ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് സയൻസ് , എചിനീയറിംഗ് , ടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ആകർഷിക്കാനായി പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ ഉടൻ പ്രഖ്യാപിക്കും . യുകെയിലേയ്ക്ക് സാങ്കേതിക വിദഗ്ധരെയും ശാസ്ത്രജ്‌ഞരെയും ആകർഷിക്കാനായിട്ട് ടാലന്റ് വിസയുടെ പരിധി നിർത്തലാക്കുകയും അതോടൊപ്പം തന്നെ ആശ്രിതവിസയിൽ വരുന്നവർക്ക് യുകെയിൽ ജോലി ചെയ്യുവാനുള്ളഅവസരം ഉണ്ടായിരിക്കുകയും ചെയ്യും . ഇതുകൂടാതെ വിസ ലഭിക്കുന്നതിനായി യുകെയിൽ വരുന്നതിനു മുൻപു തന്നെ തൊഴിൽ ലഭിച്ചിരിക്കണം എന്ന നിബന്ധന നീക്കം ചെയ്യാനും സർക്കാർ ആലോചിക്കുന്നു .

ലോകത്തിലെ ഏറ്റവും മികച്ച ആഗോള പ്രതിഭകളെ യുകെയിലേയ്ക്ക് ആകർഷിക്കുന്നതിനായി ബ്രിട്ടൻെറ സമ്പദ് വ്യവസ്ഥ ഏറ്റവും സമ്പന്നമായി മാറണമെന്ന് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പാട്ടീൽ പറഞ്ഞു .  യുകെയിലേയ്ക്ക് വരുന്നവർ രാജ്യത്തിന് എത്രമാത്രം സംഭാവന നൽകാൻ പ്രാപ്തരാണ് എന്നതിനെകുറിച്ച് പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനം ഏർപ്പെടുത്താൻ ആഗ്രഹിക്കുന്നെന്ന് പട്ടേൽ പറഞ്ഞു . ഈ വർഷം അവസാനം ഫാസ്റ്റ് ട്രാക്ക് സംവിധാനം നിലവിൽ വരണമെന്നാണ് ഗവൺമെൻറ് ആഗ്രഹിക്കുന്നത് .ബ്രെക്സിറ്റ്‌ മുഖ്യ തിരഞ്ഞെടുപ്പ് വിഷയം ആക്കിയ ബോറിസ് ജോൺസൻ തൻെറ തെരഞ്ഞെടുപ്പ് പ്രചരണ സമയത്തെല്ലാം ഓസ്‌ട്രേലിയൻ രീതിയിലുള്ള പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനത്തിനുവേണ്ടി വാദിച്ചിരുന്നു .