ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാട് ആരോപണങ്ങൾ സംബന്ധിച്ച കേസിൽ മുൻനിര ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു.

സെപ്റ്റംബർ 25 നാണ് ദീപിക ഏജൻസിക്ക് മുൻപിൽ ഹാജരാവേണ്ടത്. ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവർ 26 നും എൻസിബിയിൽ ഹാജരാവണം.

കേസിൽ ദീപിക പദുകോണിന്റെ മാനേജരായ കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനും എൻസിബി നടപടി സ്വീകരിച്ചിരുന്നു. കരിഷ്മ പ്രകാശിനൊപ്പം അവർ ജോലിചെയ്യുന്ന ക്വാൻ ടാലന്റ് മാനേജ്മെന്റ് ഏജൻസിയുടെ സി ഇഒ ആയ ധ്രുവ് ചിത്ഗോപേക്കറിനും എൻസിബി ചൊവ്വാഴ്ച സമൻസ് അയച്ചിരുന്നു. സാറാ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സിമോൺ ഖമ്പട്ട എന്നിവർക്ക് ഈ ആഴ്ച തന്നെ സമൻസ് അയക്കുമെന്നും എൻസിബി ഡെപ്യൂട്ടി ഡയറക്ടർ കെ പി എസ് മൽഹോത്ര പറഞ്ഞിരുന്നു.

കരിഷ്മ പ്രകാശും “ഡി” എന്ന ഒരാളും തമ്മിൽ നടന്നതായി പറയപ്പെടുന്ന വാട്ട്‌സ്ആപ്പ് സംഭാഷണങ്ങളിൽ മയക്കമരുന്നിനെക്കുറിച്ച് ചർച്ച ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് കേസിൽ ദീപികയുടെ പേര് ഉയർന്നുകേട്ടതെന്നാണ് വിവരം. ചൊവ്വാഴ്ചയാണ് കരീഷ്മ പ്രകാശ് എൻസിബിക്ക് മുന്നിൽ ഹാജരാവേണ്ടിയിരുന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് അവർ ഹാജരായിരുന്നില്ല. ഏജൻസിക്ക് മുൻപാകെ ഹാജരാവുന്നതിന് അവർക്ക വെള്ളിയാഴ്ച വരെ സമയം അനുവദിച്ചിട്ടുണ്ട്.

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രബർത്തിയെ സെപ്റ്റംബർ 6 നും 9 നും ഇടയിൽ ഏജൻസി ചോദ്യം ചെയ്ത സമയത്ത് അവർ സാറയുടെയും രാകുൽ പ്രീതിന്റെയും ഡിസൈനർ സിമോൺ ഖമ്പട്ടയുടെയും പേര് പറഞ്ഞതായി എൻ‌സി‌ബി പറയുന്നു. അവരുമായി എന്ത് ബന്ധമാണന്നാണ് റിയ ചോദ്യം ചെയ്യലിൽ പറഞ്ഞിരിക്കുന്നതെന്ന കാര്യം അൻന്വേഷണ ഏജൻസി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌‌പുതിന്റെ ടാലന്റ് മാനേജർ ജയ സാഹയെ ചൊവ്വാഴ്ചയും എൻസിബി ചോദ്യം ചെയ്തിരുന്നു. തുടർച്ചയായ രണ്ടാം ദിവസമാണ് ചോദ്യം ചെയ്യൽ.

ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഇതുവരെ റിയയും സഹോദരനും ഉൾപ്പെടെ 19 പേരെ എൻ‌സി‌ബി അറസ്റ്റ് ചെയ്തിട്ടുണ്ട്.