ഇന്ന് സുപ്രീംകോടതിയുടെ ചരിത്രത്തിലെ ഏറെ നിർണ്ണായകമായ ഒരു വിധി വരുന്ന ദിവസമാണ്. ഏറെ നാൾ നീണ്ട ഒരു നിയമയുദ്ധത്തിന് ഇന്ന് പര്യവസാനമാവുകയാണ്. ഏറെ സങ്കീർണ്ണമായ ഈ കേസിൽ വിധിപറയാൻ പോകുന്നത് അഞ്ചുപേരടങ്ങുന്ന സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസ് എസ് എ ബോബ്‌ഡെ. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുൾ നസീർ എന്നിവരടങ്ങുന്ന ഈ ബെഞ്ച് നാൽപതു ദിവസം തുടർച്ചയായി വാദം കേട്ടശേഷം കഴിഞ്ഞ ഒക്ടോബർ 16-ന് വാദം അവസാനിപ്പിച്ച് വിധി പറയാൻ വേണ്ടി കേസ് മാറ്റിവെക്കുകയായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്

ഇന്ത്യൻ സുപ്രീംകോടതിയുടെ നാല്പത്തിയാറാമത്തെ ചീഫ് ജസ്റ്റിസ് ആണ് രഞ്ജൻ ഗോഗോയ്. 2018 ഒക്ടോബർ മാസത്തിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയിൽ നിന്ന് സ്ഥാനമേറ്റെടുത്ത ഗോഗോയ് നോർത്ത് ഈസ്റ്റിൽ നിന്ന് സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യത്തെ ജഡ്ജിയാണ്. 1978-ൽ അഭിഭാഷകനായി എൻറോൾ ചെയ്ത ഗോഗോയ് ഗുവാഹത്തി ഹൈക്കോടതിയിൽ നിരവധിവര്ഷം കേസുകൾ വാദിച്ചു. 2001 ഫെബ്രുവരി 28-നാണ് ജഡ്ജിയാകുന്നത്. അതിനു ശേഷം പഞ്ചാബ് & ഹരിയാണ ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം കിട്ടി. അവിടെ ഒടുവിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. 2012 ഏപ്രിലിൽ സുപ്രീം കോടതിയിലേക്ക് നിയമിതനായിരിക്കെ നാഷണൽ രെജിസ്റ്റർ ഓഫ് സിറ്റിസൺസ് അടക്കമുള്ള പല കേസുകളിലും വാദം കേൾക്കുകയുമുണ്ടായി ഗോഗോയ്. കഴിഞ്ഞ ദിവസം, വിധിക്കു മുന്നോടിയായി ഉത്തർപ്രദേശ് സന്ദർശിച്ച ഗോഗോയ് പോലീസ് വൃത്തങ്ങളുമായി സുരക്ഷാ സംവിധാനങ്ങളെപ്പറ്റി വിശദമായി ചർച്ചനടത്തുകയുമുണ്ടായി.

ജസ്റ്റിസ് എസ് എ ബോബ്‌ഡെ

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ, ഈ വരുന്ന പതിനേഴിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് സ്ഥാനമൊഴിയുമ്പോൾ, സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാൻ പോകുന്നത് എസ് എ ബോബ്‌ഡെ ആണ്. 2000-ൽ മുംബൈ കോടതിയിൽ അഡീഷണൽ ജഡ്ജായി ചേർന്ന ബോബ്‌ഡെ രണ്ടു വർഷത്തിനുള്ളിൽ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെടുന്നു. 2013 ഏപ്രിലിലാണ് അദ്ദേഹം സുപ്രീംകോടതിയിലേക്ക് ഉയർത്തപ്പെടുന്നത്. ചീഫ് ജസ്റ്റിസ് ആയിക്കഴിഞ്ഞ ശേഷവും ഒന്നരവർഷത്തോളം സർവീസ് അദ്ദേഹത്തിന് പിന്നെയും അവശേഷിക്കും. അയോദ്ധ്യാ കേസിനെ ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യവഹാരമെന്നാണ് വിശേഷിപ്പിച്ചത്. നിയമത്തിനു പുറമെ ബൈക്ക് റേസിങ്ങിലും കമ്പമുള്ളയാളാണ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ.

ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്

മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസും, ഏറ്റവും അധികകാലം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ച ജഡ്ജിയുമായ ചീഫ് ജസ്റ്റിസ് വൈ വൈ ചന്ദ്രചൂഡിന്റെ മകനാണ് ധനഞ്ജയ യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡി വൈ ചന്ദ്രചൂഡ്. ദില്ലി സെന്റ് സ്റ്റീഫൻസിൽ നിന്ന് ഗണിതത്തിൽ ബിരുദം. ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം. ശേഷം, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തരബിരുദം. അതിനും പുറമെ ഹാർവാർഡ് സർവകലാശാലയിൽ നിന്നുതന്നെ നീതിന്യായശാസ്ത്രത്തിൽ സ്കോളർഷിപ്പോടെ ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. മുൻകാലങ്ങളിലെ കാലഹരണപ്പെട്ട പല കോടതി വിധികളും തിരുത്തിയെഴുതിയ പ്രസിദ്ധിയും അദ്ദേഹത്തിനുണ്ട്. അതിൽ ചില കേസുകളിലെ വിധി എഴുതിയത് അച്ഛൻ വൈ വൈ ചന്ദ്രചൂഡ് തന്നെയായിരുന്നു എന്നതും കൗതുകകരമായ ഒരു വസ്തുതയാണ്. അവിഹിതബന്ധങ്ങൾ, സ്വകാര്യതയ്ക്കുള്ള അവകാശം തുടങ്ങിയ പല കേസുകളിലെയും വളരെ വിപ്ലവാത്മകമായ വിധികളുണ്ട് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റേതായി. പല വിദേശ സർവകലാശാലകളിലെയും വിസിറ്റിങ്ങ് പ്രൊഫസർ കൂടിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്.

ജസ്റ്റിസ് അശോക് ഭൂഷൺ

1979-ൽ അലഹബാദ് ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി അഭിഭാഷകവൃത്തിക്ക് തുടക്കമിട്ട അശോക് ഭൂഷൺ, 2001-ലാണ് ജഡ്ജിയായി ഉയർത്തപ്പെടുന്നത്. കേരള ഹൈക്കോടതിയിൽ ജഡ്ജിയും പിന്നീട് ചീഫ് ജസ്റ്റിസും ആയിരുന്നിട്ടുണ്ട്. 2016 മെയ് 13-നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീം കോടതിയിലേക്ക് ജഡ്ജിയായി ഉയർത്തപ്പെടുന്നത്.

ജസ്റ്റിസ് അബ്ദുൾ നസീർ

1983 ഫെബ്രുവരിയിൽ കർണാടക ഹൈക്കോടതിയിൽ അഡ്വക്കേറ്റ് ആയി കരിയർ തുടങ്ങി, അവിടെ രണ്ടുപതിറ്റാണ്ടോളം കേസുകൾ വാദിച്ചിട്ടുണ്ട് അബ്ദുൾ നസീർ. 2003-ൽ അഡീഷണൽ ജഡ്ജായി സ്ഥാനക്കയറ്റം കിട്ടിയ അദ്ദേഹം, അടുത്ത വർഷം സ്ഥിരം ജഡ്ജാവുന്നു. 2017 ഫെബ്രുവരി 17-നാണ് അദ്ദേഹം സുപ്രീം കോടതിയിലേക്കെത്തുന്നത്. ഓഗസ്റ്റ് 2017-ൽ ജസ്റ്റിസ് കെഹറും ജസ്റ്റിസ് അബ്ദുൾ നസീറും ചേർന്ന് പുറപ്പെടുവിച്ച ട്രിപ്പിൾ തലാഖ് വിധി വിവാദമായിരുന്നു. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ സുപ്രീം കോടതിക്കാവില്ല എന്ന അദ്ദേഹത്തിന്റെ വിധിയെ പിന്നീട് എൻഡിഎ സർക്കാർ നിയമം കൊണ്ടുവന്ന് മറികടക്കുകയായിരുന്നു.

ഈ അഞ്ചു മഹാരഥന്മാരടങ്ങുന്ന സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ചരിത്ര പ്രധാനമായ ബാബറി മസ്ജിദ് തർക്കത്തിന് വിധി പറയാനൊരുങ്ങുമ്പോൾ, സസ്പെൻസ് വാനോളമുയരുകയാണ്.