കോപ്പ അമേരിക്കയിൽ ജയത്തുടക്കവുമായി വമ്പന്മാരായ ബ്രസീൽ. ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെയാണ് ബ്രസീൽ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം. ഫിലിപ്പെ കുട്ടിഞ്ഞോയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്കയുടെ ചരിത്രത്തിലെ ബ്രസീലിന്റെ 100-ാം ജയം കൂടിയാണ് സാവോ പോളയിൽ പിറന്നത്.

പരമ്പരാഗത മഞ്ഞ ജേഴ്സിക്ക് പകരം വെള്ളയും നീലയും ജേഴ്സിയിൽ ഇറങ്ങിയ ബ്രസീൽ മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം കണ്ടെത്തി. എന്നാൽ വിരസമായ ആദ്യ പകുതിയിൽ ഗോൾ കണ്ടെത്താൻ ഇരു ടീമുകൾക്കും സാധിച്ചില്ല. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ ഫിർമിഞ്ഞോയും കുട്ടിഞ്ഞോയും അടങ്ങുന്ന വമ്പന്മാരുടെ നിരക്ക് സാധിച്ചില്ല. പരിക്കേറ്റ് പുറത്തായ നായകൻ നെയ്മറിന്റെ അഭാവം മത്സരത്തിൽ വ്യക്തമായിരുന്നു. കളി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിൽ ബ്രസീൽ തുടർച്ചയായി പരാജയപ്പെട്ടു.

ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോളിലൂടെയും ബ്രസീൽ കളിയിൽ ആധിപത്യം സൃഷ്ടിച്ചു. 50-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രസീൽ മത്സരത്തിൽ മുന്നിലെത്തിയത്. ബൊളീവിയയുടെ മധ്യനിര താരം ജസ്റ്റീനിയായുടെ കൈയ്യിൽ പന്ത് തട്ടിയതോടെ റഫറി അനുവദിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കുട്ടിഞ്ഞോ കോപ്പയിലെ ആദ്യ ഗോൾ സ്വന്തം അക്കൗണ്ടിൽ ചേർത്തു.

രണ്ടാം ഗോളിനായി കാത്തിരിക്കേണ്ടി വന്നത് മൂന്ന് മിനിറ്റ്. 53-ാം മിനിറ്റിൽ വീണ്ടും കുട്ടിഞ്ഞോയുടെ ഗോൾ. ബൊളീവിയൻ പ്രതിരോധം തകർത്ത് ഫിർമിഞ്ഞോ നൽകിയ പാസ് ക്ലോസ് റേഞ്ചിൽ നിന്ന് വലയിലെത്തിച്ച് ബ്രസീലിന്റെ ലീഡ് കുട്ടീഞ്ഞോ രണ്ടായി ഉയർത്തി. രണ്ട് ഗോൾ വഴങ്ങിയതോടെ സമ്മർദ്ദത്തിലായ ബൊളീവിയയെ ഞെട്ടിച്ച് എവർട്ടന്റെ വക മൂന്നാം ഗോൾ. മത്സരത്തിന്റെ 85-ാം മിനിറ്റിലായിരുന്നു എവർട്ടന്റെ വലംകാൽ ഷോട്ട് ബ്രസീൽ ഗോൾ പട്ടിക പൂർത്തിയാക്കിയത്.