പണമയച്ച് കിട്ടേണ്ടിടത്ത് എത്താതിരുന്നാല്‍ അയയ്ക്കുന്നയാള്‍ ബാങ്ക് പ്രതിദിനം 100 രൂപ വീതം നല്‍കണമെന്ന് റിസര്‍വ് ബാങ്ക്. പേയ്‌മെന്റുകളിലും ഫണ്ട് ട്രാന്‍സ്ഫറുകളിലും പലപ്പോഴും ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം പോവുകയും എന്നാല്‍ എത്തേണ്ടിടത്ത് എത്താതിരിക്കുകയും ചെയ്യുന്ന പരാതികള്‍ വ്യാപകമായി ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

യുപിഐ അടക്കമുള്ള വിവിധ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ഫെയില്‍ഡ് ട്രാന്‍സാക്ഷനുകള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായി ആര്‍ബിഐ പറയുന്നു. ട്രാന്‍സാക്ഷനുകള്‍ പരാജയപ്പെടുന്നത് ഒഴിവാക്കാനും ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസത്തോടെ ട്രാന്‍സാക്ഷന്‍ നടത്താന്‍ സഹായകവുമായ നടപടിയാണ് ഇതെന്ന് റിസര്‍വ് ബാങ്ക് വിജ്ഞാപനം അവകാശപ്പെടുന്നു.

ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്കും ഇ വാലറ്റുകള്‍ക്കും മാത്രമല്ല, എടിഎം ഇടപാടുകള്‍ക്കും ഐഎംപിഎസ് ട്രാന്‍സ്ഫറുകള്‍ക്കുമെല്ലാം പുതിയ ചട്ടം ബാധകമായിരിക്കും. എടിഎം ട്രാന്‍സാക്ഷനുകളില്‍ ഉപഭോക്താവിന്റെ പണം അക്കൗണ്ടില്‍ നിന്ന് വലിക്കുകയും എന്നാല്‍ ലഭ്യമാവുകയും ചെയ്യാതെ വന്നാല്‍ അഞ്ച് ദിവസത്തിനകം ബാങ്ക് പണം നല്‍കിയിരിക്കണം. ഇതുണ്ടായില്ലെങ്കില്‍ ഉപഭോക്താവിന്റെ അക്കൗണ്ടിലേയ്ക്ക് 100 രൂപ ഫൈന്‍ ആയി ബാങ്ക് നല്‍കണം.

ഐഎംപിഎസ് ട്രാന്‍സാക്ഷനില്‍ പണമയച്ച്, ആര്‍ക്കാണോ പണം ലഭിക്കേണ്ടത്, ആ വ്യക്തിക്ക് പണം ലഭ്യമായില്ലെങ്കില്‍ പണം ലഭിക്കേണ്ടയാളിന്റെ ബാങ്ക് ഒന്നുകില്‍ ഒരു ദിവസത്തിനകം പണം അയച്ചയാള്‍ക്ക് തന്നെ തിരിച്ചുനല്‍കണം. ഇല്ലെങ്കില്‍ 100 രൂപ പിഴ നല്‍കണം. യുപിഐ ട്രാന്‍സാക്ഷനുകളിലും ബാങ്കുകള്‍ക്ക് അഞ്ച് ദിവസമാണ് സമയം നല്‍കുന്നത്.