അദ്ധ്യായം – 11
റാഞ്ചിയിലേക്കുളള ട്രെയിന്‍ യാത്ര

നാട്ടില്‍ നിന്നുളള ഒളിച്ചോടല്‍ ഒരു ചുടു നിശ്വാസം പോലെ എന്നില്‍ വളര്‍ന്നു. എന്റെ ജീവിതം വൃഥാവിലാവില്ലെന്ന് എന്നെ ആശ്വസിപ്പിച്ചത് പണിക്കര്‍ സാറാണ്. നീ അന്ധനോ മൂകനോ ബധിരനോ അല്ല. മനുഷ്യരുടെ ഉററതോഴനായി മാറാന്‍ ധാരാളം പഠിക്കാനുണ്ട്. പോലീസിന്റെ സമീപനമൊക്കെ അദ്ദേഹം പുച്ഛിച്ചു തളളി. ജന്മി – ബൂര്‍ഷ്വ സര്‍വ്വാധിപത്യം പിഴുതെറിഞ്ഞതുപോലെ ഈ കാടന്‍ പോലീസ് നിയമവും ഒരിക്കല്‍ പിഴുതെറിയും. അഹങ്കാരിയും ധിക്കാരിയുമായ മകന്‍ കണ്‍മുന്നില്‍ നിന്നു പോകണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് എന്റെ അച്ഛന്‍ തന്നെയായിരുന്നു. അധികമാരോടും പറയാതെ തന്നെ റാഞ്ചിയില്‍ നിന്നു അവധിയില്‍ വന്നിരിക്കുന്ന കൊല്ലത്തുളള വിജയന്‍ പിളളയുടെ വീട്ടിലേക്ക് രാവിലെ തന്നെ യാത്ര തിരിച്ചു. അതിനു മുമ്പ് ഒരു ദിവസം ഞാന്‍ ആ വീട്ടില്‍ പോയിരുന്നു.
മനസ്സില്‍ അപ്പോള്‍ നിറഞ്ഞു നിന്നിരുന്നത് ആ നരകത്തില്‍ നിന്നു രക്ഷപ്പെടുന്ന ചിന്തയായിരുന്നു. മറിച്ച് ചിന്തിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. മനസ്സിലെ ആശങ്കകള്‍ മാറിയിരിക്കുന്നു. വിജയന്‍ പിളളയുടെ വീട്ടിലെത്തിയ എന്നെ സ്‌നേഹപൂര്‍വ്വമാണ് അവര്‍ സ്വീകരിച്ചത്. ഊണു കഴിഞ്ഞ് ഞങ്ങള്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മദ്രാസിലെ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷന്‍ വഴി ബിഹാറിലെ ചക്രദാര്‍പുര്‍ സ്റ്റേഷനിലേക്ക് യാത്ര തിരിച്ചു.

രണ്ടു പകലും രണ്ടു രാത്രിയും കഴിഞ്ഞു മാത്രമേ അവിടെയെത്തൂ. യാത്രക്കിടയില്‍ എന്റെ മനസ്സിന്റെ വിലാപങ്ങള്‍ എല്ലാം മാറിയിരുന്നു. ഇനിയും ഒരു പോലീസ്സിനും എന്നെ തളയ്ക്കാനാവില്ലെന്ന ചിന്ത മനസ്സിന് ശക്തി പകര്‍ന്നു. എനിക്കിപ്പോള്‍ ഒരു ദുഖവുമില്ല. ട്രയിനിലിരിക്കുമ്പോള്‍ ഓരോരോ മനുഷ്യര്‍, ദേശങ്ങള്‍, പച്ചിലക്കാടുകള്‍, കൃഷിത്തോട്ടങ്ങള്‍, മരുഭൂമി അതി മനോഹര കാഴ്ച്ചകള്‍ കാണുമ്പോലെ എന്റെ മോഹങ്ങളും മനസ്സിലിരുത്തി ലാളിച്ചുകൊണ്ടിരുന്നു. ട്രെയിനില്‍ എല്ലാവരും ഉറങ്ങുമ്പോള്‍ പ്രകൃതിയെ തലോടുന്ന പൂനിലാവിനെ നോക്കി ഞാന്‍ ഇരുന്നു. ഇരുട്ടിനെ അകറ്റാന്‍ സൂര്യനോ ചന്ദ്രനോ വേണം. മനുഷ്യ മനസ്സുകളില്‍ ഇതു പോലെ പൂനിലാവ് പരത്തുന്നവരാണല്ലോ അക്ഷരവും ആത്മാവുമെന്ന് എനിക്ക് തോന്നി. ട്രെയിനില്‍ വായിക്കാന്‍ ഞാന്‍ പുസ്തകവും കരുതിയിരുന്നു. മനസ്സില്‍ ഒരല്പം സന്തോഷമുണ്ടെങ്കിലും റാഞ്ചിയിലെ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും കുട്ടികളും എന്നെ എങ്ങനെയായിരിക്കും സ്വീകരിക്കക എന്ന ഉത്കണ്ഠയും മനസ്സിലുണ്ടായിരുന്നു. ഇവര്‍ നാട്ടില്‍ അവധിക്കു വരുമ്പോള്‍ കണ്ടിട്ടുളള അനുഭവങ്ങളല്ലാതെ മറ്റൊന്നുമില്ല. ഒരു കാര്യം ഞാന്‍ മനസ്സിലുറപ്പിച്ചു. അവരില്‍ നിന്നു നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമൊന്നും പ്രതീക്ഷിക്കേണ്ട. അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധ പ്രകാരം ഒരു ശല്യത്തെ സഹിക്കാന്‍ തയ്യാറായി എന്നു മാത്രം കരുതിയാല്‍ മതി.

ട്രെയിനിലിരുന്ന് വിജയന്‍പിളളയടക്കമുളളവര്‍ ചീട്ടുകളിക്കുന്നതു കണ്ടു. ചിലരുടെ ചെവിയില്‍ കുണുക്കന്‍ ഒരു ശിക്ഷപോലെ തൂങ്ങിക്കിടക്കുന്നു. അവരുടെ ഭാര്യമാരൊക്കെ കൊച്ചുകുട്ടികളുടെ കാര്യത്തിലാണ് ശ്രദ്ധിക്കുന്നത്. ട്രെയിനില്‍ എല്ലാവരും സ്‌നേഹമുളളവരായിരുന്നു. ഇവരും സ്വന്തം മാതാപിതാക്കളെ ജന്മദേശത്തു വിട്ടു വിദൂരസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് എന്തിനെന്ന് എനിക്കു തോന്നി. സ്വന്തം നാട്ടില്‍ ഒരു ജോലി ലഭിച്ചാല്‍ ഇവര്‍ ഇങ്ങനെ പോവേണ്ടി വരില്ലല്ലോ. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലങ്ങളും സ്വന്തം നാട് പോലുളള ഒരു ദേശമല്ലേ. സ്വന്തം ദേശത്ത് തൊഴില്‍ കൊടുക്കാത്തത് വ്യവസ്ഥിതിയുടെ നിഷേധം തന്നെയാണ്.

ട്രെയിന്‍ യാത്ര ആനന്ദകരമായിരുന്നു. വളരെ ആവേശത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് റാഞ്ചിയിലേക്ക് ബസ്സില്‍ യാത്ര തിരിച്ചു. മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റതു പോലെ അപരിചിതമായ നാടും നഗരങ്ങളും. ഇനിയുളള എന്റെ ഓരോ ചുവടുകളും വിജയത്തിന്റെ ചവിട്ടുപടികള്‍ തന്നെയെന്ന് വിശ്വസിച്ചു പുതിയ ആകാശത്തിന്റെ തണലിലുടെ ഞാന്‍ സഞ്ചരിച്ചു. ദുര്‍വ്വയിലുളള ജ്യേഷ്ഠന്റെ ക്വാര്‍ട്ടറില്‍ എന്നെ വിജയന്‍പിളള എത്തിച്ചു. ജ്യേഷ്ഠന്‍ ജോലിയിലും മക്കള്‍ സ്‌കൂളിലുമായിരുന്നു. ജേഷ്ഠത്തി അമ്മിണി ധൃതിപ്പെട്ട് എനിക്ക് ചായ ഇട്ടുതന്നു. ചായ കുടിക്കുമ്പോഴെങ്കിലും വീട്ടിലെ കാര്യങ്ങള്‍ ചോദിക്കുമെന്ന് കരുതിയെങ്കിലും ചോദിച്ചില്ല. ആകെ ചോദിച്ചത് യാത്ര നന്നായിരുന്നോ എന്നു മാത്രം. മറ്റുളളവ ഭര്‍ത്താവ് വന്നു ചോദിക്കട്ടെ എന്നായിരിക്കും. ഉച്ചക്ക് ഊണു കഴിക്കാന്‍ ജേഷ്ഠന്‍ തങ്കച്ചനെത്തി. വീട്ടില്‍ വിളിക്കുന്ന പേരാണത്. യഥാര്‍ത്ഥ പേര് വര്‍ഗ്ഗീസ് എന്നാണ്.

വീട്ടില്‍ നിന്നു തന്നുവിട്ട ഭക്ഷണപ്പൊതികള്‍ ഞാന്‍ ജ്യേഷ്ഠത്തിയെ ഏല്‍പിച്ചിരുന്നു. ജ്യേഷ്ഠന്‍ ജോലി ചെയ്യുന്നത് ഇന്ത്യന്‍ സര്‍ക്കാരിന്റെ അധീനതയിലുളള എച്ച്. ഇ.സിയുടെ ആശുപത്രിയിലാണ്. ഈ സ്ഥാപനത്തിന്റെ മൊത്തം പേര് ഹെവി എന്‍ജിനിയറിംഗ് കോര്‍പ്പറേഷന്‍ എന്നാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നത് യുദ്ധോപകരണങ്ങളാണ്. ആയിരക്കണക്കിനു തൊഴിലാളികളണ് ഈ വന്‍കിട സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്. അതില്‍ ആയിരത്തോളം മലയാളികളുമുണ്ട്. അവിടുത്തെ പ്രമുഖ സംഘടനയാണ് റാഞ്ചി മലയാളി അസ്സോസ്സിയേഷന്‍. രണ്ടായിരത്തിലധികം അംഗങ്ങളുണ്ട്. അവരുടെ നേതൃത്വത്തില്‍ നടത്തുന്ന നാടക സംഘമാണ് റാഞ്ചി എയ്ഞ്ചല്‍ തിയേറ്റേഴ്‌സ്. ജ്യേഷ്ഠന്‍ അസ്സോസ്സിയേഷന്റെ ട്രഷറാര്‍ ആണ്. ജോലി കൂടാതെ സമൂഹികപ്രവര്‍ത്തനവും ചിട്ടിയും ദുര്‍വ്വയില്‍ രണ്ടു സൗത്ത് ഇന്ത്യന്‍ ഹോട്ടലുകളുമുണ്ട്.

ജ്യേഷ്ഠന്‍ വീട്ടു വിശേഷങ്ങളും എന്റെ വിശേഷങ്ങളും ചോദിച്ചറിഞ്ഞിട്ടു പറഞ്ഞു, നീ ഇവിടുത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി ടൈപ്പും ഷോര്‍ട്ട്ഹാന്‍ഡും പഠിക്കണം. നീ നാടകമെഴുതി പോലീസ് പിടിച്ചതൊക്കെ കേട്ടു. ഇവിടെ അതിനുളള അവസരമൊക്കെയുണ്ട് ആദ്യം വേണ്ടത് ജോലിയാണ്. ഒപ്പം ഹിന്ദി പഠിക്കണം. അതിനു ദിവസവും ഹോട്ടലില്‍ പോയാല്‍ മതി. അടുക്കളയിലെ അടുപ്പില്‍ വെളളം തിളയ്ക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. കുട്ടികള്‍ സ്‌കൂളില്‍ നിന്നു വന്ന് പുഞ്ചിരിയോടെ നോക്കി. അടുത്ത ദിവസങ്ങളില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും ഹോട്ടലിലും പോയി തുടങ്ങി. നാട്ടില്‍ കരിമുളക്കല്‍ വാസുദേവന്റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റ്റൈപ്പ് കുറച്ചു പഠിച്ചിരുന്നു. ഒരു മാസത്തേക്ക് ഫീസ് മൂന്നു രൂപയായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് പഠിക്കുന്നവര്‍ക്ക് അഞ്ചു രൂപയുമായിരുന്നു. ഫീസ് കൊടുക്കാന്‍ പ്രയാസമായതു കൊണ്ട് ഷോര്‍ട്ട് ഹാന്‍ഡിന്റെ ഒരു പുസ്തകം ഞാന്‍ പതിനഞ്ചു രൂപ കൊടുത്തു വാങ്ങി. അതിനു വേണ്ടി അവസാനത്തെ ആടിനെയും വിറ്റിരുന്നു. കൂട്ടുകാരില്‍ പലരും കോളജില്‍ ചേര്‍ന്നപ്പോള്‍ എനിക്കതിനുളള അവസരമില്ലാതെ പോയതും സാമ്പത്തികമില്ലായിരുന്നതിനാലാണ്.

ഷോര്‍ട്ട്ഹാന്‍ഡ് സ്വന്തമായിട്ടാണ് ഞാന്‍ പഠിച്ചത്. ഇതെനിക്ക് റാഞ്ചിയില്‍ പ്രയോജനപ്പെട്ടു. അദ്ധ്യാപകന്റെ മുന്നില്‍ മറ്റുളളവര്‍ക്കൊപ്പം നല്ല സ്പീഡില്‍ ഷോര്‍ട്ട് ഹാന്‍ഡ് എഴുതാന്‍ എനിക്കു കഴിഞ്ഞു. സ്‌റ്റെനോഗ്രാഫറും, സെക്രട്ടറിയുമൊക്കെയാകുന്നയാളുകള്‍ പ്രമുഖ സ്ഥാപനങ്ങളില്‍ മാനേജര്‍ പോസ്റ്റ് വരെ എത്തുന്ന സ്ഥിതിയുണ്ടായിരുന്നു. അതുകൊണ്ട് പലരും സ്റ്റെനോഗ്രാഫര്‍ ആകാന്‍ ആഗ്രഹിച്ചത്. കോളജ് പഠനത്തിനു പോയതുമില്ല. കല്‍ക്കരിയാണ് വിറകിനു പകരം പാചകത്തിന് ഉപയോഗിച്ചിരുന്നത്. ഇന്ത്യയിലെ കല്‍ക്കരിയുടെ പ്രധാന സ്ഥാപനമായ കോള്‍ ഇന്ത്യയും, അതുപോലെ ഹിന്ദുസ്ഥാന്‍ സ്റ്റീലും അന്ന് റാഞ്ചിയിലായിരുന്നു. ഇവിടെയെല്ലാം ധാരാളം മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഓഫിസുകളില്‍ സെക്രട്ടറി, സ്റ്റെനോഗ്രാഫര്‍ തുടങ്ങിയവര്‍ മലയാളികളാണ്. മലയാളികള്‍ ഈ രംഗത്ത് ശോഭിക്കുന്നതു കണ്ടാണ് ബിഹാറികള്‍ ടൈപ്പും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാന്‍ തയാറായത്.
ആഴ്ചകള്‍ മുന്നോട്ടു പോയി, ജീവിതത്തിനു പുതിയൊരു ശോഭയും തിളക്കവും വരുന്നതായി തോന്നി. ജ്യേഷ്ഠന്‍ പറഞ്ഞതനുസരിച്ച് എയ്ഞ്ചല്‍ തിയേറ്റേഴ്‌സിന് വേണ്ടി ആദ്യമായി ഗാനങ്ങള്‍ എഴുതി. നാടകത്തില്‍ ജ്യേഷ്ഠനും ജ്യേഷ്ഠത്തിയും അഭിനയിച്ചു. ജ്യേഷ്ഠന്‍ കലാബോധമുളളവനായി എനിക്കറിയില്ലായിരുന്നു. റാഞ്ചിയിലെ പല മലയാളികളും മലയാള ഭാഷയോട് സംസ്‌കാരത്തോടും ഏറെ ബഹുമാനമുളളവരുമായിരുന്നു. ഞാന്‍ എഴുതിയ ഗാനത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് സെക്ടര്‍ മൂന്നിലുണ്ടായിരുന്ന ഒരു റോബിനാണ്. അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. റാഞ്ചിയിലെ വലിയ ഹാളില്‍ എന്റെ ഗാനങ്ങള്‍ അഭിനയിക്കുന്നവരിലൂടെ കേട്ടപ്പോള്‍ പൂന്തേനൊഴുകുന്ന അനുഭവമായി.

ആദ്യമായിട്ടാണ് ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഹാളില്‍ നാടകം കണ്ടത്. മലയാളികളില്‍ പലരും കസവുമുണ്ടും വെളളയുടുപ്പും ധരിച്ചാണ് എത്തിയത്. മൈക്കിലൂടെ ഗാനരചയിതാവിന്റെ പേരു കേട്ടപ്പോള്‍ പൂനിലാവില്‍ കുളിച്ചു നില്‍ക്കുന്നതു പോലെ തോന്നി. ചിലര്‍ പിറുപിറുത്തു പറഞ്ഞു. ആരാണിയാള്‍. മുമ്പൊന്നും ഈ പേര് കേട്ടിട്ടില്ലല്ലോ. ആ മധുര ഗാനങ്ങള്‍ പാടിയവരുടെ പേരുകള്‍ ഇന്നെനിക്കോര്‍മ്മയില്ല. അതു ജീവിതത്തില്‍ ആഹ്ലാദം പകര്‍ന്ന നിമിഷങ്ങളായിരുന്നു. എന്നെപ്പറ്റി ചിലരൊക്കെ ആരാഞ്ഞു തുടങ്ങി. ചിലര്‍ എന്നെത്തേടി ഹോട്ടലില്‍ വന്നു. നാടകം വേണമെന്നാവശ്യപ്പെട്ടു. അതിനനുസരിച്ച് നാടകങ്ങള്‍ വീണ്ടും എഴുതാനാരംഭിച്ചു.

ആഴ്ചകള്‍ മാസങ്ങളായി. ജ്യേഷ്ഠത്തിയില്‍ എന്തോ ഒരു മാറ്റം കണ്ടു. അത് എന്തെന്ന് വ്യക്തമായി ഒരു ദിവസം ഞാന്‍ മനസ്സിലാക്കി. ആ ദിവസം കടയില്‍ നിന്ന് ഞാന്‍ നേരത്തേ വീട്ടിലേക്ക് വന്നതാണ്. കുട്ടികള്‍ പഠനത്തിലും എഴുത്തിലുമാണ്. ജ്യേഷ്ഠനും ജ്യേഷഠത്തിയും സംസാരിക്കുന്നത് എന്റെ കാര്യമാണ്. ജ്യേഷ്ഠത്തി ചോദിച്ചു എത്ര നാള്‍ ഇവനെ ഇവിടെ നിര്‍ത്തി തീറ്റിപ്പോറ്റാനാണ് ചേട്ടന്റെ ഉദ്ദേശം. കതക് അടച്ചിട്ടാണ് സംസാരിക്കുന്നതെങ്കിലും അത് പുറത്ത് ഞാന്‍ കേള്‍ക്കുമെന്ന് അവര്‍ക്കറിയില്ല. അവരുടെ വാദപ്രതിവാദങ്ങള്‍ കുറച്ചു കേട്ടതിനു ശേഷം ഞാന്‍ പുറത്തേക്ക് ഇറങ്ങി നടന്നു. കിഴക്കു ഭാഗത്തുളള ഒരു കലുങ്കില്‍ ചെന്നിരുന്നു. ആ കലുങ്കിന്റെ അടിയിലൂടെ മഴക്കാലമായാല്‍ വെളളം ഒഴുകി പോകാറുണ്ട്. എന്റെ മനസ്സില്‍ ആദ്യമായി ഒരു മരവിപ്പ് തോന്നി. ജ്യേഷ്ഠത്തി പറഞ്ഞതിലും കാര്യമുണ്ട്. നാട്ടില്‍ നിന്ന് വന്നിട്ട് മൂന്നു മാസം കഴിഞ്ഞു. ഇവിടെ ഇങ്ങനെ താമസിക്കുന്നത് അത്ര നന്നല്ല. ജ്യേഷ്ഠന്റെ മനോവികാരം ഇതിനോക്കെ എന്തു പറയുമെന്നുളളതാണ്.ഹൃദയ വേദനയുമായി ഇരുന്ന നിമിഷങ്ങളില്‍ കണ്ണുകള്‍ നിറഞ്ഞതറിഞ്ഞില്ല.

സഹോദരനായാലും സ്‌നേഹവും കാരുണ്യവും ഇത്രയുമേയുളളൂ എന്ന് ഞാന്‍ മനസ്സിലാക്കി. നാട്ടില്‍ എത്രമാത്രം പട്ടിണി കിടന്നു. എല്ലാം എനിക്കു വേണ്ടി തന്നെ. അവിടെയും ഞാനാര്‍ക്കും ആരുമായിരുന്നില്ല. അവിടെ വച്ച് ഞാന്‍ ആഹാരം ത്യജിക്കുമായിരുന്നു. ഇവിടെ അതിനു പറ്റില്ല. കാരണം വിശപ്പടക്കാന്‍ വീട്ടിലുളളതു പോലെ മാങ്ങയോ, ചക്കയോ, തേങ്ങയോ ഇവിടെയില്ല. ആകെയുളളത് മരങ്ങളാണ്. പിന്നീട് ക്വാര്‍ട്ടറിന്റെ ഇടതു ഭാഗത്ത് ജ്യേഷ്ഠന്‍ നാട്ടില്‍ നിന്നു കൊണ്ടു വന്ന കുറെ ചേനയും ചേമ്പും കപ്പയുമാണുളളത്. ഉളളില്‍ നീറുന്ന വേദനയുമായി കുറച്ചു നേരം ആ കൂരിരുട്ടില്‍ ഇരുന്നിട്ട് ക്വാര്‍ട്ടറിലേക്ക് നടന്നു. അവിടെ ചെല്ലുമ്പോള്‍ ജ്യേഷ്ഠന്‍ അവിടെ ഇല്ലായിരുന്നു. ചിട്ടിപ്പിരിവിന് പോയതാണ്. ചിട്ടിപ്പിരിവിനും കടയിലും പോയിട്ടു വരുമ്പോഴേക്കും പതിനൊന്നു മണി കഴിയും.
ജ്യേഷ്ഠത്തി ഭക്ഷണം തന്നു. എപ്പോഴും അങ്ങനെയാണ്. ഭക്ഷണം മേശപ്പുറത്ത് കൊണ്ടുവച്ചിട്ടു പോകും. മറ്റൊന്നും സംസാരിക്കില്ല. ഉളളില്‍ നീരസമാണോ, സ്‌നേഹമാണോ?. ഒന്നുമറിയില്ല. പൊതുവില്‍ സ്ത്രീ സഹജമായ ഒരു സ്വഭാവമാണുളളത്. ഭക്ഷണം കഴിഞ്ഞ് ഹൃദയവ്യഥയോടെ കട്ടിലില്‍ കണ്ണുമിഴിച്ചു കിടന്നു. വീട്ടില്‍ നേരത്തെ വരുമ്പോഴോക്കെ ഷോര്‍ട്ട്ഹാന്‍ഡോ, നാടകമോ എഴുതി എല്ലാവരും ഉറങ്ങിയിട്ട് മാത്രമേ ഞാന്‍ ഉറങ്ങിയിരുന്നുളളൂ. ഇനിയും ഒരു ജോലിക്കുവേണ്ടിയുളള ശ്രമങ്ങള്‍ തുടങ്ങണം. ജ്യേഷ്ഠത്തി പറയുന്നതിലും കാര്യമുണ്ട്. എനിക്ക് വച്ചുവിളമ്പി തരേണ്ട കാര്യമൊന്നും അവര്‍ക്കില്ല.

ജ്യേഷ്ഠത്തിയുടെ വാക്കുകള്‍ തെറ്റിധരിക്കേണ്ടതില്ല എന്ന് എനിക്കും തോന്നി. എനിക്കൊരു ജോലി ലഭിച്ചാല്‍ സന്തോഷിക്കുന്നത് ജ്യേഷ്ഠത്തി അല്ലെന്ന് പറയാന്‍ പറ്റുമോ?. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്‌ളാസ്സ് കഴിഞ്ഞ് ദുര്‍വ്വായില്‍ നിന്നും റാഞ്ചിയിലേക്ക് ബസ്സ് കയറും. മിനിബസ്സുകളാണ്. ബസ്സില്‍ കയറിയാല്‍ ടിക്കറ്റ് എടുക്കില്ല. അതിനുളള കാരണം ബസ്സ് കണ്ടക്ടറുടെ കയ്യില്‍ ടിക്കറ്റില്ല. ഓരോരുത്തരേയും സമീപിച്ച് പൈസ വാങ്ങും. ദുര്‍വ്വയില്‍ നിന്നും റാഞ്ചിയിലേക്ക് മുപ്പതു പൈസയാണ് കൂലി. ഏകദേശം ഒരു മണിക്കൂര്‍ യാത്ര. എന്റെ കൈയ്യില്‍ കാശില്ലാത്തതിനാല്‍ ഞാന്‍ ടിക്കറ്റ് എടുക്കാറില്ല. കണ്ടക്ടറുടെ ഓരോ ചലനങ്ങള്‍ക്കും ഞാന്‍ മാറി മറിഞ്ഞു നില്‍ക്കും. മാത്രവുമല്ല, റാഞ്ചിയില്‍ ചെന്നിറങ്ങുമ്പോള്‍ ഞാന്‍ ബാക്കി ചോദിക്കും. കണ്ടക്ടര്‍ എന്നെ തുറിച്ചു നോക്കിയിട്ട് ചോദിക്കും എത്രയാണ്. ഞാന്‍ പറയും അമ്പതു പൈസ തന്നു ഇരുപതു പൈസ ബാക്കി കിട്ടാനുണ്ട്. ഇതു ചില ദിവസങ്ങളില്‍ ഒരു രൂപയാകും. പെട്ടെന്നു കണ്ടുപിടിക്കാതിരിക്കാന്‍ ഓരോ ദിവസവും ഓരോ ബസ്സിലാണ് യാത്ര. ബസ്സിന്റെ എന്‍ജിന്‍ ഇടിക്കുന്ന പോലെ എന്റെ ഹൃദയവും ഇരച്ചു കൊണ്ടിരുന്നു.

റാഞ്ചിയുടെ പല ഭാഗങ്ങളിലും ഒരു ജോലിക്കായി കയറിയിറങ്ങി. ഹിന്ദി അറിയാത്തതിനാല്‍ അര മുറി ഇംഗ്‌ളീഷ് വാക്കാണ് ഞാന്‍ ഉപയോഗിച്ചത്. ചില സ്ഥലത്ത് ജോലിയുണ്ടെങ്കിലും എനിക്ക് വേണ്ട ജോലി പരിചയം ഇല്ലാത്തതിനാല്‍ അതിനും സാധ്യതയില്ല. പലപ്പോഴും നടന്നു ക്ഷീണിച്ച് തളര്‍ന്നു. ജ്യേഷ്ഠത്തി നല്കിയ പ്രഭാത ഭക്ഷണം കഴിച്ചിട്ടാണ് എന്റെ യാത്ര. ഉച്ചയ്ക്ക് ഹോട്ടലില്‍ കയറിയിരുന്ന് വെളളം കുടിച്ചിട്ട് ഇറങ്ങി നടക്കും. മിക്ക ദിവസവും താമസിച്ചു വരുമ്പോള്‍ ജ്യേഷ്ഠന്‍ ചോദിക്കും, നീയിപ്പോള്‍ കടയില്‍ ചെല്ലാറില്ലേ?. ഞാനപ്പോള്‍ ഒരു കളളം പറയും റാഞ്ചിയില്‍ ഒരു പാര്‍ട്‌ടൈം ജോലി കിട്ടി. എല്ലാ ദിവസവുമില്ല. ആഴ്ച്ചയില്‍ രണ്ടോ, മൂന്നോ ദിവസം പോയാല്‍ മതി. ജ്യേഷ്ഠത്തിക്ക് അത് ആഹ്‌ളാദം പകരുന്ന ഒരു കാര്യമായിരുന്നു. എന്റെ വാക്കുകളില്‍ അല്പം പോലും സംശയം അവര്‍ക്ക് തോന്നിയില്ല. എന്റെ ദുഖം ഞാന്‍ തന്നെ സഹിച്ചു കൊണ്ടിരുന്നു.

ജ്യേഷ്ഠന്‍ ഒരു വസ്തു എഴുത്തിനായി ഒറ്റയ്ക്ക് നാട്ടിലേക്ക് പോയി. പോകുന്നതിനു മുമ്പ് ചില മലയാളികളോട് ചിട്ടി കാശ് വാങ്ങുന്ന കാര്യം എന്നേയേല്‍പിച്ചു. ജ്യേഷ്ഠന്റെ സമീപനം പലപ്പോഴും ആശ്വാസം പകരുന്നതായിരുന്നു. ജ്യേഷ്ഠത്തിയുടെ ആശങ്കകളെ കുറച്ചു കണ്ടതുമില്ല.
എന്റെ ജീവിതവും മനസ്സും വല്ലാതെ വ്യാകുലപ്പെട്ടു. എത്രനാള്‍ ഇങ്ങനെ ജീവിക്കും. ഒരു സന്ധ്യയ്ക്ക് ഹോട്ടലിലേക്ക് ചിട്ടിപ്പണം അടയ്ക്കാനുളള ജ്യേഷ്ഠന്റെ സുഹൃത്ത് വളളികുന്നം എന്ന് വിളിപ്പേരുളള ഒരാള്‍ കടന്നുവന്നു. എല്ലാ സന്ധ്യകളിലും മലയാളികള്‍ ഹോട്ടല്‍ നടത്തുന്ന തൃശൂര്‍ക്കാരനായ അപ്പുവിന്റെ ചായക്കടയില്‍ വന്നിരുന്നു ചായയും- വടയും കഴിക്കുകയും നാട്ടുകാര്യങ്ങള്‍ – റാഞ്ചി വിശേഷങ്ങള്‍ ഒക്കെ സംസാരിക്കുകയും പതിവാണ്. ഞാനുമതൊക്കെ കേട്ടിരിക്കും. വളളികുന്നം പോകാന്‍ പുറത്തേക്കിറങ്ങിയ സമയം ഞാന്‍ പറഞ്ഞു, ജ്യേഷ്ഠന്‍ പറഞ്ഞിട്ടു പോയി ചിട്ടിക്കാശ് ചോദിക്കണമെന്ന്. തീഷ്ണമായി വളളികുന്നം എന്നെ നോക്കി രോഷത്തോടെ പറഞ്ഞു. നീ ആരാടാ എന്നോട് കാശു ചോദിക്കാന്‍. ഞാന്‍ നിശ്ശബ്ദനായി ഉളളിലുയര്‍ന്ന കോപമടക്കി വിടര്‍ന്ന മിഴികളോടെ നോക്കി എന്നിട്ട് ചോദിച്ചു എന്തിനാ ചേട്ടാ എന്നോട് വഴക്കുകൂടുന്നേ?. ജ്യേഷ്ഠന്‍ പറഞ്ഞത് പൈസ ചോദിച്ചു വാങ്ങണമെന്ന്. ഞാന്‍ ചോദിച്ചത് തെറ്റായോ. പറഞ്ഞു തീര്‍ന്ന ഉടനെ എന്നെ പിടിച്ചു തളളി. ഞാന്‍ പിറകോട്ട് വേച്ചു വേച്ചു പോയി. അതു കണ്ട് അപ്പു ധൃതിയില്‍ വന്ന് വള്ളികുന്നത്തെ സമാധാനിപ്പിച്ചു. വള്ളികുന്നത്തിന് ദേഷ്യമടക്കാനായില്ല. അയാള്‍ തെറി വാക്കുകള്‍ പറഞ്ഞു കൊണ്ടിരുന്നു. എന്റെ ഉയര്‍ന്നുളള ചവിട്ട് അയാളുടെ നെഞ്ചത്ത് തറച്ചു. അയാള്‍ മണ്ണിലേക്ക് മറിഞ്ഞു വീണു.

കടയില്‍ ഇരുന്നവര്‍ ആ രംഗം കണ്ടു പുറത്തേക്ക് വന്നു. എന്റെ ശരീരമാകെ വിറച്ചു. കണ്ണുകള്‍ ജ്വലിച്ചു. ഞങ്ങളെ രണ്ടു പേരേയും മറ്റു മലയാളികള്‍ തടഞ്ഞു. നിന്നവരൊക്കെ വള്ളികുന്നത്തെ കുറ്റപ്പെടുത്തി പറഞ്ഞു. തനിക്ക് എന്താ പറ്റിയെ ഹിന്ദിക്കാരുടെ മുന്നില്‍ മലയാളികള്‍ തമ്മിലടിക്കുക നാണക്കേടാണ്. വള്ളിക്കുന്നം എന്നെ വെല്ലുവിളിച്ചു കൊണ്ട് കോപാക്രാന്തനായി പോയി. എന്നോടും ചിലര്‍ പറഞ്ഞു നിന്റെ ജ്യേഷ്ഠന്‍ ഇവിടെ ഇല്ലാത്തത് നീ മറക്കേണ്ട. നീ വഴക്കിനൊന്നും പോവരുത്. സത്യത്തില്‍ അറിഞ്ഞുകൊണ്ട് ഞാനൊരു വഴക്കുണ്ടാക്കിയില്ല. സംഭവിച്ചതു സ്വാഭാവികം മാത്രമായിരുന്നു. അയാളുടെ തടിമിടുക്ക് എന്നോട് വേണ്ട എന്നു പറഞ്ഞിട്ട് ഞാനും കടയില്‍നിന്നിറങ്ങി. മനസ്സാകെ ആ വഴക്കിനെ ചുറ്റപ്പെട്ടുകിടന്നു. ഉളളില്‍ വിഷവുമായി ജീവിക്കുന്ന ഇവനെപ്പോലുളളവര്‍ മലയാളികള്‍ക്കിടയിലുണ്ട്.

നടന്ന സംഭവം ജ്യേഷ്ഠത്തിയെ ധരിപ്പിച്ചു. എല്ലാത്തിനും ദൃക്‌സാക്ഷി അപ്പുവാണ്. ജ്യേഷ്ഠത്തി എന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. പൈസ തന്നില്ലെങ്കില്‍ വേണ്ട. സ്വന്തം ഭാര്യയെ വരെ അവന്‍ തല്ലിയതായി കേട്ടിട്ടുണ്ട്. അവന്‍ സമുദായത്തിന്റെ നേതാവെന്നാ പറയുന്നത്.  ഈ സംഭവം വള്ളികുന്നം ഒരു മതവൈര്യമായി സഹപ്രവര്‍ത്തകരിലേക്ക് പരത്തി. അതിന്റെ മുഖ്യ സൂത്രധാരന്‍ ഒരു ആനന്ദായിരുന്നു. അയാളുടെ വീട്ടിലാണ് ഒത്തുകൂടലും കളളുകുടിയും എല്ലാ ഞായറാഴ്ചകളില്‍ നടക്കുന്നത്. പന്തയം വച്ചുളള ചീട്ടുകളിയുമുണ്ട്. വള്ളികുന്നത്തെ ചവിട്ടിയത് വളരെ ഗൗരവമായിട്ടാണ് അവര്‍ കണ്ടത് അടിക്ക് തിരിച്ചടിക്കണം അതായിരുന്നു അവരുടെ തീരുമാനം. ഒരു ദിവസം ഞാന്‍ ദുര്‍വ്വയിലേക്ക് നടക്കുമ്പോള്‍ ഒരാള്‍ പിറകില്‍ നിന്ന് വിളിച്ചു. അത് ആനന്ദായിരുന്നു. ഒപ്പം മറ്റൊരാളുമുണ്ട്. വളരെ ആകര്‍ഷകമായ വസ്ത്രധാരണം, ചെറു പുഞ്ചിരി ആദ്യം സൗമ്യമായി സംസ്സാരിച്ചയാളുടെ സ്വരം മാറി. എന്നെ ഇപ്പോള്‍ തന്നെ സംഹരിച്ചുകളയുമെന്ന ഭാവത്തില്‍ ഭയപ്പെടുത്തി സംസാരിച്ചുകൊണ്ടരിക്കെ ഞാന്‍ ചോദിച്ചു, ചേട്ടന്മാര്‍ എന്റെ ഭാവി തീരുമാനിക്കാന്‍ ആരാണാവോ?. അടിക്ക് തിരിച്ചടിക്കാനാണ് വന്നതെങ്കില്‍ അടിക്കെടാ.. എന്റെ ശബ്ദവും ഉച്ചത്തിലായി.

ആനന്ദന്‍ എന്റെ ഉടുപ്പില്‍ ബലമായ് പിടിച്ചിട്ട് കൂടെ വന്നവനോട് പറഞ്ഞു. അടിക്കെടാ ഇവനെ..ആനിമിഷം ആനന്ദനെ ദൂരേക്ക് വലിച്ചെറിഞ്ഞ്. അടിക്കാന്‍ വന്നവന്റെ നാഭിക്കു തന്നെ തൊഴിച്ചു. അയാള്‍ അട്ട ചുരുളുന്നതു പോലെ താഴേക്ക് ചുരുണ്ടു. സൈക്കിളില്‍ വന്ന ഹിന്ദിക്കാര്‍, മദ്രാസികള്‍ തമ്മിലടിക്കുന്നത് നോക്കി നിന്നു. എന്റെ കണ്ണുകളില്‍ പ്രതികാരം മാത്രമായിരുന്നു. മുന്നോട്ടു വന്ന ആനന്ദിനെ ചവിട്ടി വീഴ്ത്തുക മാത്രമല്ല, ഇടിക്കയും ചെയ്തു. അപ്പോഴേക്കും ഹിന്ദിക്കാര്‍ ഓടി വന്ന് എന്നെ പിടിച്ചു മാറ്റി. ഇതൊക്കെ കണ്ട് രസിച്ച ഒരു മലയാളി ചെറിയാനും കൂട്ടത്തിലുണ്ടായിരുന്നു. എന്റെ മുന്നില്‍ നിശബദരായി അവര്‍ മാറിയിരുന്നു. അവരുടെ ശൂന്യത നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു. ”വെറുതെ ചൊറിയാന്‍ വരല്ലേ, മര്യാദയ്ക്കു നീയൊക്കെ നടന്നില്ലെങ്കില്‍ ആശുപത്രിയിലായിരിക്കും വാസം.” നിര്‍വികാരരായി നിന്നതല്ലാതെ മറിച്ചൊന്നും പറഞ്ഞില്ല. വിഷാദഭാവത്തോടെ അവരെന്നെ നോക്കി നിന്നു. അവരുടെ ഉളളില്‍ നീരസവും പകയും വര്‍ദ്ധിച്ചു.