ടി.വി അവതാരകൻ അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകൾ പുറത്ത്​. 500 പേജ്​വരുന്ന ചാറ്റുകളാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. ടി.ആർ.പി റേറ്റിങ്​ തട്ടിപ്പിൽ നടന്ന ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ചാറ്റുകളിലൂടെ പുറത്തുവന്നു. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്‍റെ (ബാർക്) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയുമാണ്​ അർണബ്​ ചാറ്റ്​ ​െചയ്​തിരിക്കുന്നത്​.

പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ബി.ജ.പി നേതാക്കളുമായുള്ള അർണബിന്‍റെ ബന്ധവും ചാറ്റിലൂടെ പുറത്തുവന്നു. ടിആർപി റേറ്റിങ്​ തന്‍റെ ചാനലിന്​ അനുകൂലമാക്കാനുള്ള ഗൂഢാലോചനയും ചാറ്റുകളിലുണ്ട്​. ബിജെപി സർക്കാരിൽ നിന്ന് വേണ്ട സഹായങ്ങൾ നേടിയെടുക്കാമെന്ന വാഗ്​ദാനവും ബാർഷ്​ സി.ഇ.ഒക്ക്​ അർണബ്​ നൽകുന്നുണ്ട്​. ചാറ്റുകളുടെ സ്​ക്രീൻഷോട്ട്​ അഭിഭാഷകനും ആക്​ടിവിസ്റ്റുമായ പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ പങ്കുവച്ചു.

ബാർക്ക് സി‌ഇ‌ഒയും അർണബ് ഗോസ്വാമിയും തമ്മിലുള്ള വാട്​സ്ആപ്പ് ചാറ്റുകളുടെ സ്​ക്രീൻഷോട്ടുകളാണിത്. നിരവധി ഗൂഢാലോചനകളും സർക്കാർ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റവും ഇതിൽ കാണാം. ഒരു പവർ ബ്രോക്കർ എന്ന നിലയിൽ തന്‍റെ മാധ്യമത്തെ അർണബ്​ മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്‍റെ ഏത് നിയമവ്യവസ്​ഥപ്രകാരവും ഇയാൾ ഏറെക്കാലം ജയിലിൽ കിടക്കേണ്ടിവരും’-പ്രശാന്ത്​ഭൂഷൻ ട്വിറ്ററിൽ കുറിച്ചു. മറ്റ്​ ചാനലുകളിൽ പ്രവർത്തിക്കുന്ന അവതാരകരെ വളരെ മോശം ഭാഷ ഉപയോഗിച്ചാണ്​ അർണബ്​ ചാറ്റുകളിൽ വിശേഷിപ്പിക്കുന്നത്​.