സ്വന്തം ലേഖകൻ

ലണ്ടൻ : സർക്കാരിന്റെ കൊറോണ വൈറസ് സഹായ പദ്ധതികൾക്ക് യോഗ്യതയില്ലാത്ത ആളുകൾക്ക് സഹായം നൽകണമെന്ന പുതിയ അപേക്ഷ ചാൻസലർ റിഷി സുനക് നിരസിച്ചു. എല്ലാ പ്രധാന പാർട്ടികളിലെയും 220 എംപിമാർ ഉൾപ്പെടെ 250,000 ൽ അധികം ആളുകൾ ഒപ്പിട്ട നിവേദനം സമർപ്പിച്ചതിനെത്തുടർന്ന് പദ്ധതികൾ വീണ്ടും പുനഃപരിശോധിക്കുവാനുള്ള സമർദ്ദത്തിലായിരുന്നു സുനക്. നിവേദനത്തിന് പിന്നിൽ എക്സ്‌ക്ലൂഡഡ് യുകെ എന്ന സംഘടനയാണ്. ഫർലോഫ് സ്കീമിലോ സമാനമായ പദ്ധതികളിലോ ഉൾപ്പെടാത്ത മുപ്പതു ലക്ഷം ആളുകൾ ഉണ്ടെന്ന് അവർ കണക്കാക്കി. പലരും പുതുതായി സ്വയംതൊഴിൽ ചെയ്യുന്ന തൊഴിലാളികളും ചെറുകിട ബിസിനസ്സ് ഉടമകളുമാണ്. യാതൊരു സഹായവുമില്ലാത്തതിനാൽ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് അവർ കടന്നുപോകുന്നത്.

പാർലമെന്റിന്റെ ട്രഷറി കമ്മിറ്റിയിൽ ഹാജരാകുന്നതിന് മുമ്പ് എസ്എൻ‌പി എം‌പി അലിസൺ തെവ്‌ലിസിനോട് പ്രചാരണത്തെപറ്റി സുനക്ക് ചോദിക്കുകയുണ്ടായി. പാർലമെന്റ് അംഗങ്ങളിലെ മൂന്നിലൊന്ന് ആളുകളും ഇപ്പോൾ എക്സ്‌ക്ലൂഡഡ് യുകെയിൽ അംഗങ്ങളാണ് എന്ന് അലിസൺ പറഞ്ഞു. സഹായമില്ലാതെ കഴിയുന്ന തൊഴിലാളികളെ പിന്തുണയ്ക്കാനുള്ള നടപടികൾ സർക്കാർ ആവിഷ്ക്കരിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു. “ഭാവിയിലേക്കുള്ള ജോലികൾ പരിരക്ഷിക്കാനും തൊഴിലാളികളെ പിന്തുണയ്ക്കാനും ഞങ്ങൾ ഇപ്പോൾ ശ്രമിക്കുകയാണ്. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച നയങ്ങൾ നടപ്പിലാക്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.” സുനക് വ്യക്തമാക്കി. ചില ഗ്രൂപ്പുകളെ അയോഗ്യരാക്കുന്നത് ന്യായമാണെന്ന് സർക്കാർ കണ്ടെത്തിയതിന്റെ കാരണങ്ങൾ ചാൻസലർ നേരത്തെ ചർച്ച ചെയ്തിരുന്നു. ജൂണിലെ ട്രഷറി കമ്മിറ്റിയുടെ ഒരു റിപ്പോർട്ട് പറയുന്നത് പത്തു ലക്ഷത്തിലധികം ആളുകൾ ഏതെങ്കിലും തരത്തിലുള്ള വരുമാന സഹായത്തിന് യോഗ്യരല്ല എന്നാണ്. എല്ലാ ജോലികളെയും സംരക്ഷിക്കാൻ സാധിക്കില്ലെന്ന് ചാൻസലർ മുമ്പ് വ്യക്തമാക്കിയിരുന്നു.

അതേസമയം തൊഴിൽ നഷ്ടം ഒഴിവാക്കാൻ ബാങ്കുകൾ ‘സ്റ്റുഡന്റ് ലോൺ സ്റ്റൈൽ’ പദ്ധതി നിർദ്ദേശിച്ചു. സർക്കാർ പിന്തുണയുള്ള വായ്പകളുടെ തിരിച്ചടവിന് സാധിക്കുന്നില്ലെങ്കിൽ അടുത്ത വർഷം 800,000 ബിസിനസുകൾ വരെ തകരാറിലാകുമെന്ന് യുകെ ബാങ്കുകൾ ഭയപ്പെടുന്നു. കൊറോണ വൈറസ് ലോണുകളെ പത്തു വർഷം കൊണ്ട് തിരിച്ചടയ്ക്കാവുന്ന രീതിയിലുള്ള നികുതി കടമായി മാറ്റാൻ കഴിയുന്ന ഒരു വിദ്യാർത്ഥി വായ്പ തരത്തിലുള്ള പദ്ധതിയാണ് നിർദേശിച്ചത്. എച്ച്എം റവന്യൂ, കസ്റ്റംസ് എന്നിവയാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന് ബാങ്കുകൾ ആഗ്രഹിക്കുന്നു. ബാങ്കിംഗ് വ്യവസായ ലോബി ഗ്രൂപ്പായ ദി സിറ്റി യുകെ ഒരു “യുകെ റിക്കവറി കോർപ്പറേഷൻ” രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. ഇതിലൂടെ കമ്പനികൾക്ക് അവരുടെ ഹ്രസ്വകാല കടങ്ങളെ എച്ച്‌എം‌ആർ‌സിയ്ക്ക് ദീർഘകാല സാമ്പത്തിക ബാധ്യതയായി പരിവർത്തനം ചെയ്യാനും ആവശ്യത്തിന് പണം സമ്പാദിക്കുമ്പോൾ കടം തിരിച്ചടയ്ക്കാനും കഴിയും. ലക്ഷക്കണക്കിന് കമ്പനികളിൽ യുകെ സർക്കാർ നേരിട്ടുള്ള ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനേക്കാൾ മെച്ചപ്പെട്ട പദ്ധതിയാണിതെന്ന് ബാങ്കുകൾ അഭിപ്രായപ്പെടുന്നു.