ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ വീണ്ടും വര്‍ദ്ധനയുണ്ടാകുമെന്ന് വിദഗ്ദ്ധര്‍. 2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ രേഖപ്പെടുത്തിയ മൂല്യവര്‍ദ്ധനവിനേക്കാള്‍ വലിയ കുതിച്ചുചാട്ടത്തിനാണ് കളമൊരുങ്ങുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ബിറ്റ്‌കോയിന്‍ മൂല്യം മാര്‍ച്ചിനു ശേഷം ആദ്യമായി 9000 ഡോളറിനു മുകളിലെത്തിയിരുന്നു. കഴിഞ്ഞുപോയ വാരങ്ങളില്‍ ക്രിപ്‌റ്റോകറന്‍സി മാര്‍ക്കറ്റുകള്‍ നേട്ടം കൊയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ദ്ധര്‍ ഈ സൂചന നല്‍കുന്നത്. ക്രിപ്‌റ്റോകറന്‍സിക്ക് കൂടുതല്‍ ആവശ്യക്കാര്‍ ഉണ്ടാകുന്നതു മൂലം മൂല്യവര്‍ദ്ധനവിനുള്ള സാധ്യത ഏറെയാണെന്ന് അറ്റ്‌ലസ് ക്വാണ്ടം എന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിന്റെ സിഇഒ ആയ റോഡ്രിഗോ മാര്‍ക്വെസ് പറയുന്നു.

ലോകത്തെ ഏറ്റവും മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന് കൂടുതല്‍ ആവശ്യക്കാരുണ്ടായി വരികയാണെന്ന് ക്രിപ്‌റ്റോസ്ലേറ്റ് വ്യക്തമാക്കുന്നു. ബൈ ഓര്‍ഡറുകളാണ് മാര്‍ക്കറ്റ് ആക്ടിവിറ്റിയില്‍ 92 ശതമാനവും. 2017 മാര്‍ച്ചിനു ശേഷം ആദ്യമായാണ് ഇത്രയും വളര്‍ച്ച രേഖപ്പെടുത്തുന്നത്. ആ സമയത്ത് വെറും 1000 ഡോളര്‍ മാത്രം മൂല്യമുണ്ടായിരുന്ന ബിറ്റ്‌കോയിന്‍ വര്‍ഷാവസാനത്തോടെ 20,000 ഡോളര്‍ മൂല്യത്തിലേക്ക് കുതിച്ചുയര്‍ന്നിരുന്നു. ക്രിപ്‌റ്റോകറന്‍സി വിപണിയില്‍ വാങ്ങല്‍ ഓര്‍ഡറുകളുടെ തള്ളിക്കയറ്റമാണ് ഇപ്പോളുള്ളത്. ഇത് മൂല്യവര്‍ദ്ധനവിലേക്ക് നയിക്കുമെന്ന് ക്രിപ്‌റ്റോസ്ലേറ്റ് വ്യക്തമാക്കുന്നു.

2017 അവസാനത്തോടെ ക്രിപ്‌റ്റോകറന്‍സി മൂല്യത്തില്‍ വര്‍ദ്ധനയുണ്ടായെങ്കിലും 2018 തുടക്കത്തോടെ മൂല്യത്തില്‍ ഇടിവുണ്ടായിരുന്നു. ഇതോടെ ഒരു ക്രിപ്‌റ്റോകറന്‍സി റെഗുലേഷന്‍ നടപ്പിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. കുറച്ചു മാസങ്ങള്‍ക്കിടെ 10,000 ഡോളറോളം മൂല്യമിടിഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഈ സാധ്യത പ്രവചിക്കപ്പെട്ടത്.