ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുമ്പോള്‍ നേരിട്ട അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. അന്ന് താനതിനെതിരെ പ്രതികരിച്ചുവെന്നും എന്നിട്ടും താന്‍ ഭര്‍ത്താവിനൊപ്പം പതിനഞ്ച് വര്‍ഷം ജീവിച്ചുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

ഫേസ്ബുക്കിലൂടെയാണ് മുപ്പത് വര്‍ഷം മുമ്പ് ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും തനിക്കുണ്ടായ അപമാനത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ഒരു 30 കൊല്ലം മുന്‍പ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാന്‍ ഭര്‍ത്താവിനേയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും സ്‌നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം.

മദ്യപാനിയായ ഭര്‍ത്താവിന്റെ അനുജന്‍ സ്വന്തം ജേഷ്ടനോടുളള പകയില്‍ എന്നെ വേശ്യ എന്ന് വിളിച്ചു. അത് കേട്ട് യാതൊരു കൂസലുമില്ലാതെ ഭര്‍ത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം നിന്നുവെന്നും തനിക്ക് പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

എന്റെ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി.. എന്താണിത് നിങ്ങള്‍ എല്ലാവരും മിണ്ടാതെ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ തന്ന മറുപടി ‘ഓ അവന്‍ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തില്‍ പിറന്ന പെണ്ണിന്റെ കടമയാണെന്ന് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.

അങ്ങനെ ഞാന്‍ കുടുംബത്തില്‍ പിറന്ന പെണ്ണാവാന്‍ ഉദ്ദേശിക്കുന്നില്ല. എന്നെ രക്ഷിക്കാന്‍ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാന്‍ തന്നെയാണ് എന്റെ സംരക്ഷക,ഞാന്‍ തന്നെയാണ് എന്റെ ശക്തി, ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കല്‍ കൂടി ആ വാക്ക് പറ, അവന്‍ ആ വാക്ക് വീണ്ടും ആവര്‍ത്തിച്ചു. പിന്നെ എന്റെ നിയന്ത്രണം വിട്ടു. ഉണങ്ങാന്‍ ഇട്ടിരുന്ന വിറക് കയ്യിലെടുത്ത് തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിച്ചുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഏഴിലോ എട്ടിലോ പഠിക്കുന്ന പെണ്‍കുട്ടി മഹാഭാരതത്തിലെ വസ്ത്രാക്ഷേപത്തെ ഇന്നത്തെ സാമൂഹത്തിലെ സ്ത്രീകള്‍ക്ക് നേരെയുള്ള അധിക്ഷേപവുമായി ബന്ധപ്പെടുത്തി ഒരു റിയാലിറ്റി ഷോയില്‍ സംസാരിക്കുന്നത് കണ്ടു. ‘സ്ത്രീ സുരക്ഷയുടെ കാണാപ്പുറങ്ങള്‍’ എന്നായിരുന്നു വിഷയം..

കൗരവ സഭയില്‍ വെച്ച് വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കപ്പെട്ടപ്പോള്‍ അഞ്ച് പുരുഷന്മാര്‍(ഭര്‍ത്താക്കന്മാര്‍) തനിക്ക് ഉണ്ടായിട്ടും, സഭ നിറയെ ബന്ധുക്കളും ഗുരുക്കന്മാരും(സമൂഹം) ഉണ്ടായിട്ടും തന്നെ രക്ഷിക്കാന്‍ ആരുമില്ലല്ലോ എന്നവള്‍ നിലവിളിച്ചു, അവിടെ ദൈവത്തെ വിളിക്കുകയല്ലാതെ അവള്‍ക്ക് മറ്റു മാര്‍ഗ്ഗമില്ല. ഭഗവാന്‍ വന്ന് അവളെ രക്ഷിക്കുന്നു..

ആധുനിക കാലത്തെ സ്ത്രീ അപമാനിതയാവുമ്പോള്‍ ആരെ വിളിച്ചു കരയും? ഏത് ഭഗവാന്‍ വരും? അവള്‍ക്ക് സ്വയം ഭദ്രകാളി ആവാനേ പറ്റൂ… ഇത് കേട്ടപ്പോള്‍ എന്റെ ജീവിതത്തിലെ ഒരു സംഭവമാണ് എനിക്ക് ഓര്‍മ്മ വന്നത്. ഒരു 30 കൊല്ലം മുന്‍പ്, അദ്ധ്വാനിച്ച് ജീവിക്കുന്ന സ്ത്രീയായ ഞാന്‍ ഭര്‍ത്താവിനേയും കുഞ്ഞിനെയും ഭര്‍ത്താവിന്റെ വീട്ടുകാരെയും സ്‌നേഹിച്ച് നല്ല കുലസ്ത്രീയായി ജീവിച്ച കാലം.. ഭര്‍ത്താവിന്റെ അനുജന്‍ (ഒരു തികഞ്ഞ മദ്യപാനി)

സ്വന്തം ജേഷ്ടനോടുളള പകയില്‍ എന്നെ വേശ്യ എന്ന് വിളിച്ചു (യഥാര്‍ത്ഥ വാക്ക് എഴുതാനാവില്ല) അത് കേട്ട് യാതൊരു കൂസലുമില്ലാതെ നിന്നു ഭര്‍ത്താവും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം..

എന്റെ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങി.. എന്താണിത് നിങ്ങള്‍ എല്ലാവരും മിണ്ടാതെ നില്‍ക്കുന്നത് എന്ന ചോദ്യത്തിന് അവര്‍ തന്ന മറുപടി ‘ഓ അവന്‍ മദ്യത്തിന്റെ പുറത്ത് പറയുന്നതല്ലേ വിട്ടു കള എന്നായിരുന്നു.. അന്നെനിക്ക് മനസ്സിലായി അപമാനിക്കപ്പെടുന്ന സ്ത്രീ അത് സഹിക്കുക എന്നത് കുടുംബത്തില്‍ പിറന്ന പെണ്ണിന്റെ കടമയാണ്..

അങ്ങനെ ഞാനിപ്പൊ കുടുംബത്തില്‍ പിറന്ന പെണ്ണാവാന്‍ ഉദ്ദേശിക്കുന്നില്ല.. എന്നെ രക്ഷിക്കാന്‍ ഒരു കൃഷ്ണനും വരാനും പോകുന്നില്ല. ഞാന്‍ തന്നെയാണ് എന്റെ സംരക്ഷക,ഞാന്‍ തന്നെയാണ് എന്റെ ശക്തി.. ഞാനവന്റെ അടുത്ത് ചെന്ന് പറഞ്ഞു ഒരിക്കല്‍ കൂടി പറ ആ വാക്ക്.. അവന്‍ ആ വാക്ക് വീണ്ടും ആവര്‍ത്തിച്ചു..പിന്നെ എന്റെ നിയന്ത്രണം വിട്ടു… ഉണങ്ങാന്‍ ഇട്ടിരുന്ന വിറക് കയ്യിലെടുത്തതേ എനിക്ക് ഓര്‍മ്മയുളളു..

തലങ്ങും വിലങ്ങും നോക്കാതെ ഞാനവനെ അടിക്കാന്‍ തുടങ്ങി..പറയടാ പറയടാ എന്ന് ഞാന്‍ അലറുന്നുണ്ട്…ഭര്‍ത്താവും അമ്മയും അച്ഛനും സഹോദരിയും അളിയനും എല്ലാവരും കൂടി എന്നെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.. പക്ഷെ അവനെ ജീവച്ഛവമാക്കിയിട്ടേ എന്റെ കലി അടങ്ങിയുളളു.ഇനി ഒരു പെണ്ണിനെയും നീ ഇങ്ങനെ അപമാനിക്കരുത് എന്ന് പറഞ്ഞിട്ടാണ് ഞാന്‍ അകത്തേക്ക് കയറിപ്പോയത്..

പിറകേ വന്ന ഭര്‍ത്താവ് ചോദിച്ചു എന്താണ് ഈ കാട്ടിയത് പെണ്ണുങ്ങള്‍ക്ക് ഇത്ര ദേഷ്യം പാടില്ല. പരമ പുച്ഛത്തോടെ ഒരു പുഴുവിനെ നോക്കുന്നത് പോലെ ഞാനയാളെ നോക്കി.. എന്നിട്ടും ജീവിച്ചു അയാളോടൊപ്പം പിന്നെയും പതിനഞ്ചു വര്‍ഷം..

ഇത് ഞാന്‍ മാത്രമല്ല ഈ സമൂഹത്തില്‍ പല വീടുകളിലും പല സ്ത്രീകളും അനുഭവിക്കുന്നതാണ് വിത്യസ്ത രീതികളില്‍… അപൂര്‍വ്വം ചിലര്‍ക്കേ ഭദ്രകാളി ആവാനും സ്വന്തം ശക്തി തിരച്ചറിയാനും സാധിക്കൂ.. അത് തിരിച്ചറിയാത്തിടത്തോളം അവള്‍ അപമാനിക്കപ്പെട്ടു കൊണ്ടേയിരിക്കും. അമ്മമാര്‍ പെണ്‍മക്കളോട് പറയണം നീതന്നെയാണ് നിന്റെ സുരക്ഷിതത്വം നീ മാത്രമേയുള്ളു നിന്നെ സംരക്ഷിക്കാന്‍..

ആണ്‍മക്കളോടും പറയണം അവളുടെ ഉള്ളിലെ കാളിയെ നീ ഉണര്‍ത്തരുത്. അവളുടെ ശക്തി അത് നീ കരുതുന്നതിനും അപ്പുറമാണ് എന്ന് പറഞ്ഞു തന്നെ വളര്‍ത്തണം..