ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

ലണ്ടൻ : ബ്രെക്സിറ്റ് വിഷയത്തിൽ ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിൽ പുതിയ കരാറിന് ധാരണയായി.ബ്രസൽസിൽ യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പേ യൂറോപ്യൻ കമ്മീഷൻ പ്രസിഡണ്ട് ജീൻ ക്ലോഡ് ജങ്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.യൂറോപ്യൻ യൂണിയനുമായി പുതിയ കരാറിൽ എത്തിയെന്നു പ്രധാനമന്ത്രി ജോൺസണും വ്യക്തമാക്കി. ശനിയാഴ്ച നടക്കുന്ന ബ്രിട്ടീഷ് പാർലമെന്റ് സമ്മേളനം കരാറിന് അംഗീകാരം നൽകുമെന്നും അതിനായി എംപിമാർ എല്ലാവരും ഒന്നിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി. അവർ പിന്തുണ നിഷേധിക്കുകയും ചെയ്തു. ഡിയുപിയുടെ എതിർപ്പ് ഈ ബ്രെക്സിറ്റ്‌ കരാറിനെ എങ്ങനെ ബാധിക്കുമെന്ന് കാണേണ്ടിയിരിക്കുന്നു.

നവംബർ ഒന്ന് മുതൽ ബ്രിട്ടനുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുമെന്ന് ജങ്കർ പറഞ്ഞു. പുതിയ കരാര്‍ യുറോപ്യന്‍ യൂണിയനിലെ മറ്റ് അംഗരാജ്യങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കരാർ വടക്കൻ അയർലണ്ടിന് ഗുണകരം ആയിരിക്കില്ല എന്നാണ് ഡിയുപി വാദിച്ചത്. ഇപ്പോഴും ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരാണ് ഡെമോക്രാറ്റിക് പാര്‍ട്ടി. തീരുമാനത്തെ അംഗീകരിക്കാനാവില്ലെന്ന് ഡെമോക്രാറ്റുകള്‍ വ്യക്തമാക്കി. മേയുടെ കരാറിനേക്കാൾ മോശപ്പെട്ട ഒന്നാണിതെന്ന് ജെറമി കോർബിൻ അഭിപ്രായപ്പെട്ടു. അതിനാൽ എംപിമാർ ഇത് നിരസിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കരാറോടെയോ അല്ലാതെയോ അന്തിമ സമയപരിധിയായ ഒക്ടോബർ 31നകം ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ബോറിസ് ജോൺസൺ ഉറപ്പിച്ചു പറഞ്ഞിരുന്നു. സമയപരിധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് കരാർ സംബന്ധിച്ച ധാരണയിലേക്ക് ബ്രിട്ടനെത്തുന്നത്. ഈ ശനിയാഴ്ച കൂടുന്ന പാർലമെന്റ് യോഗമാണ് ഇനി ബ്രിട്ടന്റെ ഭാവി നിശ്ചയിക്കുന്നത്.