മെട്രിസ് ഫിലിപ്പ്

മാനവരാശിയുടെ രക്ഷയ്ക്കുവേണ്ടി, ബേത് ലഹേമിലെ ഒരു കാലിതൊഴുത്തിൽ പിറന്ന് വീണ്, നസ്രത്തിലൂടെ വളർന്ന്, സ്നേഹത്തിനും കാരുണ്യത്തിനും, ഒരു പുതിയ, അധ്യായം രചിച്ച്, ജെറുസലേമിന്റെ നായകനായി മാറിയ യേശുനാഥൻ, രോഗികളെ സുഖപ്പെടുത്തിയും, അഞ്ച് അപ്പം കൊണ്ട് 5000 പേർക്ക്, മലഞ്ചെരുവിൽ, ഭക്ഷണം നൽകിയും, അത്ഭുതങ്ങൾ പ്രവർത്തിച്ചും, മുന്നോട്ട് പോയപ്പോൾ, സ്വന്തം ശിഷ്യൻ തന്നെ, ചുംബനം നൽകി ഒറ്റികൊടുത്തുകൊണ്ട്, ലോകത്തെ ബിസി എന്നും എ.ഡി. എന്നും കാലത്തെ വേർതിരിച്ചുകൊണ്ട്, കാൽവരിയിലെ ഒരു കുരിശിൽ, രണ്ട് കള്ളൻമാരുടെ നടുവിൽ കിടന്നു മരിച്ചപ്പോൾ, ഒരു നീതിമാന്റെ, ജീവിതം ആണ് അവസാനിച്ചത്.

അതിരുകളില്ലാതെയും അളവുകൾ ഇല്ലാതെയും സ്നേഹിക്കണം എന്നും, കുഞ്ഞുമനസ്സിൻ നൊമ്പരം ഒപ്പിയെടുത്തുകൊണ്ട്, അവരെ തടയാതെ, എന്റെ അടുക്കലേക്ക് അയക്കുവിൻ എന്നാണ് യേശു പഠിപ്പിച്ചത്.

വി. ബൈബിളിൽ, ഏറ്റവും അധികമായി രേഖപ്പെടുത്തിയിരിക്കുന്ന രണ്ട് വാക്കുകൾ വിശ്വവാസവും സ്നേഹവുമാണ്. മാതാവിന്, ഉണ്ണി യേശുവിന്റെ ജനനത്തെകുറിച്ച്, ഗബ്രിയേൽ മാലാഖ സ്വപ്നത്തിൽ അറിയിപ്പ് നൽകിയപ്പോൾ, മാതാവിന്റെ മനസ്സിൽ നിന്നും ഉയർന്നത്, ഇതാ, കർത്താവിന്റെ ദാസി, നിന്റെ വാക്ക്, എന്നിൽ നിറവേറട്ടെ എന്നായിരുന്നു.

ജോസഫ്, മറിയത്തെയും ഉണ്ണിയേശുവിനേയും സ്നേഹം കൊണ്ട് നിറയ്ക്കുകയായിരുന്നു. ബേത് ലഹേമിൽ നിന്നു കുഞ്ഞു പൈതലിനെയും, കൊണ്ട് ഈജിപ്തിലേയ്ക്കുള്ള പാലായാനവും, തുടർന്നുള്ള തിരിച്ചുവരവും, നസ്രത്തിലെ ജീവിതവും, ജോസഫ് ചെയ്ത വലിയ മഹത്വവും ലോകം കണ്ടു.

ആധുനിക ലോകത്തിൽ വിശ്വസിച്ചുള്ള സ്‌നേഹം ഉണ്ടോ? കപടതനിറഞ്ഞതും, സ്വന്തം നേട്ടത്തിനായും, ഉള്ള സ്നേഹമല്ലേ! മറ്റുള്ളവരെ കബളിപ്പിച്ചും, പിടിച്ചുപറിച്ചും നേടുന്നത്, അനുഭവിക്കാൻ പറ്റുമോ?
ഫാ. ചിറമേൽ പറയുന്നത്, കൊടുക്കടോ, കഴിവുള്ളപോലെ, മറ്റുള്ളവരെ സഹായിക്കടോ എന്നല്ലേ! വലുത് കൈ കൊണ്ട് കൊടുക്കുന്നത്, ഇടത് കൈ പോലും അറിയരുത് എന്നല്ലേ യേശു പഠിപ്പിച്ചത്.

ഈ നോമ്പുകാലത്ത്, നമ്മളെ കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ചെയ്തുകൊണ്ട്, സ്നേഹത്തിന്റെ മാതൃക കാണിച്ചുകൊടുക്കാം. സ്നേഹം നൽകുന്നത് വിശ്വാസത്തോടെ ആവട്ടെ. വിശ്വാസത്തോടെ പ്രാർത്ഥിച്ചുകൊണ്ട്, യേശുനാഥൻ ഓരോ അത്ഭുതങ്ങളും ചെയ്തത്. വെള്ളത്തിന് മീതെകൂടി നടന്നുവരുന്നതും, കാറ്റിനെയും കടലിനെയും ശമിപ്പിക്കുന്നതും, തന്റെ പിതാവിനോട് പ്രാർത്ഥിച്ചുകൊണ്ട് തന്നെയാണ്. അതിനാൽ പുതിയ മനുഷ്യരായി, സ്‌നേഹിച്ചും സഹായങ്ങൾ ചെയ്തും, ഈ നോമ്പുകാലം ആചരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ…