ന്യൂസ് ഡെസ്ക് , മലയാളം യുകെ

ബെൽഫാസ്റ്റ് : മാസ്ക് ധരിക്കാതെ വിമാനത്തിൽ പ്രവേശിച്ച യുവതി മറ്റു യാത്രക്കാർക്ക് നേരെ ചുമച്ചു. നോർത്തേൺ അയർലണ്ടിൽ നിന്നും പറന്നുയരാനിരുന്ന ഈസി ജെറ്റ് ഫ്ലൈറ്റിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ആരോഗ്യപ്രതിസന്ധിയുടെ ഈ കാലത്ത് മറ്റുള്ളവർക്ക് വലിയ ഭീഷണി ഉയർത്തുന്ന സംഭവമാണ് ഇന്നലെ ഉണ്ടായത്. മാസ്ക് ധരിക്കാതെ എത്തിയ യുവതി മറ്റു യാത്രക്കാർക്ക് നേരെ ചുമയ്ക്കുകയും ക്യാബിൻ ക്രൂ സ്റ്റാഫുകളോട് കയർത്തു സംസാരിക്കുകയും ചെയ്തു. അതിനുപിന്നാലെ യുവതിയെ വിമാനത്തിൽ നിന്നും നീക്കി. ബെൽഫാസ്റ്റിൽ നിന്ന് എഡിൻബർഗിലേക്ക് യാത്ര ആരംഭിക്കാനിരുന്ന വിമാനത്തിലാണ് സംഭവം നടന്നതെന്ന് ഈസി ജെറ്റ് വക്താവ് അറിയിച്ചു.

“എല്ലാവരും മരിക്കും. കൊറോണ അല്ലെങ്കിൽ മറ്റൊന്ന്… എല്ലാവരും മരിക്കും.” യാത്രികർക്ക് നേരെ അശ്ലീല പ്രയോഗം നടത്തിയ ശേഷമാണ് അവർ വിമാനം വിട്ടിറങ്ങിയത്. വിമാനത്തിൽ നിന്നും പുറത്തേക്ക് വന്ന സമയത്തും യാത്രക്കാർക്ക് നേരെ യുവതി ചുമയ്ക്കുകയുണ്ടായി. ഫേസ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പോലീസ് എത്തിയതെന്ന് ഈസിജെറ്റ് സ്ഥിരീകരിച്ചു. “ഇ എ എസ് എ യുടെ മാർഗനിർദേശ പ്രകാരം എല്ലാ യാത്രക്കാരും നിലവിൽ ഫ്ലൈറ്റിനുള്ളിൽ അവരുടേതായ ഫേസ് മാസ്ക് ധരിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോൾ മാത്രമേ അത് മാറ്റാൻ അനുവാദമുള്ളൂ.” എയർലൈനിന്റെ വക്താവ് പറഞ്ഞു.

യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിമാനത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ എല്ലാവർക്കും കൃത്യമായ നിർദേശങ്ങൾ നൽകുന്നുണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് യാത്രക്കാരോടും ക്രൂവിനോടും ഉള്ള മോശമായ പെരുമാറ്റം ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ കൊറോണ വൈറസ് കേസുകൾ ഗണ്യമായി ഉയരുന്ന ഈ സമയത്ത് പൊതുജനങ്ങളുടെ ഭാഗത്തു നിന്നുള്ള ഇത്തരം നീക്കങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.