ഡോക്ടർ എ. സി. രാജീവ്‌ കുമാർ

എന്തെങ്കിലുമൊന്നു നിഷേധിക്കുന്നത് നമുക്കാർക്കും സഹിക്കാൻ ആവില്ല. നമ്മുടെ സ്ഥിരം ശീലം തടയാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഭാഗികമായി ചെറിയ മാറ്റം പോലും താങ്ങാനാവാത്ത മനുഷ്യൻ ഇക്കാലത്തെ വീട്ടിൽ പൂട്ടിയിടപെട്ട അവസ്ഥ എങ്ങനെ ഉൾക്കൊള്ളും? ഹൗസ് അറസ്റ്റ് എന്ന് കേട്ടിട്ടല്ലേ ഉള്ളു അതനുഭവിക്കാൻ ഇടയായപ്പോൾ ഉള്ള മാനസിക പ്രശ്നങ്ങൾ നമുക്ക് അതിജീവിച്ചേ മതിയാകു.

മനസ്സും ശരീരവും ആയുള്ള വേർതിരിരിക്കാനാവാത്ത ബന്ധം അംഗീകരിക്കുന്ന ആരോഗ്യ ശാസ്ത്രമാണ് ആയുർവ്വേദം. ചൂടുള്ള നെയ്യ് ഒരു മൺ പത്രത്തിൽ ഒഴിച്ചാൽ നെയ്മയം പത്രം വലിച്ചെടുക്കുകയും പത്രം തൊട്ടാൽ ചൂടുള്ളതായും നമുക്ക് അനുഭവപ്പെടുന്നു. അതേ പോലെ ഒരു ചൂട് പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ചാൽ നെയ്യ് ചൂട് വലിച്ചെടുക്കുന്നതിനാൽ നെയ് ചൂടുള്ളതായി കാണാൻ ആവും. ഇതേ പോലെ ശരീരത്തിന് ഉണ്ടാകുന്ന ഏതൊരു അസ്വസ്ഥതയും മനസിനെയും, മനസ്സിനുണ്ടാകുന്നത് ശരീരത്തെയും ബാധിക്കുന്നു എന്നാണ് ആയുർവ്വേദം കരുതുന്നത്.
രാഗം ദ്വേഷം ക്രോധം മദം മോഹം മത്സരം ഔത്സുക്യം എന്നിവ എല്ലാം തന്നെ രോഗം ആയോ രോഗ കരണമായോ തീരും എന്നും, അത്തരം രോഗങ്ങൾ പോലും ശമിപ്പിക്കുന്ന അപൂർവ വൈദ്യനെ നമസ്കരിച്ചു കൊണ്ടാണ് അഷ്ടാംഗഹൃദയം ആരംഭിക്കുന്നത്.

സമ്മിശ്രമായ പല തരം ക്ലേശ ഭാവങ്ങൾക്ക് ലോക് ഡൗൺ ഇടയാക്കിയിട്ടുണ്ട്. നാളിതുവരെ ഉള്ള രീതി പൊടുന്നനെ മാറ്റി മറിച്ചതിൽ ഉള്ള പരിഭ്രാന്തി. എത്ര നാൾ ഇങ്ങനെ എന്ന ഉത്കണ്ഠ, ഇതിനു ശേഷം എങ്ങനെ എന്നുള്ള സങ്കർഷം, ഉറ്റവരെ സുഹൃത്തുക്കളെ അകന്ന് നിൽക്കേണ്ടി വരുന്നതിൽ ഉള്ള ദ്വേഷം, ഓരോ ദിവസത്തെയും രോഗാതുരമായ ലോക വാർത്ത കേൾക്കുമ്പോൾ ഉള്ള പ്രയാസം. എല്ലാം കൂടി ഒരു വലിയ മനഃക്ലേശം വരുത്തിവെക്കുന്നു.
ഇതിൽ നിന്ന് ഉള്ള മോചനം, അതിജീവനത്തിന് അനിവാര്യമാണ്. ഓരോ ദിവസവും എന്തെങ്കിലും ഒരു പുതിയ കാര്യം ചെയ്യാൻ തയ്യാർ ആകുക. പഴയ സുഹൃത്തുക്കളെ ബന്ധുക്കളെ ഒന്ന് വിളിക്കുക അവരുടെ ക്ഷേമം അന്വേഷിക്കുക. വീട്ടിൽ ഉള്ളവരും ആയി സ്നേഹ സന്തോഷങ്ങൾ പങ്കു വെക്കുക. പുസ്തകം വായിക്കുക. കൃഷി പൂന്തോട്ടം പച്ചക്കറി തോട്ടം, എന്നിവ തയ്യാർ ആക്കുക. വീട് വൃത്തിയാക്കുക അങ്ങനെ എന്തെല്ലാം ഉണ്ട് ചെയ്യുവാനായി.
ചെറിയ കലാ പരിശീലനം പാട്ട്, നൃത്തം, ചിത്രം വരക്കുക, തയ്യൽ, വാദ്യോപകരണം വായിക്കുക അങ്ങനെ ആസ്വാദ്യതയുടെ ആഹ്ലാദ നിമിഷങ്ങൾ കണ്ടെത്തുക.
യാഥാർഥ്യ ബോധത്തോടെ ചിന്തിക്കുക നമ്മുടെ ശരീരത്തിനും മനസ്സിനും അഹിതം ആയവ തിരിച്ചറിയുക അവയെ ഒഴിവാക്കുക. അനാവശ്യ ആധികൾ, മനസ്സിനെ ദുർബല പെടുത്തുന്ന ചിന്തകൾ അകറ്റി മനസ്സ് കരുത്തുള്ളതാക്കുക. യോഗ പ്രാണായാമം ധ്യാനം എന്നിവ പരിശീലിക്കുക. ആവശ്യം എങ്കിൽ തന്റെ വ്യാകുലതകൾ ഏറ്റവും അടുപ്പം ഉള്ളവരുമായി പങ്കു വെക്കുക. വീട്ടിൽ ഉള്ളവരും ആയി തുറന്നു സംസാരിക്കുക. ഒറ്റപ്പെട്ടു പോയവർ ആരോഗ്യ പ്രവർത്തകരും ആയി ഇടയ്ക്കിടെ ഫോൺ വഴി ബന്ധപ്പെടുക.
ചിലർക്ക് ഉറക്കക്കുറവുണ്ടാകാം അത് പരിഹരിക്കാൻ തലയിൽ തേച്ചു കുളിക്കാൻ ഉള്ള തൈലം ഉണ്ട്. മനസ്സിന് ശാന്തത നൽകുന്ന ഔഷധങ്ങൾ, അഭ്യംഗം എന്നിവ പരിഹാരം ആയി ചെയ്യാവുന്നവയാണ്. എരിവും പുളിയും മസാലയും ഒക്കെ കുറച്ച് ഉള്ള ആഹാരം ശീലം ആക്കുക. വൈകുന്നേരം നേരത്തെ ഭക്ഷണം കഴിക്കുക സസ്യാഹാരത്തിന് പ്രാധാന്യം നൽകുക എന്നിവയും നന്ന്.
ഏത് പ്രതിസന്ധി ഘട്ടവും ഒരു നല്ല നാളേക്ക് വഴി തുറക്കും എന്ന ശുഭാപ്‌തി വിശ്വാസം ഉറപ്പിക്കുക. പ്രസാദാത്മകമായ ചിന്തകൾ കൊണ്ട് മനസ്സിനെ പ്രസന്നമാക്കുക. ഇതൊരു അവസരം ആണ്. ഒരു നവയുഗ സൃഷ്ടിക്ക് നമുക്കു ഒന്നിച്ചു നീങ്ങാം. കരുതലോടെ. കരുത്തേകാൻ ആയുർവ്വേദം ഒപ്പമുണ്ട്.

 

  

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154