രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീഡിയോയ്ക്ക് ഡിസ് ലൈക്ക് പ്രവാഹം. ആയിരക്കണക്കിന് ഡിസ്‌ലൈക്കുകള്‍ വന്നപ്പോള്‍ ഡിസ്‌ലൈക്ക് ബട്ടണ്‍ ഓഫ് ചെയ്തു. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ കഴിഞ്ഞദിവസമായിരുന്നു വീഡിയോ പങ്കുവെച്ചത്.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയുടെ വീഡിയോക്ക് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഏറെ ഡിസ്‌ലൈക്കുകള്‍ ഒഴുകിയെത്തി.

ഇതോടെയാണ്് ഡിസ്‌ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയത്. ഉടന്‍ തന്നെ കമന്റ് ബോക്‌സില്‍ പ്രതിഷേധവും തുടങ്ങി. ഡിസ്‌ലൈക്ക് ബട്ടണ്‍ തിരിച്ചുകൊണ്ടുവരൂ, അഭിപ്രയ സ്വാതന്ത്ര്യമില്ലേ, ബിജെപി ഐടി സെല്‍ പണി തുടങ്ങി എന്നിങ്ങനെയൊക്കെയായിരുന്നു കമന്റുകള്‍.

ഇനി കമന്റ് ബോക്‌സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്‌ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയര്‍ന്നു. നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്‌ലൈക്കുകളുണ്ടായി.

ജീ, നീറ്റ് പരീക്ഷകളുടെ പശ്ചാത്തലത്തില്‍ മോഡി നടത്തിയ മന്‍ കീ ബാത്ത് യൂ ട്യൂബിലിട്ടപ്പോഴാണ് റെക്കോര്‍ഡ് ഡിസ്‌ലൈക്ക് ലഭിച്ചത്. കോവിഡ് വ്യാപന സമയമായിട്ടും പരീക്ഷകള്‍ മാറ്റിവെയ്ക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്ന സമയമായിരുന്നു അത്.