വെടിയേറ്റ് മരിച്ച മുത്തച്ഛന്റെ മൃതദേഹത്തിന് മുകളിൽ കയറിയിരുന്ന് നിലവിളിച്ച മൂന്നുവയസുകാരനെ സൈന്യം സാഹസികമായി രക്ഷപ്പെടുത്തി. ഈ ചിത്രം ഇപ്പോൾ രാജ്യമെങ്ങും കണ്ണീരോടെ പങ്കുവയ്ക്കുകയാണ്. ജമ്മു കശ്മീരിലെ സോപോറിൽ ഇന്ന് രാവിലെ ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിന് ഇടയിലാണ് സംഭവം.

സിആർപിഎഫ് പട്രോൾ സംഘത്തിന് നേരെ ഭീകരവാദികൾ വെടിവെച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യുവരിച്ചു. ഇതിനിടയിൽ സ്ഥലത്തുണ്ടായിരുന്ന മുത്തച്ഛനും മൂന്നുവയസുകാരൻ കൊച്ചുമോനും വെടിവയ്പ്പിന് ഇടയിൽപ്പെട്ടുപോയി. ഭീകരുടെ വെടിയേറ്റ് കൊച്ചുമകന്റെ മുന്നിൽ തന്നെ മുത്തച്ഛൻ വീഴുകയായിരുന്നു. ഇതോടെ ഭയന്നുപോയ കുട്ടി മുത്തച്ഛന്റെ മൃതദേഹത്തിന് മുകളിൽ കയറിയിരുന്ന് നിലവിളിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട ജവാൻ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഇപ്പോൾ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

അവിചാരിതമായ ഒരു ആക്രമണമാണ് തങ്ങളുടെ പെട്രോളിങ് സംഘത്തിന് നേരെ ഉണ്ടായതെന്ന് സോപോറിലെ സിആർപിഎഫ് വക്താവ്  പറഞ്ഞു. സിആർപിഎഫിന്റെ 179-ാം ബറ്റാലിയന്റെ ജവാന്മാർക്ക് നേരെയാണ് രാവിലെ 7.35 അടുപ്പിച്ച് ആക്രമണം നടന്നത്.