സ്വന്തം ലേഖകൻ 

കൊച്ചി : കേരളത്തിൽ നിന്ന് ബി ജെ പി യെ പൂർണ്ണമായും ഒഴിവാക്കിയെന്ന് ഓർത്ത് സന്തോഷിക്കുന്ന മലയാളിയാണ് നിങ്ങളെങ്കിൽ ഓർക്കുക കേരളത്തെ കാത്തിരിക്കുന്നത് മറ്റൊരു വലിയ അപകടം കൂടിയാണ്. കാരണം ഇന്ത്യയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല എന്ന് ഉറപ്പുള്ള സംസ്ഥാനങ്ങളിൽ പോലും കോടികൾ ചിലവാക്കി ബി ജെ പി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെ പിന്നിൽ ചില വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വോട്ടിംഗ് മെഷിൻ  തട്ടിപ്പിലൂടെയും, വർഗ്ഗീയ കാർഡുകൾ ഇറക്കിയും ഭരണം നേടിയെടുക്കാവുന്ന സംസ്ഥാനങ്ങളിൽ വളരെ പെട്ടെന്ന് പിടിമുറുക്കികൊണ്ട് അല്ലാത്ത സംസ്ഥാനങ്ങളിൽ മറ്റ് കപട മാർഗ്ഗങ്ങളിലൂടെ പിടിമുറുക്കുക എന്ന തന്ത്രമാണ് അവർ ഉപയോഗപ്പെടുത്തുന്നത്. അത്തരം സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികളെ തന്നെയാണ് അവർ ഈ മാർഗ്ഗത്തിനായി ഉപയോഗപ്പെടുത്തുന്നത്.

കേരളം ബി ജെ പിയെ സംബന്ധിച്ച് അത്തരം ഒരു സംസ്ഥാനം തന്നെയാണ് . കാരണം ബി ജെ പിക്കറിയാം ഉയർന്ന സാക്ഷരതയുള്ള കേരളത്തിൽ വോട്ടിംഗ്  മെഷീൻ തട്ടിപ്പിലൂടെയോ , വർഗ്ഗീയത പ്രചരിപ്പിച്ചോ ഭരണം നേടുക അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല എന്ന്. എന്നാൽ ഇതേ സംസ്ഥാനത്ത് നടന്ന ഈ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക്  വിജയ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനാർഥികളായ സുരേന്ദ്രനും , ശ്രീധരനും , സുരേഷ് ഗോപിയുമൊക്ക തോറ്റിരിക്കുന്നത് വെറും ആയിരത്തിനും പതിനായിരത്തിനുമിടയ്ക്കുള്ള വോട്ടുകൾക്കാണ്. യഥാർത്ഥ കണക്ക് പുറത്ത് വരുമ്പോൾ പലയിടത്തും മൂന്നാം സ്ഥാനത്ത് എത്തിയെന്നും അറിയാൻ കഴിയും. വിജയത്തിന് ആവശ്യമായ  ഈ കുറച്ച് വോട്ടുകൾ അടുത്ത് വരുന്ന ഇല്കഷനുകളിൽ ബി ജെ പിക്ക് വളരെ നിസ്സാരമായി ഉണ്ടാക്കിയെടുക്കാൻ കഴിയും എന്ന് ഓർത്തിരിക്കുക. അത് എങ്ങനെയാണ് അവർ ഉണ്ടാക്കുന്നതെന്ന് മനസ്സിലാക്കണമെങ്കിൽ കഴിഞ്ഞ പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു സീറ്റ് പോലും മത്സരിച്ച് ജയിക്കാൻ കഴിയാത്ത സംസ്ഥാനങ്ങളിൽ ഇന്ന് എങ്ങനെയാണ് ബി ജെ പി മന്ത്രിസഭകൾ വന്നതെന്ന് പഠിച്ചാൽ മനസ്സിലാകും.

ഇപ്പോൾ ബി ജെ പി കേരളത്തിൽ നേടിയ വോട്ടുകൾ പൂർണ്ണമായും വർഗ്ഗീയത പ്രചരിപ്പിച്ച് അവർ നേടിയ വോട്ടുകളാണ്. അത് അടുത്ത തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമെന്ന് അവർക്കറിയാം. ഇനിയും വിജയിക്കാൻ വേണ്ട വോട്ടുകൾ വെറും അഞ്ചോ പത്തോ ശതമാനം കൂടി മതി. അതിനായി അവർ ആദ്യം ഉപയോഗിക്കുന്നത് കേരളത്തിലും ഇന്ത്യയിലും ഇല്ലാതായികൊണ്ടിരിക്കുന്ന കോൺഗ്രസ്സിലെ നേതാക്കളെ തന്നെയായിരിക്കും. ഇനിയും കേരളത്തിലെ കോൺഗ്രസ്സിൽ നിന്നുകൊണ്ട് യാതൊരു പ്രയോജനം ഇല്ല എന്ന് പ്രചരിപ്പിച്ചുകൊണ്ട് അവർ കോൺഗ്രസ്സ് നേതാക്കളിൽ പലരേയും കോടികൾ നൽകി ബി ജെ പിയിൽ എത്തിക്കും.

ചെറിയ ചെറിയ പാർട്ടികളിലെ എം എൽ എ മാരെയും നേതാക്കളെയും വിലയ്‌ക്കെടുക്കും. വിദ്യാസമ്പന്നർ എന്നും, നിക്ഷപക്ഷർ എന്നും തോന്നിക്കുന്ന ആളുകൾക്ക് പല അവാർഡുകളും , സ്ഥാനമാനങ്ങളും നൽകി ബി ജെ പിയിൽ എത്തിക്കും. അഴിമതിക്കാരായ നേതാക്കളെ സി ബി ഐ , ഇ ഡി പോലെയുള്ള സംവിധാനങ്ങളെ വച്ച് ഭീക്ഷണിപ്പെടുത്തി ബി ജെ പിയിൽ എത്തിക്കും. പണം നൽകി ബി ജെ പി അനുകൂല വാർത്തകൾ നൽകാൻ കഴിയുന്ന മാധ്യമങ്ങളെ ഉപയോഗപ്പെടുത്തും അല്ലെങ്കിൽ പുതിയവ ഉണ്ടാക്കും. പല ജാതി മത സംഘടനകളിലെയും പുരോഹിതരേയും മറ്റ് നേതാക്കളെയും ഞങ്ങളാണ് ന്യുനപക്ഷ സംരക്ഷകർ എന്ന് പറഞ്ഞു ബി ജെ പി കൂടെ കൂട്ടും. അങ്ങനെ അടുത്ത ഇലക്ഷനിൽ ജയിക്കാൻ ആവശ്യമായ നിസ്സാര വോട്ടുകൾ അവർ നേടിയെടുക്കും. ഇതേ രീതി നടപ്പിലാക്കിയാണ് അവർ ഇന്ത്യയിൽ  മിക്ക സംസ്ഥാനങ്ങളിലും ഭരണം നേടിയിരിക്കുന്നത്.

ഇത് കോൺഗ്രസ്സ് നേതാക്കളെ ഉപയോഗപ്പെടുത്തി കേരളത്തിൽ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ അവർ ഉടൻ ആരംഭിക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച ഏക സീറ്റായ നേമം ഇല്ലാതായല്ലോ എന്ന ആശ്വാസത്തിലാണ് എല്ലാവരും ഇപ്പോൾ എന്നാൽ ഇക്കുറി ബി ജെ പി ക്ക് എം എൽ എ മാരെ കിട്ടിയില്ലെങ്കിലും അവർക്ക് മറ്റ് സംസ്ഥാനങ്ങളിലെ പോലെ എം എൽ എ മാരെ ഉണ്ടാക്കുവാനുള്ള ഏറ്റവും നല്ല രാഷ്ട്രീയ സാഹചര്യം കേരളത്തിൽ ഉണ്ടായിരിക്കുന്നു എന്നാണ് തിരിച്ചറിയേണ്ടത്. ഇടതുപക്ഷ വിരുദ്ധരായ കോൺഗ്രസ് നേതാക്കൾ ഭരണം കിട്ടിയില്ലെങ്കിൽ ബി ജെ പിയിലേയ്ക്ക് പോകും എന്ന് പറഞ്ഞതിനെ നിസ്സാരമായി കാണരുത്.

ബി ജെ പിയെയും ഇടതുപക്ഷത്തെയും എതിർക്കുന്ന എല്ലാ കൂട്ടായ്മകൾക്കും ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുന്ന നല്ലൊരു ക്രിയാത്മക പ്രതിപക്ഷ കൂട്ടായ്മ കേരളത്തിൽ ഉടൻ ഉണ്ടാകണം. അങ്ങനെ ബി ജെ പിയുടെ രാഷ്ട്രീയ കച്ചവടത്തിന് തടയിടണം.  ആ കൂട്ടായ്മ ബി ജെ പി യുടെ എല്ലാത്തരം ജനവിരുദ്ധ നിലപാടുകളെയും തുറന്ന് കാട്ടുന്ന രീതിയിൽ പ്രവർത്തിക്കണം , അതോടൊപ്പം ബി ജെ പി യിലെയും കോൺഗ്രസ്സിലെയും നിക്ഷപക്ഷരായ ആളുകളെ ആകർഷിക്കാൻ കഴിയുന്ന രീതിയിലുള്ള മാതൃകാപരമായ ഭരണം ഇടതുപക്ഷ മന്ത്രിസഭയിൽ നിന്ന് ഉണ്ടാകണം. അതോടൊപ്പം ദേശീയ തലത്തിൽ ഒന്നിക്കാവുന്ന എല്ലാത്തരം പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പ്രതിപക്ഷ കൂട്ടയ്മയ്ക്ക് വഴിയൊരുക്കുവാൻ കേരളം മുൻകൈയ്യെടുക്കണം. ഇല്ലെങ്കിൽ മറ്റ്  സംസ്ഥാനങ്ങളിലെപ്പോലെ ബി ജെ പി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യ ഒട്ടാകെ നടപ്പിലാക്കിയ അതേ കപട രാഷ്ട്രീയ തന്ത്രം കേരളത്തിലും നടപ്പിലാക്കുമെന്നുറപ്പാണ്.