ആതിര സരാഗ്

“സമീറാ… നീ കരുതുംപോലെ പണത്തിന്റെ ഇല്ലായ്മയിൽനിന്നുള്ള കലഹത്തിന്റെ പേരല്ല വിപ്ലവം എന്നത്. ഇല്ലായ്മയിൽ നിന്ന് ആത്യന്തികമായി ഉണ്ടാവുന്നത് നിരാശയും ഭഗ്നാശയും മാനസിക തകർച്ചയും അന്യനോടുള്ള പകയും ഒക്കെയാണ്.
. . . . . . . . . . . . . . .
എന്നാൽ ഒരുവന്റെ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തിൽനിന്ന് ഉയർന്നുവരുന്ന ഒരു സമത്വബോധമുണ്ട്. നിനക്കൊപ്പം തുല്യനായിരിക്കാൻ എനിക്കും അവകാശമുണ്ടെന്ന ബോധം. അതു തന്റെ ഇല്ലായ്മയെ ഓർത്തുള്ള പകയല്ല. ഉള്ളവനോടുള്ള അസൂയയുമല്ല. തന്റെ അവകാശങ്ങളെക്കുറിച്ചുള്ള ബോധ്യങ്ങളാണ്. അതാണ് യഥാർത്ഥ വിപ്ലവം സൃഷ്ടിക്കുന്നത്. ” (മുല്ലപ്പൂ നിറമുള്ള പകലുകൾ)

“ചിലരുടെ അസാന്നിധ്യത്തിലേ അവരുടെ വില നമുക്ക് മനസ്സിലാവൂ. അതുവരെ അവർ പരിഹസിക്കപ്പെടാനും സംശയിക്കപ്പെടാനും അവഗണിക്കപ്പെടാനും മാത്രമുള്ളവരാണ്.” (അൽ അറേബ്യൻ നോവൽ ഫാക്ടറി)

അറേബ്യൻ രാജ്യങ്ങളിലെ മുല്ലപ്പൂ വിപ്ലവത്തെ പശ്ചാത്തലമാക്കി ബെന്യാമിൻ രചിച്ച ഇരട്ട നോവലുകളായ അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ എന്നിവയിലെ വരികളാണിവ.
വായനക്കാരനെ തന്റെ അക്ഷരങ്ങൾക്കുള്ളിൽ പിടിച്ചിടുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട് എന്ന് ഈ നോവലുകൾ വായിക്കുന്ന ഏതൊരു വായനക്കാരനും അംഗീകരിക്കും.
ഒരുമിച്ച് പ്രസിദ്ധീകരിച്ച ഈ നോവലുകൾ ഒറ്റപ്പെട്ട വായനക്ക് യോഗ്യമാണെങ്കിലും അൽ അറേബ്യൻ നോവൽ ഫാക്ടറി ആദ്യത്തേത് എന്നും  മുല്ലപ്പൂ നിറമുള്ള പകലുകൾ രണ്ടാമത്തേത് എന്നും കണക്കാക്കാവുന്നതാണ്.

കാനഡയിൽ സ്ഥിരതാമസമാക്കിയ പ്രതാപ് എന്ന മലയാളി പത്രപ്രവർത്തകന് വളരെ യാദൃശ്ചികമായാണ് ഒരു മധ്യപൂർവ്വേഷ്യൻ രാജ്യത്തേക്ക് പോകേണ്ടി വരുന്നത്. ഈ യാത്രയേയും ഇതിനിടയിൽ പ്രതാപ് വായിക്കുവാൻ ഇടയാക്കുന്ന ഒരു പുസ്തകത്തെ ചുറ്റിപ്പറ്റിയാണ് ‘അൽ അറേബ്യൻ നോവൽ ഫാക്ടറി’ എന്ന നോവൽ.

ഒരു വിദേശ നോവലിസ്റ്റിനായി നോവൽരചനയ്ക്കാവശ്യമായ വിവരശേഖരണത്തിനായിയാണ് പത്രസ്ഥാപനം പ്രതാപിനെ നിയോഗിക്കുന്നതെങ്കിലും തന്റെ പഴയകാല നഷ്ടപ്രണയം ആ നഗരത്തിൽ ഉണ്ട് എന്ന തിരിച്ചറിവാണ് അയാൾ അങ്ങോട്ട് പോകുവാൻ പ്രേരിപ്പിക്കുന്നത്. ആനന്ദത്തിന്റെ നഗരം എന്ന പേരിൽ അറിയപ്പെടുന്ന നഗരത്തിൽ കഴിയവേ വളരെ യാദൃശ്ചികമായ അനുഭവങ്ങളിലൂടെ പ്രതാപ് കടന്നുപോകുന്നു. ഒരു സഹപ്രവർത്തകന്റെ  മുറിയിൽ നിന്നും ലഭിക്കുന്ന ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം അയാളുടെ ജീവിതത്തെ പരിപൂർണ്ണമായി മാറ്റിമറിക്കുന്നു. മുല്ലപ്പൂ വിപ്ലവം ശക്തമായിരുന്ന കാലഘട്ടത്തിൽ നഗരത്തിൽ ആർ ജെ ആയി  ജോലി നോക്കിയ സമീറ പർവീൺ എന്ന പാക്കിസ്ഥാനി പെൺകുട്ടി രചിച്ച ആ പുസ്തകം കാലഘട്ടത്തിന്റെ യഥാർത്ഥ ദുരന്തമുഖം വെളിപ്പെടുത്തുന്നതായിരുന്നു. എന്നാൽ രാജ്യത്ത് നിരോധിച്ച ആ പുസ്തകം പൂർണമായും വായിക്കുവാൻ പ്രതാപിന് സാധിക്കാതെ വരികയും സമീറയ്ക്ക് എന്ത് സംഭവിച്ചു എന്ന തുടരന്വേഷണവുമാണ് നോവലിന്റെ ബാക്കി ഭാഗങ്ങൾ.

ഉദ്യോഗജനകമായ അവതരണം നോവലിന്റെ കഥാഗതിയെയും ആശയത്തെയും ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. സാധാരണയായി മലയാളത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന മധ്യപൂർവേഷ്യൻ രാജ്യങ്ങളുടെ ചരിത്രവും പോരാട്ടവും തുറന്നുകാട്ടുവാൻ നോവിലിനു  സാധിച്ചിട്ടുണ്ട് എന്ന് പറയാം. സ്വെച്ഛാധിപത്യതിന്റെ അവസാനം പ്രതീക്ഷിച്ച് നടത്തുന്ന സമരങ്ങളും അതിനു പിന്നിലെ ക്രൂരസത്യങ്ങളും നിരപരാധികളായ ആയിരങ്ങളുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും നോവലിൽ പ്രതിപാദിക്കുന്നു. ചെയ്യുവാൻ പോകുന്ന ജോലിയോ തിരഞ്ഞു വന്ന പ്രണയമോ മറന്ന് പ്രതാപ് സമീരയെ  കണ്ടെത്തുവാൻ നടത്തുന്ന ഓരോ ശ്രമങ്ങളും വായനക്കാരുടെയും ശ്രമങ്ങളായി  മാറുകയാണ്.

അന്വേഷണമാണ്  ‘അൽ അറേബ്യൻ നോവൽ ഫാക്ടറിയുടെ’ ശൈലിയെങ്കിലും  ഉത്തരം പറച്ചിലാണ് ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന പുസ്തകം. പാകിസ്ഥാനിൽ നിന്നും തന്റെ അച്ഛനൊപ്പം കഴിയുവാനായി  നഗരത്തിലെത്തിയ സമീറ ആർജെയുടെ
സ്ഥാനം സ്വീകരിക്കുകയും വളരെ യാദൃശ്ചികമായി ഒരു ജനമുന്നേറ്റത്തിന്റെ  ഭാഗമായി മാറുന്നു. ആനന്ദം എന്ന പുറംതൊലിക്കുള്ളിൽ സ്വേച്ഛാധിപത്യത്തിന്റെ മൃഗമാണ് ആ നഗരത്തിൽ ഒളിച്ചിരിക്കുന്നത് എന്ന് സമീറ മനസ്സിലാക്കുന്നു. മജസ്റ്റിയുടെയും കാവൽ പൊലീസിന്റെയും ഗൂഢലക്ഷ്യങ്ങളും അതിക്രൂരമായ ശിക്ഷാനടപടികളും അടിച്ചമർത്തൽ രീതികളും ഞെട്ടലോടെയാണ് സമീറ  നോക്കിക്കാണുന്നത്.

താൻ കണ്ടതും അനുഭവിച്ചതുമായ
കാര്യങ്ങൾ എഴുതിയിടുമ്പോൾ വലിയ അപകടത്തിലേക്കാണ് പോകുന്നത് എന്ന് സമീറ തിരിച്ചറിഞ്ഞില്ല. സാധരണ ജനതയെ വെറും നോക്കുകുത്തിയാക്കി നിർത്തി മുന്നോട്ട് പോകുന്ന ഭരണസംവിധാനം എതിരെ വരുന്ന പ്രതിക്ഷേധങ്ങളെ എത്ര ക്രൂരവും അവിശ്വസനീയവുമായ രീതിയിലാണ് അടിച്ചമർത്തുന്നത് എന്ന് സമീറയുടെ വിവരണത്തിൽ വ്യക്തമാണ്.
ഈ കാരണത്താൽ ഭരണകൂടത്തിന്റെ ശത്രുവായി മുദ്ര കുത്തപെടുന്ന സമീറ കടന്നുപോകേണ്ടി വരുന്ന അവസ്ഥകളും നോവലിൽ വിവരിക്കുന്നു. ആ രാജ്യത്ത് വിലക്കപെട്ട സമീറയുടെ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ’ എന്ന പുസ്തകം സ്വതന്ത്ര പരിഭാഷയിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിയ്ക്കുക എന്ന ഉദ്യമം ബെന്യാമിനെ ഏൽപ്പിക്കുന്നത് പ്രതാപാണ്. കുടുംബം പോലും ഭരണകൂടത്തെ ഭയന്ന് സമീറയെ ഒറ്റപ്പെടുമ്പോൾ നീതിയുടെയും സത്യത്തിന്റെയും സ്വരമായി മാറുകയാണ് അവൾ.

വിപ്ലവത്തിന്റെ പറയപ്പെടാത്ത പോകുന്ന മുഖങ്ങൾ, ഏകാധിപത്യവും മതാധിപത്യവും ഒരു സാധാരണജനതയെ കൊണ്ടെത്തിക്കുന്ന അവസ്ഥാന്തരങ്ങൾ, മനുഷ്യന്റെ നിലനിൽപ്പിനായുള്ള പോരാട്ടം എന്നിവ വളരെ തൻമയത്വത്തോടെ നോവലുകളിൽ അവതരിപ്പിച്ചിരിക്കുന്നു. ഒന്നു വായിച്ചാൽ മറ്റേത് വായിക്കാതെ ഇരിക്കാനാവില്ല എന്ന നിലയിലേക്കു വായനക്കാരനെ എത്തിക്കുവാൻ ബെന്യാമിന് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും ചരിത്രവും യാഥാർത്ഥ്യവും ഇടകലർന്ന ഒരു പുതിയലോകം വായനക്കാരനു മുൻപിൽ തുറന്നിടുകയാണ് അദ്ദേഹം തന്റെ ഇരട്ട നോവലുകളിലൂടെ.

 

 

ആതിര സരാഗ്

ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബിഎഡും കരസ്ഥമാക്കി തൃശ്ശൂർ സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂളിൽ സേവനമനുഷ്ഠിച്ചു. വായനയിലും സാഹിത്യരചനയിലും തല്പര. സ്കൂൾ – കോളേജ് തലങ്ങളിൽ കലാമത്സരങ്ങളിൽ വിജയി. ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനി.