്കാരിന്റെ തീരുമാനം ബോറിസ് ജോൺസന് കൂടുതൽ തലവേദന സൃഷ്ടിക്കും.

രാജ്യത്തെ കാർഷിക പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകരോടുള്ള പെരുമാറ്റത്തിനെതിരെ ലേബർ, ലിബറൽ ഡെമോക്രാറ്റ്, സ്കോട്ടിഷ് നാഷണൽ പാർട്ടി എംപിമാർ ഇന്ത്യൻ സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് മോദി ഇതിനകം ബ്രിട്ടനുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി യുകെ മാർച്ച് രണ്ടിന് കരാർ പ്രഖ്യാപിച്ചെങ്കിലും വിതരണം സുഗമമായി നടക്കുന്നില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് അദാർ പൂനവല്ല മുന്നറിയിപ്പ് നൽകിയിരുന്നു. യുകെയ്ക്ക് ബാക്കി ഡോസ് എപ്പോൾ നൽകണമെന്നത് ഇന്ത്യയുടെ തീരുമാനത്തെ ആശ്രയിച്ചാണെന്ന് പൂനവല്ല വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യങ്ങൾ ഉയരുമ്പോൾ മറ്റു രാജ്യങ്ങൾ വാക്സിനായി കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.

നരേന്ദ്ര മോദി പ്രധാനവാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് സൈറ്റുകൾ അടച്ചുപൂട്ടുക, പ്രതിഷേധക്കാരെയും അനുഭാവികളെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്യുക, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിക്കുക എന്നിവയാണ് സർക്കാർ കൈകൊണ്ട മാർഗങ്ങൾ. പ്രതിഷേധിക്കുന്ന നിരവധി കർഷകർ സിഖ്, മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്ന വസ്തുത മോദിയുടെ രാഷ്ട്രീയ അജണ്ടയുടെ കാപട്യത്തെ തുറന്നിടുന്നു. പ്രതിഷേധക്കാർക്കും അവരുടെ അനുയായികൾക്കുമെതിരായ കനത്ത തന്ത്രങ്ങൾ മോദിയുടെ ഭരണരീതിയുടെ മുഖമുദ്രയാണ്. 110,000 കാണികൾക്ക് ഒരേസമയം പ്രവേശിക്കാൻ കഴിയുന്ന അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലാണ്. ഇവിടെ വച്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ്‌ മത്സരവും നടക്കുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യത്തിൽ വിദേശ രാജ്യങ്ങളെ അവഹേളിക്കുന്ന രീതിയിലുള്ള പ്രധാനമന്ത്രിയുടെ നടപടികൾ തീർത്തും അപകടകരമാണ്.