ഭാഷയുടെ വികാസ പരിണാമം, വ്യാകരണം, ഭാഷാശാസ്ത്രം, പ്രയോഗവിജ്ഞാനം, നിഘണ്ടു വിജ്ഞാനം എന്നീ മേഖലകളിലെ ആധികാരിക പഠനങ്ങളായ ഇരുപത്തിയൊന്ന് ലേഖനങ്ങളുടെ സമാഹാരമായ ഭാഷയുടെ വഴികൾ ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലെ കല്ലറയ്ക്കൽ ഹാളിലെ പ്രൗഢ ഗംഭീരമായ സദസ്സിനു മുൻപിൽ വച്ച് പ്രകാശനം ചെയ്യപ്പെട്ടു. ഗ്രന്ഥകർത്താവായ ഡോ. ജോസഫ് സ്കറിയ ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളഭാഷ അധ്യാപകനും സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ ഇടപെടലുകൾ നടത്തുന്ന ആളുമാണ്. മലയാള ഭാഷാ സ്നേഹികൾക്ക് നാളകളിൽ റഫറൻസിനായി ഉപയോഗിക്കാൻ ഉതകുന്ന വിധത്തിൽ ശാസ്ത്രീയപഠനങ്ങളാണ് ഭാഷയുടെ നാൾവഴികളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പുസ്തകപ്രകാശനവും പ്രഭാഷണവും നടത്തിയത് പ്രമുഖ ഭാഷ ചിന്തകനും നിരൂപകനുമായ ഡോ. സി. ജെ. ജോർജാണ്. ഒരു ഭാഷയ്ക്കുള്ളിൽ ജനിച്ചു വീഴുന്ന മനുഷ്യനെ രൂപപ്പെടുത്തുന്നത് ഭാഷയാണെന്നും, ചിലന്തിവലയ്ക്ക് സമാനമായ ഒരു വ്യവസ്ഥയിൽ മനുഷ്യൻ അകപ്പെടുകയാണെന്നും ഡോ. സി.ജെ ജോർജ് ചൂണ്ടിക്കാട്ടി. മനുഷ്യൻറെ സാമൂഹികവും സാംസ്കാരികവും മതപരവുമായ ജീവിതത്തിൽ ഭാഷയ്ക്കുള്ള സ്വാധീനം ഡോ. സി. ജെ ജോർജ് എടുത്തുപറഞ്ഞു. ഭാവി ഭാഷാ പഠനങ്ങൾക്കുള്ള ഉത്തമ റഫറൻസ് ഗ്രന്ഥമാണ് ഡോ. ജോസഫ് സ്കറിയയുടെ ഭാഷയുടെ വഴികൾ എന്ന് പുസ്തകപരിചയം നടത്തിയ കോഴിക്കോട് സർവകലാശാല അധ്യാപകനും, ഭാഷാ പണ്ഡിതനുമായ ഡോ. പി സോമനാഥൻ അഭിപ്രായപ്പെട്ടു. എസ് ബി കോളേജ് മലയാളവിഭാഗം സാഹിത്യപ്രവർത്തക സഹകരണ സംഘത്തിൻറെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി കോളേജ് പ്രിൻസിപ്പാൾ ഡോ.ജേക്കബ് മാത്യു അദ്ധ്യക്ഷത വഹിച്ചു. പ്രൊ. സ്കറിയ സക്കറിയ ഉദ്ഘാടനം നിർവഹിക്കുകയും മലയാള വിഭാഗം തലവൻ ഡോ. പി. ആൻറണി സ്വാഗതം പറയുകയും ചെയ്തു.