ന്യൂസ് ഡെസ്ക്

400 ലേറെ സ്കൂളുകൾ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ലണ്ടൻ, മാഞ്ചസ്റ്റർ, നോർത്ത് യോർക്ക് ഷയർ എന്നിവിടങ്ങളിൽ സ്കൂളുകൾ ഒഴിപ്പിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് സ്കൂളുകളിൽ ഇ മെയിൽ വഴി സന്ദേശം എത്തിയത്. ഇതിനെ തുടർന്ന് നിരവധി സ്കൂളുകൾ അടിയന്തിരമായി ഒഴിപ്പിച്ചു.  കംബ്രിയ, കേംബ്രിഡ്ജ് ഷയർ, ഈസ്റ്റ് യോർക്ക് ഷയർ, ഹെറ്റ്ഫോർഡ് ഷയർ, ലിങ്കൺഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ്, ഡെർബിഷയർ, എവൺ, സോമർസെറ്റ് എന്നിവിടങ്ങളിൽ സ്കൂളുകൾക്കും കോളജുകൾക്കും ഇ മെയിൽ ഭീഷണി ലഭിച്ചിട്ടുണ്ട്. ഹംബർസൈഡ് ഏരിയയിൽ 19 സ്കൂളുകളിൽ ബോംബ് ഭീഷണി എത്തിയതായി പോലീസ് സ്ഥിരീകരിച്ചു.

ഇത് എല്ലാവർക്കുള്ള സന്ദേശമാണ്. ബോംബുമായി ഒരു സ്റ്റുഡന്റിനെ അയയ്ക്കും. ഇത് മൂന്നു മണിക്കൂറിനുള്ളിൽ പൊട്ടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. 5000 യു എസ് ഡോളർ വെൽറ്റ് പിവിപിയിലേക്ക് അയയ്ക്കുക. പണം അയയ്ക്കുന്നില്ലെങ്കിൽ സ്ഫോടനം നടത്തും. പോലീസിനെ അറിയിക്കാൻ ശ്രമിച്ചാൽ ഉടൻ സ്ഫോടനം  നടക്കും. നിർവീര്യമാക്കാൻ ശ്രമിച്ചാലും സ്ഫോടനം ഉണ്ടാകും. എന്നായിരുന്നു ഇമെയിൽ മുന്നറിയിപ്പ്.

മാഞ്ചസ്റ്ററിലെ നിരവധി സ്കൂളുകൾ ഭീഷണിയെത്തുടർന്ന് ലോക്ക് ഡൗൺ ചെയ്തു. ഓൾഡാം, ടേം സൈഡ്, റോച്ച്ഡേൽ എന്നിവിടങ്ങളിലെ സ്കൂളുകളിൽ ഭീഷണിയെ തുടർന്ന് പോലീസ് നടപടിയെടുത്തു.  ഗെയിമിം കമ്പനിയായ വെൽപ് പിവിപിയുടെ അക്കൗണ്ടിൽ നിന്നാണ് ഇ മെയിൽ അയച്ചിരിക്കുന്നത്. എന്നാൽ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് സംശയിക്കുന്നതായി കമ്പനി വിശദീകരണം നല്കി. രണ്ടു വിഭാഗം മൈൻക്രാഫ്റ്റ് ഗെയിമേഴ്സ് തമ്മിലുള്ള കുടിപ്പകയാണ് ഈ വ്യാജ മെയിൽ ഭീഷണിയ്ക്ക് പിന്നിലെന്ന് കരുതുന്നു.