ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിടുതലിന് ശ്രമിക്കുകയാണ് ഷപ്പൂര്‍ജി പല്ലോന്‍ജി അഥാവാ എസ് പി ഗ്രൂപ്പ്. ടാറ്റ ഗ്രൂപ്പില്‍നിന്ന് പിന്‍വാങ്ങുന്നതാണ് നല്ലതെന്ന് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. പിന്‍മാറ്റത്തിന് എസ് പി ഗ്രൂപ്പ് മുന്നോട്ടുവെച്ച നിര്‍ദ്ദേശം ടാറ്റ അംഗീകരിച്ചാല്‍ അത് ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തിലെ തന്നെ വലിയ സംഭവമായിരിക്കും. എതിര്‍ത്താല്‍ വലിയ നിയമ തര്‍ക്കത്തിലേക്കും അത് നീങ്ങും. മിസ്ത്രി കുടുംബമാണ് എസ് പി ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍. ടാറ്റയും മിസ്ത്രിയും തമ്മിലുളള തര്‍ക്കമാണ് വലിയ തര്‍ക്കത്തിന് കാരണമായത്. എന്താണ് ഈ തര്‍ക്കത്തെ ഇത്ര പ്രധാന്യമുള്ളതാക്കുന്നത്?

ടാറ്റാ ഗ്രൂപ്പുമായി ഏഴ് പതിറ്റാണ്ടിലേറെ ബന്ധമുള്ള ഗ്രൂപ്പാണ് ഷപ്പൂര്‍ജി പല്ലോന്‍ജി. ടാറ്റാ ഗ്രൂപ്പില്‍ തങ്ങള്‍ക്കുളള ഓഹരികള്‍ ഉപയോഗിച്ച് മൂലധനം കണ്ടെത്താനുള്ള എസ് പി ഗ്രൂപ്പിന്റെ നീക്കത്തിന് കമ്പനി എതിരുനിന്നതോടെയാണ് ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായത്. ഇത്തരം ഒരു ഇടപാട് എസ് പി ഗ്രൂപ്പ് നടത്തുന്നത് തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരിലേക്ക് ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നാണ് ടാറ്റാ ഗ്രൂപ്പ് ഭയക്കുന്നത്. ടാറ്റ സണ്‍സില്‍, ഏറ്റവും കൂടതല്‍ മൈനോരിറ്റി ഷെയര്‍ ഉള്ളത് എസ് പി ഗ്രൂപ്പിനാണ് ( ഒരു കമ്പനിയില്‍ 50 ശതമാനത്തില്‍ താഴെ ഓഹരികള്‍ ഉള്ളതിനെയാണ് മൈനോരിറ്റി ഷെയര്‍ എന്നു പറയുന്നത്.)

ടാറ്റാ സണ്‍സില്‍ എസ്പി ഗ്രൂപ്പിന് 18.34 ശതമാനം ഓഹരികളാണ് ഉള്ളത്. ടാറ്റ സണ്‍സുമായി ബന്ധം പിരിയുമ്പോള്‍ ഈ ഓഹരികള്‍ ടാറ്റ സണ്‍സ് തിരിച്ചവാങ്ങേണ്ടിവരും. എസ് പി ഗ്രൂപ്പിന്റെ സാമ്പത്തിക സ്ഥിതി മോശമായതുമുലമാണ് ഈ ഓഹരികള്‍ ഈട് നല്‍കി പണം സമാഹരിക്കാന്‍ അവര്‍ ശ്രമിച്ചത്. അതിനെയാണ് ടാറ്റ എതിര്‍ത്തതും ഇരു കമ്പനികളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് നയിച്ചതും.

“ടാറ്റ സണ്‍സിന്റെ ഈ നീക്കം ശത്രുതപരമാണ്. ടാറ്റ ഗ്രൂപ്പുമായുളള ബന്ധം പടുത്തുയര്‍ത്തിയത് പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങേയറ്റം വേദനയോടെയാണ് മിസ്ത്രി കുടുംബം വേര്‍പിരിയുന്നതാണ് ഓഹരി ഉടമകള്‍ക്ക് നല്ലത് എന്ന തീരുമാനത്തിലെത്തുന്നത്”, കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രത്തന്‍ ടാറ്റ, ടാറ്റ സണ്‍സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറാന്‍ തീരുമാനിച്ചപ്പോള്‍ എസ് പി ഗ്രൂപ്പിലെ സൈറസ് മിസ്ത്രിയെയായിരുന്നു ചെയര്‍മാനായി നിയമിച്ചത്. ടാറ്റാ കുടുംബത്തിനു പുറത്തുള്ള ആദ്യ ചെയര്‍മാന്‍. എന്നാല്‍ 2016 ഒക്ടോബറില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ മിസ്ത്രിയെ നീക്കുകയായിരുന്നു. ടാറ്റ സണ്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിന് മിസ്ത്രിയിലുളള വിശ്വാസം നഷ്ടപ്പെട്ടുവെന്നതായിരുന്നു കാരണമായി പറഞ്ഞത്. ഇരു കമ്പനികളും തമ്മിലുള്ള ഉടക്ക് അന്ന് മുതല്‍ തുടങ്ങിയതാണ്. ഇതിനെതിരെ മിസ്ത്രി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. മിസ്ത്രിയെ നീക്കിയ നടപടി തെറ്റാണെന്നായിരുന്നു ട്രൈബ്യൂണിലിന്റെ വിധി. അദ്ദേഹത്തെ അവശേഷിക്കുന്ന കാലാവധിയില്‍ ചെയര്‍മാനായി തുടരാന്‍ അനുവദിക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ സുപ്രീം കോടതി ആ വിധി സ്‌റ്റേ ചെയ്യുകയായിരുന്നു. തിരിച്ച് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇല്ലെന്ന് മിസ്ത്രിയും പറഞ്ഞു. കേസ് ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനിയിലാണ്. ന്യുനപക്ഷ ഓഹരി ഉടമകളെ അടിച്ചമര്‍ത്തുകയാണെന്നും കമ്പനി ഭരണം അവതാളത്തിലാവുകയാണെന്നുമുള്ള ആരോപണമാണ് മിസ്ത്രി കുടുബം ആരോപിച്ചത്.

ഈ തര്‍ക്കം തുടരുന്ന ഘട്ടത്തിലാണ് തങ്ങളുടെ പക്കലുള്ള ടാറ്റ സണ്‍സിന്റെ ഓഹരികള്‍ ഈട് നല്‍കി പണം കണ്ടെത്താനുള്ള ശ്രമം എസ് പി ഗ്രൂപ്പ് ശ്രമിച്ചത്. ഇതിനെതിരെ ടാറ്റ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഒക്ടോബര്‍ 28 വരെ നിലവിലുള്ള സ്ഥിതി തുടരാനും കോടതി ഉത്തരവിടുകയായിരുന്നു. ഇതിനിടയിലാണ് സെപ്റ്റംബര്‍ 22 ന് ടാറ്റയില്‍നിന്ന് പിരിയാന്‍ തീരുമാനിക്കുന്നതായി മിസ്ത്രി കുടുംബം അറിയിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചതു പോലെ 18.34 ശതമാനം ഓഹരികളാണ് എസ് പി ഗ്രൂപ്പിന് ഉള്ളത്. ഈ ഓഹരികള്‍ തിരിച്ചുവാങ്ങാമെന്നാണ് ടാറ്റ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ അതിന്റെ മൂല്യം കണക്കാക്കുമ്പോഴായിരിക്കും അടുത്ത തര്‍ക്കം എന്നാണ് കമ്പനി നിരീക്ഷികര്‍ സൂചിപ്പിക്കുന്നത്. 1,78,459 കോടി രൂപയുടെ മൂല്യം ഈ ഓഹരികള്‍ക്കുണ്ടെന്നാണ് ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് പറയുന്നത്. ഇത്രയും പണം കൊടുത്ത് ഓഹരി തിരികെ വാങ്ങാന്‍ ടാറ്റ സണ്‍സ് തയ്യാറായാല്‍ അത് ഇന്ത്യന്‍ കമ്പനികളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടുകളിലൊന്നാവും. അതിന് ടാറ്റ ഗ്രൂപ്പ് തയ്യാറാകുമോ അതോ തര്‍ക്കം പുതിയ തലത്തിലേക്ക് നീങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം