മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് കൊലപാതകം മറച്ചുവയ്ക്കാന്‍ ശ്രമിച്ച ബിജെപി നേതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയില്‍. കേസിന് ആസ്പദമായ സംഭവം നടന്നത് 2016 ലാണ്. മുഖ്യപ്രതിയും ബിജെപി നേതാവുമായ ജഗദീഷ് കരോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

ജഗദീഷ് കരോട്ടിയയുമായി പ്രണയത്തിലായിരുന്ന ട്വിങ്കിള്‍ ദാഗ്രെയെന്ന 22 കാരിയെയാണ് പ്രതികള്‍ കൊലപ്പെടുത്തിയത്. ട്വിങ്കിള്‍ ജഗദീഷിന് ഒപ്പം താമസിക്കണമെന്ന് വാശിപിടിച്ചു. ഇതോടെ കുടുംബ പ്രശ്‌നം ഒഴിവാക്കുന്നതിനായി ട്വിങ്കിളിനെ മക്കളുടെ സഹായത്തോടെ ജഗദീഷ് കൊലപ്പെടുത്തി.

കഴുത്തുഞെരിച്ചാണ് യുവതിയെ കൊന്നത്. പിന്നീട് മൃതദേഹം കത്തിച്ചു കളയുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടു. തുടര്‍ന്നാണ് പൊലീസിനെ വഴിതെറ്റിക്കാന്‍ ദൃശ്യം സിനിമയിലെ ആശയം ബിജെപി നേതാവ് പ്രയോഗിച്ചത്. യുവതിയുടെ മൃതദേഹം കുഴിച്ചിട്ടതിന് സമാനമായ രീതിയില്‍ മറ്റൊരിടത്ത് നായയെയും ജഗദീഷ് കുഴിച്ചിട്ടു. പൊലീസ് യുവതിയെ കാണാതായതോടെ ജഗദീഷിനെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്ന് നായയെ കുഴിച്ചിട്ട സ്ഥലമാണ് ജഗദീഷ് കാണിച്ച് കൊടുത്തത്.

മലയാളത്തില്‍ ഏറെ ഹിറ്റായ ദൃശ്യം 2015 ലാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. ദൃശ്യമെന്ന പേരില്‍ അജയ് ദേവ്ഗണ്‍ നായകനായ ഈ സിനിമ നിരവധി തവണയാണ് പ്രതി കണ്ടതെന്നും പൊലീസ് പറയുന്നു.ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്സിലേഷന്‍ സിഗ്നേച്ചര്‍ പരിശോധനയക്ക് ജഗദീഷിന്റെ മക്കളെ പൊലീസ് വിധേയമാക്കിയതോടെ കൊലപാതകത്തിന്റെ ചുരുള്‍ അഴിയുകായിരുന്നു.