സിദ്ധുവിനെ പാർട്ടിയിലെത്തിച്ച് പഞ്ചാബ് പിടിക്കാനൊരുങ്ങുന്നു ആം ആദ്മി പാർട്ടി ; ആം ആദ്മി പാർട്ടിയാണ് യോജിച്ച പാർട്ടിയെന്ന് സിദ്ധുവിന്റെ ഭാര്യ

സിദ്ധുവിനെ പാർട്ടിയിലെത്തിച്ച് പഞ്ചാബ് പിടിക്കാനൊരുങ്ങുന്നു ആം ആദ്മി പാർട്ടി ; ആം ആദ്മി പാർട്ടിയാണ് യോജിച്ച പാർട്ടിയെന്ന് സിദ്ധുവിന്റെ ഭാര്യ
February 13 17:24 2020 Print This Article

സ്വന്തം ലേഖകൻ

ദില്ലി : ദില്ലിയിലെ ഹാട്രിക് വിജയത്തോടെ ആം ആദ്മി പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുവാൻ ഒരുങ്ങുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ 2024 ല്‍ കെജരിവാള്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്‍പ്പെടെയുള്ള ചര്‍ച്ച കൊഴുക്കുകയാണ്. അതിനിടെ ദില്ലി വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം സജീവമാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. കോണ്‍ഗ്രസ് നേതാവായ നവജ്യോത് സിംഗ് സിദ്ധുവിനെ മുന്‍ നിര്‍ത്തി പഞ്ചാബ് പിടിക്കാനാണ് ആപ്പിന്‍റെ നീക്കം. നവജ്യോത് സിംഗ് സിദ്ധുവിനെ ആം ആദ്മിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമായിട്ടുണ്ട്.

മാത്രമല്ല പഞ്ചാബിലെ പ്രമുഖ നേതാക്കളെ അടര്‍ത്തി ‘ആപ്പി’ലാക്കുമെന്നാണ് വിവരം. ദില്ലിയിലെ വിജയത്തോടെ പഞ്ചാബില്‍ സംഘടന പ്രവര്‍ത്തനം ശക്തമാക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാര്‍ട്ടി. 2013 ലെ ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് പിന്നാലെ നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമായിരുന്നു ആം ആദ്മിക്ക് പഞ്ചാബില്‍ ലഭിച്ചത്. പാര്‍ട്ടിയുടെ നാല് ​നേതാക്കള്‍ ലോകസഭയിലേക്ക് ജയിച്ചു വന്നിരുന്നു . എന്നാല്‍ 2017 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം കാഴ്ച വെയ്ക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയിലെ ഉള്‍പ്പോര് ആം ആദ്മിയുടെ തിരിച്ചടിക്ക് കാരണമായി. തിരഞ്ഞെടുപ്പില്‍ 19 സീറ്റുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്. സഖ്യകക്ഷിയായ ഇന്‍സാഫ് പാര്‍ട്ടിക്ക് മൂന്ന് സീറ്റുകളും ലഭിച്ചു.

നിലവിലെ ദില്ലി വിജയത്തോടെ ഊര്‍ജ്ജം കൈവരിച്ച നിലയാണ് ആപ് നേതൃത്വം. പഞ്ചാബ് പിടിക്കാനുള്ള നിര്‍ണായക നീക്കങ്ങളാണ് ആം ആദ്മി ക്യാമ്പില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. വ്യത്യസ്ത വിമത ഗ്രൂപ്പുകളെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ആം ആദ്മിയില്‍ നടക്കുന്നത്. ഒരു വിമത ഗ്രൂപ്പിന്‍റെ നേതാവും എംഎല്‍എയുമായ കന്‍വാര്‍ സന്ധു നേതൃത്വത്തുവായി വീണ്ടും അടുക്കുകയാണെന്ന സൂചന നല്‍കി രംഗത്തെത്തി.

അതിനിടെ മുന്‍ കോണ്‍ഗ്രസ് നേതാവായ നവജ്യോത് സിംഗ് സിദ്ധുവിനെ ആം ആദ്മിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളും ശക്തമായിട്ടുണ്ട്.  ദില്ലിയില്‍ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച പ്രശാന്ത് കിഷോറിന്‍റെ ഐ -പാക് ടീമും സിദ്ധുവിനെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം. 2017ല്‍ കോണ്‍ഗ്രസിലേക്ക് എത്തിയ നേതാവാണ് മുന്‍ ക്രിക്കറ്റര്‍ കൂടിയായ നവജ്യോത് സിംഗ് സിദ്ധു. പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച നേതാക്കളില്‍ ഒരാളു കൂടിയാണ് അദ്ദേഹം. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള അസ്വാരസ്യങ്ങളെ തുടര്‍ന്നാണ് സിദ്ധു മന്ത്രിസ്ഥാനം രാജി വെച്ചത്. അമരീന്ദറുമായി ശത്രുതയില്‍ തുടരുന്ന സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് എത്തിക്കുക വഴി അമരീന്ദറിന്‍റെ ശത്രുപക്ഷത്തുള്ള മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാരേയും അടര്‍ത്തിയെടുക്കാമെന്ന് ആം ആദ്മി കരുതുന്നു.

നേരത്തേ തന്നെ സിദ്ധുവിനെ ആം ആദ്മിയില്‍ എത്തിക്കാനുള്ള നീക്കം പാര്‍ട്ടി നടത്തിയിരുന്നു. അദ്ദേഹം ഇപ്പോള്‍ ആം ആദ്മിയുടെ ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ സിദ്ധു തയ്യാറായിട്ടില്ല. അതേസമയം സിദ്ധുവിനെ മാത്രമല്ല ആം ആദ്മിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള നിരവധി നേതാക്കളെ ഇതിനോടകം തന്നെ പാര്‍ട്ടി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് ഹര്‍പാല്‍ സിംഗ് ചീമ പറഞ്ഞു.

പഞ്ചാബിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ള നേതാക്കളെ ‘ആപ്’ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ചീമയുടെ പ്രതികരണം. അതേസമയം ആം ആദ്മിയുടെ വിജയത്തിന്‍റെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള കക്ഷികള്‍. പഞ്ചാബില്‍ 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപി – ശിരോമണി അകാലിദള്‍ സഖ്യവും ആം ആദ്മി പാര്‍ട്ടിയും ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികള്‍. 117 അംഗ പഞ്ചാബ് നിയമസഭയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാര്‍ട്ടിക്ക് 19 എംഎല്‍എമാരെ ലഭിച്ചിരുന്നു. ആം ആദ്മി പാർട്ടിയാണ് സിദ്ധുവിന് യോജിച്ച പാർട്ടിയെന്ന സിദ്ധുവിന്റെ ഭാര്യയുടെ പ്രതികരണം അദ്ദേഹത്തിന്റെ ആം ആദ്മി പാർട്ടിയിലേക്കുള്ള ചുവട് വയ്പ്പായിട്ടാണ് പഞ്ചാബ് ആപ്പ് നേതൃത്വം കാണുന്നത് .

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles