ന്യൂസ് ഡെസ്ക് , മലയാളം യുകെ

വത്തിക്കാൻ : ഫ്രാൻസിസ് മാർപാപ്പയ്ക്ക് കോവിഡ് പിടിപെടാൻ സാധ്യത ഏറെയെന്ന് ഓസ്ട്രേലിയൻ മാധ്യമം. മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയ വത്തിക്കാൻ നയതന്ത്രഞ്ജന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് രോഗവ്യാപനം ഉണ്ടായേക്കാമെന്ന ആശങ്ക ഉയർന്നത്. ഓസ്‌ട്രേലിയയിലെ ഹോളി സീയുടെ അംബാസഡറായ ആർച്ച് ബിഷപ്പ് അഡോൾഫോ ടിറ്റോ യെലാന ഒക്ടോബർ 6 ന് വത്തിക്കാനിൽ എത്തി മാർപാപ്പയുമായി മുഖാമുഖം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബർ 9 ന് സിഡ്നിയിൽ എത്തിയ അദ്ദേഹത്തിന് പിന്നീട് രോഗം സ്ഥിരീകരിച്ചു. കാൻ‌ബെറയിലെ വീട്ടിൽ പത്തു ദിവസം ക്വാറന്റീനിൽ കഴിഞ്ഞ ശേഷമാണ് യെലാനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി ആരോഗ്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

ഈ ആഴ്ച ആദ്യം പൊതുചടങ്ങിൽ മാസ്ക് ധരിച്ചെത്തിയ 83കാരനായ മാർപാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് മുമ്പും ആശങ്കകൾ ഉയർന്നിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുമ്പോൾ മാസ്ക് ധരിക്കാത്തതിന് അദ്ദേഹം വിമർശനം നേരിട്ടിരുന്നു. പല വിശ്വാസികളും മാർപാപ്പയോടൊപ്പം ഫോട്ടോ എടുക്കുകയും കയ്യിൽ ചുംബിക്കുകയും ചെയ്തു. പ്രായം, ശരീര ഭാരം, ശ്വാസകോശ പ്രശ്നം എന്നിവ കണക്കിലെടുത്താൽ മാർപാപ്പയ്ക്ക് രോഗസാധ്യത കൂടുതലാണ്. ചൊവ്വാഴ്ച നടന്ന ആനുവൽ മൾട്ടി ഫെയ്ത് ചടങ്ങിനിടെയാണ് അദ്ദേഹം ആദ്യമായി മാസ്ക് ധരിച്ചെത്തിയത്. 11 സ്വിസ് ഗാർഡുകൾക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു ഇത്.

ഗാർഡുകളെ മാറ്റിനിർത്തിയാൽ വത്തിക്കാൻ സിറ്റിയിൽ താമസിക്കുന്ന 16 പേർക്ക് കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ട്. പ്രദേശത്ത് കോവിഡ് മരണമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നഗരത്തിൽ താരതമ്യേന കുറഞ്ഞ കണക്ക് ആയിരുന്നിട്ടും ഇറ്റലിയുടെ ദൈനംദിന കണക്കുകൾ കുത്തനെ ഉയരുകയാണ്. ഇറ്റലിയിൽ ഇന്നലെ 19,143 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ മൊത്തം കേസുകൾ 484,896 ആയി. ജനുവരി അവസാനം പകർച്ചവ്യാധി പടർന്നുപിടിച്ചതിനുശേഷം 37,000 ൽ അധികം ആളുകൾ ഇറ്റലിയിൽ രോഗം ബാധിച്ച് മരണപ്പെട്ടു.