ക്ഷേത്ര തടാകത്തിലെ മുതല ക്ഷേത്ര നടയില്‍ എത്തിയതു ഭക്തര്‍ക്കു കൗതുകക്കാഴ്ചയായി. കാസര്‍ക്കോട് കുമ്പളയിലെ അനന്തപുരം അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ തടാകത്തിലെ ബബിയ എന്ന മുതലയാണ് പുലര്‍ച്ചെ ക്ഷേത്ര നടയില്‍ എത്തിയത്.

തടാകത്തിലെ ഗുഹയില്‍ കഴിയുന്ന ബബിയ ക്ഷേത്ര ശ്രീകോവിലിന് അടുത്തെത്തിയത് കൗതുകക്കാഴ്ചയാവുകയായിരുന്നു. മേല്‍ശാന്തി കെ.സുബ്രഹ്മണ്യ ഭട്ട് എത്തിയപ്പോഴാണ് മുതല നടയില്‍ കിടക്കുന്നത് കണ്ടത്. സാധാരണ രാത്രിയില്‍ മുതല ക്ഷേത്രത്തിന് സമീപത്തേക്ക് കരയിലേക്ക് എത്താറുണ്ടെങ്കിലും പുലര്‍ച്ചെ മേല്‍ശാന്തി എത്തുംമുമ്പേ തിരികെ തടാകത്തിലേക്കു മടങ്ങുകയാണ് പതിവ്.

ഭക്തര്‍ ക്ഷേത്യത്തിലെ ഭഗവാനായി സങ്കല്‍പ്പിക്കപ്പെടുന്ന ബബിയ ക്ഷേത്ര നടയ്ക്കു മുന്നില്‍ എത്തിയതോടെ മേല്‍ശാന്തി പ്രാര്‍ഥനയും പൂജയും നടത്തി. എന്നാല്‍ ആനപ്പടിക്കപ്പുറത്തേക്ക് മുതല വന്നിട്ടില്ലെന്നാണ് ക്ഷേത്ര അധികൃതര്‍ പറയുന്നത്.

ബബിയ നടയില്‍ കിടക്കുന്ന ദൃശ്യം കീഴ്ശാന്തി മൊബൈലില്‍ പകരത്തിയ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേര്‍ പങ്കുവെച്ചു. ബബിയയ്ക്ക് ഇപ്പോള്‍ 75 ഓളം പ്രായമായെന്നാണ് കണക്ക്‌. ഏതാനും നേരം കഴിഞ്ഞു ബബിയ തിരിച്ച് ഗുഹയിലേയ്ക്ക് മടങ്ങുകയും ചെയ്തു.

സാധാരണ മുതലകളെപ്പോലുള്ള അക്രമ സ്വഭാവരീതികളും ബബിയയ്ക്കില്ല. ബ്രിട്ടീഷ് ഭരണകാലത്തുണ്ടായിരുന്ന മുതലായാണെന്നും ഒരു പട്ടാളക്കാരന്‍ വെടിവച്ചിട്ടും ബബിയക്ക് ഒന്നും സംഭച്ചില്ലെന്നുമാണ് ഐതിഹ്യം.

ബബിയ ക്ഷേത്രനടയില്‍ കിടക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമാണെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. പൂജ കഴിഞ്ഞു രാവിലെ 8നും ഉച്ചയ്ക്കു 12 നും മേല്‍ശാന്തി നല്‍കുന്ന നിവേദ്യം ആണ് ബബിയയുടെ ആഹാരം.