മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ബഹുനിലകെട്ടിടം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 39 ആയി ഉയര്‍ന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍. വലിയ ജെസിബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അതേസമയം കാലാവസ്ഥ പ്രതികൂലമായത് രക്ഷാ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ തെരച്ചില്‍ 40 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പതിനഞ്ച് എണ്ണം കുട്ടികളുടേതാണ്.

അതേസമയം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 25 പേര്‍ മുംബൈയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. തകര്‍ന്നുവീണ കെട്ടിടത്തിന് നാല്‍പത് വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ 140 പേര്‍ താമസിക്കുന്നുണ്ടെന്നാണ് വിവരം.