രാജു കാഞ്ഞിരങ്ങാട്

വന്നെത്തി വൃദ്ധസദനത്തിൽ നിന്നും
ശകടം തുരുതുരാ ഹോണടിച്ചീടുന്നു
ചങ്ങാതിമാർ വേലി ചാരിച്ചരിഞ്ഞങ്ങ്
കണ്ണീര് കോന്തലയാൽ തുടച്ചീടുന്നു
കട്ടിലിലൊട്ടിക്കിടക്കുന്ന കെട്ടിയോൾ
കാര്യമറിയാതെ മേലോട്ടു നോക്കുന്നു
വന്നെത്തുമോയെന്റെ പൊന്നോമന –
മക്കൾ
വേണ്ടെന്ന് തിണ്ണം പറഞ്ഞീടുമോ
ഒത്തിരി ഒത്തിരി പൊക്കമുള്ളോരവർ
നാടിന്നഭിമാനമായോർ
വന്നെത്തിനോക്കുവാൻ നേരമില്ലൊട്ടുമേ
അവരെ ഞാനോർക്കുന്നുയെന്നും
ഒത്തിരിക്കാലമീ ഒക്കത്തിരുന്നതിൻ
പാടുണ്ട് തഴമ്പായി, യിന്നും
മക്കളെല്ലാരുമൊരുമകാത്തീടുവാൻ
ഓഹരിവെച്ചു സ്വത്തെല്ലാം
ആണായൊരുതരി മാത്രമല്ലേയുള്ളു
അവനായി നൽകിയീ വീടും
പണ്ടേയവനൊരു ബുദ്ധി കുറഞ്ഞവനെന്നു
കരുതും ഞാൻ വിഡ്ഢി
അച്ഛനുമമ്മയ്ക്കും രണ്ടു സീറ്റലോ ഉറപ്പിച്ചു
വൃദ്ധസദനത്തിൽ
ബുദ്ധിമാൻ മാത്രമോ സദ്ഗുണ സമ്പന്നൻ
ഫ്ലാറ്റിനി വേഗം പണിയാം
പട്ടണത്തിൽ മഹാ സൗധത്തിൽ വാഴുവോൻ
നേരമില്ലൊട്ടുമേനോക്കാൻ
തഞ്ചത്തിലെല്ലാമേ കൈവശമാക്കിലും
എന്റെ നെഞ്ചത്തിലവനുണ്ട് യെന്നും
ഇല്ല ഞാൻ ചൊല്ലില്ല മക്കൾതൻ പോരായ്മ
നെഞ്ചകം ചുട്ടുനീറീടിലും
എങ്കിലും ആശിച്ചു പോകുന്നു ഉള്ളകം
അവസാന നാളുകൾ എണ്ണിക്കഴിക്കവേ
ഈ മണ്ണിൽ തന്നെയടിഞ്ഞു മണ്ണാകുവാൻ
വന്നെത്തുമോയെന്റെ പൊന്നോമനമക്കൾ
പോണ്ടെന്ന് തിണ്ണം പറയുമോ

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

Email – [email protected]